കോവിഡ്: കർശന പ്രതിരോധ നടപടികളുമായി ഗൾഫ് രാഷ്ട്രങ്ങൾ
text_fieldsദുബൈ: കൊറോണ വൈറസ് ഭീതി പിടിമുറുക്കുന്നതിനിടെ കർശന നിയന്ത്രണങ്ങളും പ്രതിരോധ നടപടികളുമായി ഗൾഫ് രാജ്യങ്ങൾ. കൊറോണ ഭീഷണിയെ നേരിടുവാൻ സുസജ്ജമാണെന്ന് വിവിധ രാഷ്ട്രങ്ങളുടെ ആരോഗ്യ മന്ത്രാലയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ പുതിയ കേസുകൾ പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. ബഹ്റൈനിൽ കഴിഞ്ഞ ദിവസം ആറ് പേർക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 47 ആയി. ഖത്തറിൽ ഇന്നലെ രണ്ടു പേർക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. മൂന്നു സ്വദേശികൾക്കാണ് ഇതിനകം രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവരെല്ലാം ഇറാനിൽ നിന്ന് എത്തിയവരാണ്. ഖത്തറിൽ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ചൈനയിലേക്കും ഇറാനിലേക്കും ഫാർ ഇൗസ്റ്റ് രാജ്യങ്ങളിേലക്കുമുള്ള വിമാന സർവീസുകളിൽ നിയന്ത്രണം തുടരുകയാണ്.
കുവൈത്തിൽ ഞായറാഴ്ച ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 46 ആയി. ഇറാനിൽനിന്ന് തിരിച്ചെത്തിച്ച് ക്യാമ്പിൽ പാർപ്പിച്ചയാൾക്ക് തന്നെയാണ് രോഗം സ്ഥിരീകരിച്ചത്. ക്യാമ്പിന് പുറത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനിടെ ഇറാൻ, തായ്ലാൻഡ് എന്നിവിടങ്ങളിൽനിന്ന് ആറുവിമാനങ്ങളിൽ കുവൈത്തികളെ സ്വദേശത്തേക്ക് തിരിച്ചെത്തിച്ചു. ഇവർ നിരീക്ഷണത്തിലാണ്.
കൊറോണ പ്രതിരോധ രംഗത്ത് ആരോഗ്യ മന്ത്രാലയം വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് തീവ്രയജ്ഞത്തിലാണ്. കര അതിർത്തികളിലും വിമാനത്താവളത്തിലും ശക്തമായ നിരീക്ഷണം നടത്തുന്നു.
സൗദിയിൽ ഇതുവരെ കൊറോണ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് സൗദിയിലെ വിവിധ മന്ത്രാലയങ്ങളുടെ വക്താക്കളും സമിതി അംഗങ്ങളും ചേർന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. കൊറോണ വൈറസായ കോവിഡ് -19 ബാധിച്ചതായി സംശയമുണ്ടായിരുന്നവരുടെ പരിശോധന ഫലങ്ങളിലൊന്നും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അതെസമയം കൊറോണ വൈറസ് ഒരു കാരണവശാലും രാജ്യത്തേക്ക് കടക്കാതിരിക്കാൻ പഴുതടച്ച പ്രതിരോധ നടപടികളാണ് സൗദി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്ക്രീനിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോരുത്തരേയും സ്ക്രീനിങ് ടെസ്റ്റിന് വിധേയമാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. എല്ലാ വിമാനക്കമ്പനികള്‍ക്കും ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യു.എ.ഇയിലെ നഴ്സറികളും കിൻറർ ഗാർട്ടനുകളും ഇന്നലെ മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. സ്കൂളുകളിൽ വിനോദയാത്രകൾ, കൂടുതൽ സമ്പർക്കങ്ങൾക്കിടയാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയും റദ്ദാക്കിയിട്ടുണ്ട്. സർവീസുകളിൽ കുറവു വരുത്തിയതോടെ മുൻനിര വിമാന കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ ജീവനക്കാർക്ക് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മാസ്കുകളുടെ ഉപയോഗം സംബന്ധിച്ച് നിർദേശങ്ങളും മാനദണ്ഡങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുമുണ്ട്. രാജ്യത്ത് ഇതുവരെയായി 21 േപർക്കാണ് രോഗബാധ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.