'കോപ്' ഉച്ചകോടി: നഗരം പരിപാലിക്കാൻ 'ബീഅ'
text_fieldsഷാർജ: പരിസ്ഥിതിവിഷയങ്ങൾ ഉച്ചത്തിൽ മുഴങ്ങുന്ന അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉച്ചകോടിയുടെ (കോപ്) അടുത്ത വേദിയായ നഗരം പരിപാലിക്കാൻ ഷാർജയുടെ പരിസ്ഥിതി മാനേജ്മെന്‍റ് കമ്പനിയായ 'ബീഅ' കരാറിലൊപ്പിട്ടു. നവംബറിലെ കോപ്-27ന് വേദിയാകുന്ന ഈജിപ്ഷ്യൻ പട്ടണമായ ശർമ് അൽശൈഖിന്‍റെ പരിസ്ഥിതി പരിപാലനത്തിന് ഗ്രീൻ പ്ലാനറ്റ് എന്ന കമ്പനിയുമായാണ് കരാറിലെത്തിയത്. ഈജിപ്ഷ്യൻ കമ്പനിയായ ഗ്രീൻ പ്ലാനറ്റുമായുള്ള കരാറനുസരിച്ച് ഉച്ചകോടിക്ക് മുമ്പും ശേഷവുമായി 10 വർഷം സേവനം ലഭ്യമാക്കും. ആധുനിക സൗകര്യങ്ങളുള്ള റിസോർട്ട് നഗരമായ ശർമ് അൽശൈഖിന്‍റെ പരിസ്ഥിതി മികച്ചതാക്കുക എന്ന ഉത്തരവാദിത്തം 'ബീഅ'യെ ലോകോത്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതാക്കും.
പാരിസ്ഥിതിക സേവനങ്ങളിൽ വൈദഗ്ധ്യമുള്ള കമ്പനിയെന്ന നിലയിലാണ് 'ബീഅ'യുമായി ഗ്രീൻ പ്ലാനറ്റ് കരാറിലെത്തിയത്. ഭാവിയിൽ ഏറ്റവും മികച്ച മാലിന്യസംസ്കരണ രീതികൾ നടപ്പിലാക്കിയാണ് നഗരത്തിന് സംരക്ഷണവും വൃത്തിയും ഒരുക്കുക. മാലിന്യ സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങൾ, കാര്യക്ഷമമായ മാലിന്യശേഖരണ സംവിധാനങ്ങൾ, പുനരുപയോഗ സേവനങ്ങൾ എന്നിവ കരാർപ്രകാരം 'ബീഅ'യുടെ ചുമതലകളിൽ ഉൾപ്പെടും. തങ്ങളുടെ സേവനങ്ങളിലൂടെ നഗരം വൃത്തിയായി സൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും താമസക്കാർക്കും സന്ദർശകർക്കും വേണ്ടി ജീവിതനിലവാരം ഉയർത്തുകയുമാണ് ലക്ഷ്യമിടുന്നതെന്ന് 'ബീഅ' ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു. സേവനങ്ങളുടെ കാര്യക്ഷമതക്കും മാലിന്യസംസ്‌കരണത്തിനുമായി ഏറ്റവും പുതിയ മാനദണ്ഡങ്ങൾ ഉപയോഗപ്പെടുത്തുമെന്നും കമ്പനികൾ വ്യക്തമാക്കി. റേഡിയോ-ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ സംവിധാനവുമായി ബന്ധിപ്പിച്ച വേസ്റ്റ് ബിന്നുകളും ജി.പി.എസ് ബന്ധിപ്പിച്ച സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കാൻ പദ്ധതിയുണ്ട്. വിനോദസഞ്ചാരികളുടെ വലിയ ആകർഷകകേന്ദ്രമായ ശർമ് അൽശൈഖിലെ ഇന്‍റർനാഷനൽ കൺവെൻഷൻ സെന്‍ററിലാണ് മിക്ക രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന 'കോപ്-27' ഉച്ചകോടി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.