ഫോറിന് എക്സ്പേര്‍ട്ട് കോടതി; സാമ്പത്തികതർക്കത്തിന് അതിവേഗ പരിഹാരം
text_fieldsഅബൂദബി: വിദേശ നിക്ഷേപകരുടെ സാമ്പത്തികത്തർക്കം പരിഹരിക്കുന്നതിന് രൂപപ്പെടുത്തിയ ഫോറിന് എക്സ്പര്‍ട്ട് കോടതി മൂന്നുവര്‍ഷത്തിനിടെ തീര്‍പ്പാക്കിയത് ഇരുന്നൂറോളം വാണിജ്യകേസ്.
300 കോടി ദിര്‍ഹം മൂല്യംവരുന്ന തർക്കങ്ങളാണിതെന്നും അബൂദബി നിയമന്യായ വകുപ്പിനു കീഴിലുള്ള കോടതികളുടെ പ്രവര്‍ത്തന മികവാണിത് വ്യക്തമാവുന്നതെന്നും നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അല്അബ്റി പറഞ്ഞു.
രാജ്യത്തെ താമസക്കാരുടെയും വിവിധ രാജ്യക്കാരായ നിക്ഷേപകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ അന്താരാഷ്ട്രനിലവാരത്തിലെ നിയമന്യായ സംവിധാനമാണ് എമിറേറ്റിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 മേയില്‍ ആദ്യമായി ഫോറിന് എക്സ്പേര്‍ട്സ് കോടതി സ്ഥാപിച്ചശേഷം വിദേശ നിക്ഷേപകരുടെ തര്‍ക്കം അതിവേഗം പരിഹരിക്കാന്‍ അബൂദബി നിയമവകുപ്പിന് കഴിഞ്ഞു. രണ്ട് വിദേശവിദഗ്ധരും ഒരു ജഡ്ജിയും അടങ്ങുന്ന പാനലാണ് വിദേശ നിക്ഷേപകരുടെ ബിസിനസ് തര്‍ക്കങ്ങള്‍, നിക്ഷേപ പദ്ധതി, വ്യവസായ ഉടമകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മുതലായവ പരിഹരിക്കുന്നത്. അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് വിധി.
ഭാഷ പ്രതിസന്ധി കൂടാതെ പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബൂദബി കോടതിയില്‍ ദ്വിഭാഷകളിലുള്ള വിധിപ്രസ്താവത്തിന് തുടക്കംകുറിച്ചത്. നിയമവകുപ്പിന്റെ ഇലക്ട്രോണിക് പോര്‍ട്ടല്‍, കേസ് സ്മാര്‍ട്ട് ഫയല്‍ സംവിധാനം, വിഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള കേസ് നടപടികൾ എന്നിവയാണ് അതിവേഗം കേസുകള്‍ തീര്‍പ്പാക്കുന്നതിന് സഹായിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കോടതി വ്യവഹാരങ്ങളില്‍ ഇടപെടുമ്പോള്‍ നല്‍കേണ്ട ഫീസ് അടക്കാന്‍ അബൂദബി ജുഡീഷ്യല്‍ ഡിപ്പാർട്മെന്റ് (എ.ഡി.ജെ.ഡി) അടുത്തിടെയാണ് സ്മാര്‍ട്ട് സേവനം ഒരുക്കിയത്. അബൂദബി ഇസ്ലാമിക് ബാങ്കിന്റെ (എ.ഡി.ഐ.ബി) സഹകരണത്തോടെയാണ് സ്മാര്‍ട്ട് ആപ്പിലൂടെ ഫീസ് അടക്കാൻ സൗകര്യമൊരുക്കിയത്.
നിര്‍മിത ബുദ്ധിയിലൂടെ എമിറേറ്റിലെ ക്രിമിനല്‍ കോടതികളിലെ കേസുകളുടെ വേഗത കൂട്ടാന്‍ സ്മാര്‍ട്ട് പദ്ധതിയും അബൂദബി ജുഡീഷ്യല്‍ വകുപ്പ് നടപ്പാക്കിയിരുന്നു. ഇലക്ട്രോണിക് വിധിപ്രസ്താവങ്ങള്‍ അടക്കമുള്ളവയാണ് പദ്ധതി. നിര്‍മിത ബുദ്ധിയിലധിഷ്ഠിതമാണ് പദ്ധതി.
ഇതിലൂടെ വകുപ്പിലെ കേസുകളുടെ തുടരന്വേഷണം ലളിതവും വേഗത്തിലുമാക്കാൻ സഹായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.