വിമാനവാതിൽ കൊട്ടിയടച്ചു; കണ്ണീർ കാഴ്ചയായി വിജയകുമാർ
text_fieldsദുബൈ: ആരുടെയെങ്കിലും യാത്ര മുടങ്ങണമെന്ന് ഇതിന് മുൻപ് ഒരിക്കൽ പോലും അയാൾ ആഗ്രഹിച്ചിട്ടുണ്ടാവില്ല. അവസാന നിമിഷം ഒരാളെങ്കിലും തനിക്കായി മാറിത്തരുമെന്നും ആ പാവം കൊതിച്ചിട്ടുണ്ടാവും. ദൗർഭാഗ്യമെന്ന് പറയെട്ട, രണ്ടും നടന്നില്ല. ഭാര്യയുടെ മൃതദേഹം ചിതയിലേക്കെടുക്കുന്നതിന് മുൻപ് നാടണയാൻ കൊതിച്ച് ദുബൈ വിമാനത്താവളത്തിൽ അലഞ്ഞു നടന്ന പാലക്കാട് കൊല്ലേങ്കാട് വിജയകുമാറിന് മുന്നിൽ എയർ ഇന്ത്യ വിമാനത്തിെൻറ വാതിലുകൾ കൊട്ടിയടക്കപ്പെട്ടു. നാല് ദിവസത്തിനപ്പുറം കൊച്ചിയിലേക്ക് പറക്കുന്ന വിമാനത്തിൽ വിജയകുമാറെത്തുമെന്ന പ്രതീക്ഷയിൽ ഗീതയുടെ സംസ്കാരം മാറ്റിവെച്ചിരിക്കുകയാണ്.
മക്കളില്ലാത്ത ദമ്പതികൾക്ക് എന്നും കൂട്ട് ഇവർ തന്നെയായിരുന്നു. മരണവാർത്ത അറിഞ്ഞത് മുതൽ വിജയകുമാർ എംബസി, കോൺസുലേറ്റ് അധികൃതരെ ബന്ധുപ്പെട്ടുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചത്തെ കൊച്ചി വിമാനത്തിൽ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത് നടക്കാതെ വന്നതോടെ കണ്ണൂർ വിമാനത്തിൽ ഒഴിവുവന്നാൽ കയറിപ്പറ്റാം എന്ന പ്രതീക്ഷയിൽ രാവിലെ എട്ടിന് തന്നെ ദുബൈ വിമാനത്താവളത്തിൽ എത്തി. ഒരു യാത്രക്കാരെൻറ മെഡിക്കൽ പരിശോധന ഫലം എതിരായതോെട വിജയകുമാറിെൻറ പേര് പരിഗണിച്ചിരുന്നു. എന്നാൽ, വീണ്ടും പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായി.
മറ്റൊരു യാത്രക്കാരന് എമിഗ്രേഷൻ പ്രശ്നമുണ്ടായെങ്കിലും അതും പിന്നീട് പരിഹരിക്കപ്പെട്ടു. കണ്ണൂർ വിമാനത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടതോടെ മംഗലാപുരം വിമാനത്തിലായിരുന്നു നോട്ടം. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കൊണ്ട് പോകാൻ കഴിയില്ല എന്ന് കർണാടകയിൽ നിന്നുള്ള ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ ഇൗ വാതിലും വിജയകുമാറിന് മുന്നിൽ കൊട്ടിയടക്കപ്പെട്ടു. സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളിയും അഡ്വ. ഹാഷിക് തൈക്കണ്ടിയുമാണ് വിജയകുമാറിന് സഹായിയായി കൂടെയുണ്ടായിരുന്നത്. മക്കളില്ലാത്ത വിജയകുമാറിന് അമ്മയും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളു. ദുഃഖഭാരത്തിൽ അമ്മക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആധിയിലാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.