കഴിഞ്ഞ വർഷം 140 കോടി ദിർഹമിന്റെ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsദുബൈ: കഴിഞ്ഞ വർഷം ദുബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പിടിച്ചെടുത്തത് 140 കോടി ദിർഹമിന്റെ വ്യാജ ഉൽപന്നങ്ങൾ. 447 സാമ്പത്തിക കേസുകൾ ഫയൽ ചെയ്യുകയും 497 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.വ്യാജ ഉൽപന്ന വേട്ടയെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചും പൊലീസ് കണക്ക് പുറത്തുവിട്ടിട്ടുണ്ട്. വ്യാജ ഉൽപന്നവുമായി ബന്ധപ്പെട്ട് 245 കേസുകളിലായി 262 പേരെയാണ് അറസ്റ്റ് ചെയ്തത്. വാണിജ്യ തട്ടിപ്പുമായി ബന്ധപ്പെട്ട് 154 കേസുകളിലായി 167 പേരെ പിടികൂടി. 68 പേരെ പിടികൂടിയത് വ്യാജരേഖ ചമച്ചതിനാണ്.
ഇതുമായി ബന്ധപ്പെട്ട് 48 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ആത്മവിശ്വാസം നേടിയെടുക്കാൻ ഇത്തരം പരിശോധനകളും നടപടികളും ഉപകരിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ വകുപ്പ് രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കസ്റ്റംസ് പിടികൂടിയത് 1.4 കോടി വ്യാജ ഉൽപന്നങ്ങൾ
ദുബൈ: ദുബൈ പൊലീസിനു പിന്നാലെ വ്യാജ ഉൽപന്നങ്ങളുടെ കണക്ക് പുറത്തുവിട്ട് കസ്റ്റംസ്. കഴിഞ്ഞ വർഷം 10.9 കോടി ദിർഹം മൂല്യം വരുന്ന 1.4 കോടി വ്യാജ ഉൽപന്നങ്ങളാണ് ഇവർ പിടിച്ചെടുത്തത്. 2147 കേസുകളിലായാണ് ഇത്രയധികം ഉൽപന്നങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ഉൽപന്നങ്ങൾ കസ്റ്റംസ് അധികൃതർ പുനരുൽപാദിപ്പിക്കുകയും ചെയ്തു. 1.73 ലക്ഷം വ്യാജ ഉൽപന്നങ്ങളാണ് പുനരുപയോഗിക്കാവുന്ന നിലയിലേക്ക് മാറ്റിയെടുത്തത്. കസ്റ്റംസിന്റെ കർശന പരിശോധന ദുബൈയുടെ സാമ്പത്തിക മേഖലക്ക് ആത്മവിശ്വാസം പകർന്നതായി പോർട്സ് കസ്റ്റംസ് സി.ഇ.ഒയും ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറലുമായ അഹ്മദ് മഹ്ബൂബ് മുസബിഹ് പറഞ്ഞു.കഴിഞ്ഞ വർഷം മാർച്ചിൽ ദുബൈ കസ്റ്റംസ് 14 ലക്ഷം ദിർഹമിന്റെ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലെ ബാഗുകൾ, വാച്ചുകൾ, വസ്ത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.