ലോകം മുഴുവനും 14ന് പ്രാർഥനാനിരതമാകണം
text_fieldsഅബൂദബി: കൊറോണ വൈറസ് വ്യാപനത്തെ തുരത്താൻ മേയ് 14 പ്രാർഥനദിനമാക്കി മാറ്റാൻ ലോകജനതയോട് മനുഷ്യ സാഹോദര്യ ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു. എല്ലാ മനുഷ്യരുടെയും നന്മക്കായി ഉപവാസമനുഷ്ഠിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഒരു ദിനമായി ഈ ദിവസത്തെ ലോകത്തിലെ മുഴുവൻ സമൂഹവും മാറ്റണമെന്നും സമിതി. ലോകമെമ്പാടും കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സർവലോക രക്ഷിതാവിെൻറ സഹായംതേടി പ്രാർഥിക്കാനുള്ള ആഹ്വാനം ലോകത്തിലെ ജനങ്ങൾക്ക് കൈമാറിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടപ്പെടുത്തുന്ന വലിയ വിപത്തായി മാറിയിരിക്കുകയാണ് കോവിഡ് എന്ന മഹാമാരി. ഓരോരുത്തർക്കും അവരവരുടെ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അധ്യാപനങ്ങൾക്കും അനുസരിച്ച്, മാനവസമൂഹം നേരിടുന്ന മഹാമാരിയെ ഇല്ലാതാക്കാനും ഈ പ്രതികൂലാവസ്ഥയിൽനിന്ന് രക്ഷിക്കാനും ദൈവത്തോട് പ്രാർഥിക്കണമെന്നും സമിതി പറഞ്ഞു. ഈ രോഗം തടയാൻ കഴിയുന്ന ശാസ്ത്രീയ പരിഹാരം കണ്ടെത്താനും ശാസ്ത്രജ്ഞരെ പ്രചോദിപ്പിക്കാനും ഗുരുതരമായ പകർച്ചവ്യാധിമൂലമുള്ള ആരോഗ്യ, സാമ്പത്തിക, മാനുഷിക പ്രത്യാഘാതങ്ങളിൽനിന്ന് മുഴുവൻ ലോകത്തെയും രക്ഷിക്കാനും ദൈവത്തോട് ഓരോരുത്തരും പ്രാർഥിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. ലോകത്തിലെ മതനേതാക്കളും ജനങ്ങളും ഈ മാനവിക ആഹ്വാനത്തോട് പ്രതികരിക്കണമെന്നും ലോകത്തെ മുഴുവൻ സംരക്ഷിക്കാനും ഈ മഹാമാരിയെ മറികടക്കാനും ആവശ്യമായ സഹായം, സുരക്ഷ, സ്ഥിരത, ആരോഗ്യം, സമൃദ്ധി എന്നിവ പുനഃസ്ഥാപിക്കാനും സർവശക്തനായ ദൈവത്തോട് പ്രത്യേകം പ്രാർഥിക്കുന്നതായും സമിതി അറിയിച്ചു.
ഈ പകർച്ചവ്യാധി അവസാനിക്കുന്നതോടെ ലോകം മാനവികതക്കും സാഹോദര്യത്തിനും ഉത്തമമായ ഇടമാവുമെന്നും സമിതി പ്രത്യാശ പ്രകടിപ്പിച്ചു.
കത്തോലിക്കാസഭ മേധാവി ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയ്യിബും ഒപ്പിട്ട മാനുഷിക സാഹോദര്യ പ്രമാണത്തിെൻറ പ്രതികരണമായാണ് ഹ്യൂമൻ ഫ്രറ്റേണിറ്റി ഉന്നതികാര സമിതി കഴിഞ്ഞ വർഷം സ്ഥാപിതമായത്. അന്താരാഷ്ട്ര മതനേതാക്കൾ, വിദ്യാഭ്യാസ പണ്ഡിതന്മാർ, സാംസ്കാരികനേതാക്കൾ എന്നിവരടങ്ങുന്ന സമിതി ലോക ജനതക്കു മുന്നിൽ പരസ്പര ഐക്യത്തിെൻറയും സമാധാനത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശം പങ്കിടുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. പരസ്പര ബഹുമാനത്തിെൻറയും സമാധാനപരമായ സഹവർത്തിത്വത്തിെൻറയും മൂല്യങ്ങളെ പിന്തുണക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മതനേതാക്കൾ, അന്താരാഷ്ട്ര സംഘടന മേധാവികൾ എന്നിവരുൾപ്പെടെ ലോകത്തിലെ പ്രമുഖരുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തുന്നതായും ഹ്യൂമൻ ഫ്രട്ടേണിറ്റി ഉന്നതാധികാര സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.