കള്ളപ്പണ വിരുദ്ധ നടപടി നേരിട്ട് പരിശോധിക്കാൻ നിരീക്ഷണ ഏജൻസിക്ക് അനുമതി
text_fieldsദുബൈ: കള്ളപ്പണം വെളുപ്പിക്കലിനെതിരെ രാജ്യം സ്വീകരിച്ച നടപടികൾ നേരിട്ട് പരിശോധിക്കുന്നതിനായി അന്താരാഷ്ട്ര നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് (എഫ്.എ.ടി.എഫ്) യു.എ.ഇ അനുമതി നൽകി.
അടുത്ത വർഷം ഫെബ്രുവരിക്ക് മുമ്പ് യു.എ.ഇയിൽ സന്ദർശനം നടത്തുമെന്ന് വെള്ളിയാഴ്ച പാരിസിൽ നടന്ന യോഗത്തിൽ ഏജൻസി പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണത്തിനെതിരെ രാജ്യാന്തര തലത്തിൽ യു.എ.ഇ നടത്തുന്ന സഹകരണം നേരിട്ട് വിലയിരുത്താനുള്ള എഫ്.എ.എഫ്.ടിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി യു.എ.ഇ സഹമന്ത്രി അഹമ്മദ് അലി സായേഗ് പറഞ്ഞു.
എഫ്.എ.എഫ്.ടി.എയുടെ കർശന നിരീക്ഷണത്തിന് കീഴിലുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് യു.എ.ഇയെ ഒഴിവാക്കുന്നതിന് ഇത്തരം നടപടികൾ ആവശ്യമാണ്. കള്ളപ്പണം വെളുപ്പിക്കലിനെതിരെ സുസ്ഥിരവും കാര്യക്ഷമവുമായ നടപടികൾ കൈക്കൊള്ളുന്നതിനും ഭീകരവിരുദ്ധ ഫണ്ടിങ് തടയുന്നതിനും അത് പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കലിനെതിരെ നയങ്ങൾ വികസിപ്പിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനുമായി ജി7 രാജ്യങ്ങൾ മുൻകൈയെടുത്ത് രൂപവത്കരിച്ച സംഘടനയാണ് എഫ്.എ.ടി.എഫ്. കഴിഞ്ഞ വർഷം അവസാനത്തിൽ യു.എ.ഇയെ എഫ്.എ.ടി.എഫ് ചാരപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നിരീക്ഷണ സംഘത്തിന്റെ പരിശോധന വിജയിച്ചാൽ ഫെബ്രുവരിയിൽ നടക്കുന്ന അടുത്ത സെഷനിൽ ബാർബഡോസ്, ജിബ്രാൾട്ടർ, യുഗാണ്ട തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം യു.എ.ഇയെയും എഫ്.എ.ടി.എഫിന്റെ ചാരപ്പട്ടികയിൽനിന്ന് നീക്കംചെയ്യാൻ കഴിയുമെന്നാണ് യു.എ.ഇ പ്രതീക്ഷ.
ഭരണകൂടം നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കാത്ത പണമിടപാട് സ്ഥാപനങ്ങൾക്കെതിരായ അന്വേഷണത്തെ സഹായിക്കുന്നതിലും ഉപരോധം ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതിലും യു.എ.ഇ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് ഭരണകൂട വിലയിരുത്തൽ.
ഈ വർഷം മാർച്ച് പകുതി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 1.3 ശതകോടി ദിർഹം മൂല്യംവരുന്ന ആസ്തികൾ യു.എ.ഇ കണ്ടുകെട്ടിയിരുന്നു. കൂടാതെ 2022ലെ ആദ്യ പകുതിയിൽ നിയമം ലംഘിച്ച വിവിധ കമ്പനികൾക്ക് 199 ദശലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.