പ്രമുഖ ബ്രാൻഡിന്റെ വ്യാജ പതിപ്പ്; മലയാളികളുടെ പിഴശിക്ഷ ഒഴിവാക്കി
text_fieldsഅജ്മാന്: പ്രമുഖ ബ്രാൻഡിന്റെ വ്യാജ ഉൽപന്നം ഇറക്കുമതി ചെയ്തെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളികള്‍ക്ക് മേല്‍കോടതി മോചനം നല്കി. ദുബൈ ആസ്ഥാനമായ ട്രേഡിങ് കമ്പനി ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ടൂത്ത് ബ്രഷ് തങ്ങളുടെ ബ്രാൻഡിന്റെ വ്യാജ പതിപ്പാണെന്ന പരാതിയിന്മേലാണ് ഖോർഫക്കാന് കോടതി മലയാളികളുടെ സ്ഥാപനത്തിന് രണ്ടു ലക്ഷം ദിര്‍ഹം പിഴശിക്ഷ വിധിച്ചത്. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ട്രേഡിങ് കമ്പനിക്കായി ചൈനയിൽനിന്ന് ഉൽപന്നങ്ങളുമായി ഷാർജ തുറമുഖത്ത് എത്തിയ കണ്ടെയ്നർ കൊണ്ടുപോകാൻ കഴിയാതെ വന്ന സാഹചര്യത്തിൽ അന്വേഷിച്ചപ്പോഴാണ് പരാതിയുള്ളതായി തുറമുഖ അധികൃതർ അറിയിച്ചത്. കണ്ടെയ്നറിനെതിരായി ഖോർഫക്കാൻ പൊലീസ് സ്റ്റേഷനിൽ മൾട്ടി നാഷനൽ കമ്പനിയുടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നുവെന്നായിരുന്നു വിശദീകരണം. ഈ കമ്പനി നല്കിയ പരാതിയിൽ മലയാളികൾ ഉടമസ്ഥരായ ട്രേഡിങ് കമ്പനി ഉടമക്കും മാനേജര്‍ക്കും കോടതി ഒരു ലക്ഷം ദിര്‍ഹം വീതം പിഴശിക്ഷ വിധിക്കുകയായിരുന്നു.
കോടതിയില്‍നിന്ന് അപ്രതീക്ഷിത ശിക്ഷ വന്നതോടെ ട്രേഡിങ് കമ്പനി അപ്പീലിനായി ഷാര്‍ജയിലെ നിയമവിദഗ്ധന് ഷമീം ശക്കീമുമായി ബന്ധപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സഹായത്താല്‍ മുഹമ്മദ് സല്മാന് അഡ്വക്കേറ്റ്സിലെ അഭിഭാഷകൻ അബ്ദുല്ല സല്മാന് മുഖാന്തരം മേല്‍കോടതിയില്‍ അപ്പീല്‍ നല്കി.
ഈ അപ്പീല്‍ പരിഗണിച്ച മേല്‍കോടതി ബ്രാൻഡ് വ്യാജമാണോ എന്ന് പരിശോധിക്കാന്‍ ട്രേഡ് മാർക്ക് പരിശോധന വിദഗ്ധനെ നിയോഗിക്കുകയായിരുന്നു.
ഇദ്ദേഹം നടത്തിയ അന്വേഷണത്തില്‍ ട്രേഡിങ് കമ്പനി ഇറക്കുമതി ചെയ്ത ടൂത്ത് ബ്രഷ് പ്രമുഖ കമ്പനിയുടെ വ്യാജ പതിപ്പല്ലെന്നും രണ്ടും രണ്ടാണെന്നും കണ്ടെത്തുകയായിരുന്നു.
ട്രേഡ് മാർക്ക് പരിശോധന വിദഗ്ധൻ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രേഡിങ് കമ്പനി ഉടമകളെ രണ്ടു ലക്ഷം ദിര്‍ഹം പിഴയടക്കണമെന്ന ശിക്ഷയില്‍ നിന്ന് മേല്‍കോടതി ഒഴിവാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.