ഷാർജയിൽ ഹോട്ടൽ ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് പരിശോധന
text_fieldsഷാർജ: ഭക്ഷ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾ രണ്ടാഴ്ച കൂടുമ്പോൾ പി.സി.ആർ പരിശോധന നടത്തണമെന്ന് ഷാർജ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. റസ്റ്റാറൻറുകൾ, കഫറ്റീരിയകൾ, കഫേകൾ, ബേക്കറികൾ എന്നിവയിലെ തൊഴിലാളികൾക്കാണ് പരിശോധന നിർബന്ധമാക്കിയത്. എന്നാൽ, കോവിഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് ടെസ്റ്റ് ആവശ്യമില്ല. മുൻകരുതൽ നടപടികളും സുരക്ഷ പ്രോട്ടോകോളും പാലിക്കുന്നതിനായി ഷാർജയിലെ ഭക്ഷണശാലകളിലെ പരിശോധന സിവിൽ ബോഡി ശക്തമാക്കി.
ഭക്ഷ്യ ഔട്ട്ലെറ്റുകളിലെ സുരക്ഷാ പ്രോട്ടോകോളുകളെക്കുറിച്ചും മുൻകരുതൽ നടപടികളെക്കുറിച്ചും കൂടുതൽ അവബോധം നൽകുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തിബിത്ത് സലീം അൽ തരിഫി പറഞ്ഞു. തീൻമേശകൾക്കിടയിൽ രണ്ട് മീറ്റർ അകലം പാലിക്കുന്നത് ഉൾപ്പെടെ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ നൽകി. ഒരു കുടുംബത്തിൽപെട്ടവരൊഴികെ നാലിൽ കൂടുതൽ ആളുകളെ ഒരു മേശയിൽ അനുവദിക്കരുത്. ഡിസ്പോസിബ്ൾ ഗ്ലാസുകളും പാത്രങ്ങളും ഉപയോഗിക്കണം.
ഭക്ഷ്യ ഔട്ട്ലെറ്റുകളുടെ ഉടമകൾ എല്ലാ മുൻകരുതൽ നടപടികളും സുരക്ഷ പ്രോട്ടോകോളും പാലിക്കണം. ഉപഭോക്താക്കളുടെയും തൊഴിലാളികളുടെയും താപനില പരിശോധന കൃത്യമായി നടത്തണമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് സെക്ടർ സെൻട്രൽ ലബോറട്ടറീസ് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ശൈഖ ഷാസ അൽ മുവല്ല പറഞ്ഞു. സന്ദർശകർക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ഭക്ഷണശാലകൾ പ്രവേശനത്തിൽ നിന്ന് വിലക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.