കോവിഡ്: അബൂദബി-ദുബൈ റൂട്ടിലെ ബസ്, ടാക്സി യാത്ര മാനദണ്ഡങ്ങള്‍
text_fieldsഅബൂദബി: ദുബൈയില്‍നിന്ന് അബൂദബിയിലേക്ക് ബസിലോ ടാക്സിയിലോ വരുന്നവര്‍ അതിര്‍ത്തി ചെക്ക് പോയന്റുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ അറിഞ്ഞിരിക്കണം. വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും അല്‍ ഹുസ്ന് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. ഡ്രൈവര്‍ക്ക് അല്‍ ഹുസ്ന് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലെങ്കില്‍ വാഹനം അതിര്‍ത്തി കടത്തിവിടില്ല. ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ വാഹനം ആണെങ്കിലും ഊബര്‍, കരീം പോലുള്ള സ്വകാര്യ ടാക്സികള്‍ ആണെങ്കിലും ഈ നിയമം ബാധകമാണ്. ഡ്രൈവര്‍ക്ക് ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലെങ്കില്‍ യാത്രികര്‍ വാഹനത്തില്‍നിന്നിറങ്ങി ബദല്‍ വാഹനം കണ്ടെത്തണമെന്ന് അബൂദബി ആര്.ടി.എ അധികൃതര്‍ വ്യക്തമാക്കി. കരീം ആപ്പിെൻറ ഹല സെക്ഷനിലൂടെ യാത്രികര്‍ക്ക് വാഹനം ബുക്ക് ചെയ്യാനും കോവിഡ് നെഗറ്റിവായ ഡ്രൈവറെ തിരഞ്ഞെടുക്കാനും കഴിയും. തിരഞ്ഞെടുക്കപ്പെടുന്ന യാത്രാലക്ഷ്യമായ നഗരം അനുസരിച്ച് 250 മുതല്‍ 300 ദിര്‍ഹം വരെ അബൂദബി, ദുബൈ ടാക്സിക്ക് ചാര്‍ജ് ചുമത്തും. അതേസമയം കരീം ടാക്സി ദുബൈ, അബൂദബി നഗരങ്ങളിലേക്ക് 350 ദിര്‍ഹമാണ് ഈടാക്കുന്നത്. അന്തിമ യാത്രാലക്ഷ്യം അടിസ്ഥാനമാക്കിയാണ് ഊബര്‍ ടാക്സി നിരക്ക് തീരുമാനിക്കുന്നത്. 300 ദിര്‍ഹത്തില്‍ കുറയാത്ത തുകയാണ് ഊബര്‍ ഇതിനായി ഈടാക്കുന്നത്.
ആര്.ടി.എ ബസില്‍ യാത്ര ചെയ്യണമെങ്കില്‍ യാത്രികര്‍ക്ക് അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. അതേസമയം, അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് പോവുന്നവര്‍ക്ക് ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമില്ല. ദുബൈയില്‍നിന്ന് അബൂദബിയിലേക്ക് പോകുന്ന റൂട്ട് ഇ 101 ബസിന് 25 ദിര്‍ഹമാണ് ടിക്കറ്റ് ചാര്‍ജ്. ദുബൈ ഇബ്നു ബത്തൂത്ത സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ബസ് അബൂദബിയിലെ അല്‍ വഹ്ദ മാളിനു സമീപമുള്ള സെന്‍ട്രല്‍ ബസ് സ്റ്റേഷനിലാണ് എത്തുക. ഒരുമണിക്കൂര്‍ 40 മിനിറ്റാണ് യാത്രാദൈര്‍ഘ്യം. ദുബൈ എക്സ്പോ 2020 വേദിയിലേക്ക് സൗജന്യ സര്‍വിസുകളാണ് ആര്.ടി.എ ഒരുക്കിയിരിക്കുന്നത്. അബൂദബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, അബൂദബി സെന്‍ട്രല്‍ ബസ് സ്റ്റേഷന്, മറീന മാള്‍ സ്റ്റേഷന്, അല്‍ ഐന്‍ ബസ് സ്റ്റേഷന് എന്നിങ്ങനെ നാലിടങ്ങളില്‍ നിന്നാണ് ദുബൈ എക്സ്പോയിലേക്ക് ആര്.ടി.എയുടെ ബസുകള്‍ ദുബൈ എക്സ്പോ വേദിയിലേക്ക് സൗജന്യ സര്‍വിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.