നാടും നഗരവും മത്സര ട്രാക്കായി:ദുബൈ റണ്ണിൽ കുതിച്ചത് ആയിരങ്ങൾ
text_fieldsദുബൈ: നാടും നഗരവും പാർക്കും ബീച്ചുകളുമെല്ലാം റണ്ണിങ് ട്രാക്കായി പരിണമിച്ചപ്പോൾ ദുബൈ റണ്ണിൽ കുതിച്ചുപാഞ്ഞത് ആയിരക്കണക്കിന് താരങ്ങളും കായികപ്രേമികളും. ആരോഗ്യത്തിലേക്ക് ഓടിയടുക്കാൻ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദ് ആൽ മക്തൂം വിഭാവനം ചെയ്ത ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ സമാപനം വിളംബരം ചെയ്താണ് ദുബൈ നഗരം അക്ഷരാർഥത്തിൽ മത്സര ട്രാക്കായി മാറിയത്. സ്വദേശികളും വിദേശികളും സന്ദർശകരുമെല്ലാം പ്രായഭേദമന്യേ ആവേശത്തിമിർപ്പിൽ പങ്കാളികളായപ്പോൾ നഗരം കായികപ്രേമികളും താരങ്ങളും അടക്കിവാണു. വെള്ളിയാഴ്ച അവധിയുടെ ആലസ്യം ഒട്ടുമേയില്ലാതെ പുലർകാലത്തുതന്നെ നിശ്ചിത സ്ഥലങ്ങളിലെത്തി ബിബ് കൈപ്പറ്റിയാണ് താരങ്ങളും സ്പോർട്സ് പ്രേമികളും ഓട്ടത്തിന് തയാറായത്.
കോവിഡിനു മുന്നിൽ ലോകത്തിെൻറ വാതിലുകൾ കൊട്ടിയടക്കപ്പെട്ട സാഹചര്യത്തിൽ ആർജവത്തോടെ അതിജീവനത്തിെൻറ പാതയിൽ ദുബൈ നടത്തുന്ന ശ്രദ്ധേയ ചുവടുെവപ്പിനാണ് വെള്ളിയാഴ്ച നഗരം സാക്ഷ്യംവഹിച്ചത്. ആരോഗ്യമുള്ള സമൂഹത്തിനായി, കൃത്യതയാർന്ന വ്യായാമ മുറകളിലൂടെ ദുബൈ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ചെറുഗ്രൂപ്പുകളായാണ് കായിക താരങ്ങൾ ഓടിയത്. പതിവ് ദുബൈ റൺ പോലെ, ഒരുമിച്ചുള്ള കൂട്ടയോട്ടം ഇത്തവണയുണ്ടായില്ല. എങ്കിലും ആവേശത്തിന് അൽപം പോലും കുറവില്ലാതെയാണ് താരങ്ങളും സ്പോർട്സ് പ്രേമികളും ഇത്തവണയും ദുബൈ റണ്ണിൽ പങ്കെടുത്തുത്. പല ഫാമിലികളും ഒന്നിച്ച് പരിശീലനം നടത്തി, ഒരുമിച്ചോടിയാണ് ദുബൈ റണ്ണിെൻറ ഭാഗമായത്. കുട്ടികൾ, പ്രായമായവർ, നിശ്ചയദാർഢ്യമുള്ളവർ തുടങ്ങി എല്ലാവിഭാഗം പ്രായക്കാരും അണിനിരന്നു. താമസക്കാർക്കു പുറമെ സന്ദർശകരും റണ്ണിൽ പങ്കെടുത്തു.
എല്ലാവർക്കും പങ്കെടുക്കാവുന്ന ഫ്രീ-ടു-എൻറർ റണ്ണിങ് ഇവൻറിൽ പരിശീലനം തുടരുന്നവരും കായിക താരങ്ങളും മുതൽ ആദ്യമായി ഓടുന്നവർ വരെ പങ്കാളികളായി. കോവിഡ് -19 വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായാണ് ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്രദേശം തിരഞ്ഞെടുത്ത് സ്വന്തം ഇഷ്ടത്തിന് ഓടാനും ജോഗിങ് നടത്താനും താരങ്ങൾക്ക് ദുബൈ റൺ അനുമതി നൽകിയത്. എല്ലാവരും ശാരീരികമായി സജീവമാകുന്നതിനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ദുബൈ ഫിറ്റ്നസ് ചലഞ്ച് മുന്നോട്ടുവെച്ച നിർദേശമായിരുന്നു വ്യത്യസ്ത രീതിയിൽ സംഘടിപ്പിച്ച ഇത്തവണത്തെ ദുബൈ റൺ. പരിപാടിയിലുടനീളം പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള കർശന നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സ്ക്വാഡുകളും ഇടംപിടിച്ചിരുന്നു. കൈറ്റ് ബീച്ച്, ദുബൈ മറീന, ജുമൈറ, മംസർ ബീച്ച് എന്നിവിടങ്ങളിലെല്ലാം വർധിത ആവേശത്തോടെ ദുബൈ റൺ അരങ്ങേറി.
കടലിരമ്പംപോലെ വാഹനവ്യൂഹങ്ങൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡിലെ ഗതാഗതം പൂർണമായും വിലക്കിയായിരുന്നു കഴിഞ്ഞ തവണത്തെ ഫിറ്റ്നസ് ചലഞ്ച് സമാപനത്തോടനുബന്ധിച്ച് ദുബൈ റൺ സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70,000ത്തിൽപരം അത്ലറ്റുകളും കായികപ്രേമികളും മുഴുസമയം പങ്കെടുത്ത് റൺ വലിയൊരു ചരിത്രമാണ് യു.എ.ഇയുടെ കായികഭൂപടത്തിൽ എഴുതിച്ചേർത്തത്. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങൾ ശീലമാക്കുന്നതോടെ ജീവിതശൈലീ രോഗങ്ങളെ പമ്പകടത്തി, ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം എല്ലാവർക്കുമെന്ന സന്ദേശമാണ് പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായ ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്.
പതിവു തെറ്റിക്കാതെ കേരള റൈഡേഴ്
ദുബൈ: മലയാളി പ്രവാസി സംഘടനകളുൾപ്പെടെ നിരവധി കൂട്ടായ്മകളും കുടുംബങ്ങളും ദുബൈ റണ്ണിൽ സജീവമായി പങ്കെടുത്തു. സൈക്കിൾ റൈഡർമാർക്കിടയിലെ മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് യു.എ.ഇ ദുബൈയിലെ മംസർ ബീച്ച് കേന്ദ്രീകരിച്ചാണ് ഓട്ടവും നീന്തലും സംഘടിപ്പിച്ചത്. സ്ഥിരമായി പരിശീലനം തുടരുന്ന 50ലധികം താരങ്ങൾ പങ്കെടുത്തതായി കേരള റൈഡേഴ്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. മിക്കവരും 21 കിലോമീറ്റർ ഓട്ടം പൂർത്തീകരിച്ചു. 10 കി.മീ, അഞ്ച് കി.മീ. ഓട്ടത്തിലും ക്ലബ് അംഗങ്ങൾ പങ്കാളികളായി.
ഫോട്ടോ ടാഗ് ചെയ്യൂ,അഞ്ചുലക്ഷം ദിർഹം സമ്മാനം നേടാം!
ഓടിയും ജോഗിങ് ചെയ്തും ദുബൈ റണ്ണിൽ പങ്കാളിയായവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് അഞ്ചുലക്ഷം ദിർഹം സമ്മാനമാണ്. ഓട്ടത്തിനിടയിൽ എടുത്ത ഫോട്ടോകളും സെൽഫി ഫോട്ടോകളും #DubaiRun എന്ന ഹാഷ് ടാഗോടുകൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റ്ചെയ്യാം. ട്വിറ്ററിലാണെങ്കിൽ @dubaifitnesschallenge എന്നും ടാഗ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.