വ്യാജ ചരക്കുകളെ നേരിട്ട് യു.എ.ഇ രാജ്യത്ത് കഴിഞ്ഞ വർഷം കസ്റ്റംസ് പിടികൂടിയത് 1,68,251 വ്യാജ ഉൽപന്നങ്ങൾ
text_fieldsഅബൂദബി: കഴിഞ്ഞ വർഷം ഫെഡറൽ കസ്റ്റംസ് അതോറിറ്റിയും യു.എ.ഇയിലെ പ്രാദേശിക കസ്റ്റംസ് വകുപ്പുകളും ചേർന്ന് പിടിച്ചെടുത്തത് 1,68,251 വ്യാജ ഉൽപന്നങ്ങൾ. ബൗദ്ധിക സ്വത്തവകാശ നിയമലംഘന പ്രകാരമാണ് പിടിച്ചെടുത്തത്. 67 നടപടികൾ വഴിയാണ് കഴിഞ്ഞ വർഷം മാത്രം ഇത്രയും വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനുള്ള യു.എ.ഇയുടെ താൽപര്യം കസ്റ്റംസ് കമീഷണറും എഫ്.സി.എ ചെയർമാനുമായ അലി സഇൗദ് മത്താർ അൽ നിയാദി സ്ഥിരീകരിച്ചു.
ദേശീയ അന്താരാഷ്ട്ര കമ്പനികളുടെ യഥാർഥ അവകാശങ്ങൾ ലംഘിക്കുന്ന വ്യാജ ചരക്കുകളെ യു.എ.ഇ കർശനമായി നേരിടും. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനുള്ള പ്രസക്തമായ അന്താരാഷ്ട്ര കരാറുകളിലും നിയമനിർമാണങ്ങളിലും ഏർപ്പെടുന്നു.യു.എ.ഇയിലെ കസ്റ്റംസ് സ്ഥാപനങ്ങൾ ലോക വ്യാപാരത്തിൽ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനുള്ള നിർണായക പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ജി.സി.സിയിലെ ഏകീകൃത കസ്റ്റംസ് നിയമവും കർശനമായ നിയന്ത്രണങ്ങളും കാരണം കസ്റ്റംസിെൻറ ഉത്തരവാദിത്തങ്ങളും അധികാരങ്ങളും വലുതാണ്. ബൗദ്ധിക സ്വത്തവകാശത്തിെൻറ ലംഘനങ്ങളുടെ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും യഥാർഥ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും യു.എ.ഇയിലെ കസ്റ്റംസ് മേഖല രാജ്യത്തിനകത്തും അന്താരാഷ്ട്ര വിതരണ ശൃംഖലയിലുമുള്ള ഒട്ടേറെ പ്രാദേശിക, ഫെഡറൽ സ്ഥാപനങ്ങളുമായും അധികാരികളുമായും സജീവമായി ഇടപഴകുന്നു.
വിവരങ്ങളും വൈദഗ്ധ്യവും പരസ്പരം പങ്കിടുന്നതിനുപുറമെ പ്രാദേശികവും ആഗോളവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള സംയുക്ത സമിതികളിലൂടെ ലക്ഷ്യം കൈവരിക്കാനും യോജിച്ചു പ്രവർത്തിക്കുന്നു. നിരോധിത വസ്തുക്കൾ ലക്ഷ്യമിടുന്നതിന് കസ്റ്റംസ് ഉപയോഗിക്കുന്ന റിസ്ക് മാനേജ്മെൻറ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു.
നിരോധിതവും വ്യാജവുമായ വസ്തുക്കൾ പിടികൂടാൻ സഹായിക്കുന്നതിന് രാജ്യത്തും ലോകമെമ്പാടുമുള്ള കസ്റ്റംസ് മേഖലയും തമ്മിലുള്ള പരസ്പര സഹകരണം പ്രധാനമാണ്. രാജ്യത്തിനകത്തും പുറത്തും കസ്റ്റംസ് വകുപ്പുകൾ നടത്തിയ ഒട്ടേറെ ഇടപെടലുകളും പരിശോധനകൾക്ക് കാരണമായി. ഈ സാഹചര്യത്തിൽ ഫെഡറൽ കസ്റ്റംസ് അതോറിറ്റി 15 കരാറുകളാണ് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.