പ്രസിഡന്‍റിന് കീഴിൽ രാജ്യം പുതിയ യുഗത്തിലേക്ക് -ശൈഖ് മുഹമ്മദ് ബിൻ റാശിദ്
text_fieldsമന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം പ്രസ്താവിച്ചത്
ദുബൈ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് കീഴിൽ യു.എ.ഇ സമൃദ്ധിയുടെയും വളർച്ചയുടെയും പുതിയ തലത്തിലേക്ക് പ്രവേശിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.
ദേശീയ മാനവ വിഭവശേഷി ശക്തിപ്പെടുത്തുന്നതിലും സമ്പദ്‌വ്യവസ്ഥയെ ഏകീകരിക്കുന്നതിലും യു.എ.ഇയുടെ അന്തർദേശീയവും രാഷ്ട്രീയവുമായ സ്ഥാനം ഉയർത്തുന്നതിലാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ലക്ഷ്യമിടുന്നത്.
വരുംകാലത്ത് എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കുമായി പദ്ധതി രൂപവത്കരിക്കും.
ജനങ്ങൾക്കിടയിലെ പ്രവർത്തനങ്ങളിലൂടെയാണ് ഭരണം അദ്ദേഹം ആരംഭിച്ചത്. ജനങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടിയാണ് ആദ്യ പദ്ധതികളും സംരംഭങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത് -അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാല പരിശ്രമങ്ങളുടെ തുടർച്ചയുണ്ടാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മന്ത്രാലയങ്ങളോടും ഫെഡറൽ സ്ഥാപനങ്ങളോടും നിർദേശങ്ങളും പദ്ധതികളും വരുന്ന 50 ദിവസത്തിനുള്ളിൽ മന്ത്രിസഭക്കുമുന്നിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു.
യോഗത്തിൽ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, മറ്റു മന്ത്രിമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.