കോവിഡ് നിയന്ത്രണം : ദുബൈയിൽ കൂടുതൽ ഇളവ്
text_fieldsദുബൈ: എമിറേറ്റിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ദുബൈ ടൂറിസം ആൻഡ് കോമേഴ്സ് മാർക്കറ്റിങ് വിഭാഗം നൽകിയ സർക്കുലറിലാണ് ഇളവുകൾ വ്യക്തമാക്കിയത്.
ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, വിവാഹ-ഇവൻറ് ഹാളുകൾ എന്നിവയിലെല്ലാം പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. വ്യാഴാഴ്ച മുതൽ ഇളവുകൾ നിലവിൽ വന്നതായി സർക്കുലർ പറയുന്നു. ഹോട്ടൽ മേഖലയിലുള്ളവർക്ക് വലിയ രീതിയിൽ സഹായകമാകുന്ന ഇളവുകളാണ് നിലവിൽ വന്നിരിക്കുന്നത്.
പ്രധാന ഇളവുകൾ ഇങ്ങനെ
•ഹോട്ടലുകൾക്ക് പൂർണ ശേഷിയിൽ ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം.
•റസ്റ്റാറൻറുകൾക്കും കഫേകൾക്കും 80ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ടേബ്ളുകൾ തമ്മിലുള്ള സാമൂഹിക അകലം രണ്ട് മീറ്ററിൽ നിന്നും 1.5മീറ്ററാക്കി കുറച്ചു. കോവിഡിന് മുമ്പുള്ള സമയക്രമത്തിൽ ഭക്ഷ്യശാലകൾക്ക് പ്രവർത്തിക്കാം. പുലർച്ചെ മൂന്നു വരെ വിനോദ പരിപാടികളാകാം.
•തിയറ്ററുകൾ, വിനോദകേന്ദ്രങ്ങൾ, പ്രദർശനങ്ങൾ, മ്യൂസിയങ്ങൾ എന്നിവക്ക് 80 ശതമാനം പേരെ പ്രവേശിപ്പിക്കാം
•ബിസിനസ് പരിപാടികൾക്ക് പൂർണമായ ശേഷിയിൽ പ്രവർത്തിക്കാം. ബിസിനസ് പരിപാടികളുടെ മാനദണ്ഡങ്ങൾ പാലിച്ചാൽ മതി.
•ഇൻഡോർ കമ്യൂണിറ്റി പരിപാടികളിൽ 2500 പേരെയും ഔട്ട്ഡോറിൽ 5000 പേരെയും പങ്കെടുപ്പിക്കാം. ഇത്തരം സദസ്സുകളിൽ വാക്സിനേഷൻ നിർബന്ധമില്ല.
•വിനോദ-കായിക പരിപാടികളിൽ 60 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്സിനേഷൻ നിബന്ധനയില്ല. സംഗീത പരിപാടികൾ പോലുള്ള പരിപാടികളിൽ 5000 പേരിൽ കൂടാൻ പാടില്ല. വാക്സിനേഷനും വേണം
•സ്ഥാപനങ്ങളുടെ പരിപാടികളിലും അവാർഡുദാന ചടങ്ങുകളിലും 1000 പേർക്ക് വരെ പങ്കെടുക്കാം. വാക്സിനേഷൻ നിർബന്ധമില്ല.
•പാർട്ടികൾ 60 ശതമാനം ശേഷിയിൽ സംഘടിപ്പിക്കാം. എന്നാൽ പരമാവധി 300 പേരിൽ കൂടാൻ പാടില്ല. വാക്സിനേഷൻ നിർബന്ധമില്ല, എന്നാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ട പൂർണ ഉത്തരവാദിത്തം സംഘടിപ്പിക്കുന്നവർക്കായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.