കോവിഡ് മാനദണ്ഡം: അബൂദബി സ്കൂളുകൾക്ക് ഇളവ് നൽകാൻ ആലോചന
text_fieldsഅബൂദബി: വാക്സിനേഷൻ നിരക്കിെൻറ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് കോവിഡ് സുരക്ഷ മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ ആലോചിക്കുന്നതായി അബൂദബി. വാക്സിനേഷൻ നിരക്ക് ഉയർന്ന സ്കൂളുകളിൽ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തൽ തുടങ്ങിയവയിൽ ഇളവ് നൽകുന്ന കളർകോഡ് സംവിധാനം അക്കാദമിക് വർഷത്തിെൻറ രണ്ടാം ടേം മുതൽ നടപ്പാക്കും. സ്കൂൾ വിദ്യാർഥികളിൽ വാക്സിനേഷൻ സ്വീകരിച്ച ശതമാനത്തിെൻറ അടിസ്ഥാനത്തിലാവും പദ്ധതി നടപ്പാക്കുക.
അമ്പതു ശതമാനത്തിൽ താഴെ വിദ്യാർഥികൾ വാക്സിൻ സ്വീകരിച്ച സ്കൂളുകൾ ഓറഞ്ച് ഗണത്തിലാവും ഉൾപ്പെടുക. 50 മുതൽ 64 ശതമാനം വരെ വാക്സിനേഷൻ നിരക്കുള്ള സ്കൂൾ മഞ്ഞ ഗണത്തിലും 65 മുതൽ 84 ശതമാനം വരെ വാക്സിനേഷൻ നിരക്കുള്ള സ്കൂൾ നീല ഗണത്തിലുമാകും ഉൾപ്പെടുക. നീല ഗണത്തിൽ ഉൾപ്പെടുന്ന സ്കൂളുകൾക്കാണ് ഏറെ ഇളവുകൾ ലഭിക്കുക. അബൂദബി ദുരന്ത നിവാരണ സമിതി പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. ഉയർന്ന നിരക്കിൽ വാക്സിനേഷനുള്ള സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കുന്നത് കുട്ടികൾക്കും സൗകര്യപ്രദമാകും.
കുട്ടികൾക്കുവേണ്ടി അബൂദബിയിലുടനീളം സൗജന്യ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഫൈസർ വാക്സിൻ 12 വയസ്സുമുതൽ മുകളിലേക്കുള്ളവർക്കും സിനോഫാം മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികൾക്കും സ്വീകരിക്കാം.
വാക്സിനെടുക്കാത്ത കുട്ടികൾക്ക് പി.സി.ആർ നിർബന്ധം
അബൂദബി: സ്കൂളുകളിലെത്തുന്ന വാക്സിനെടുക്കാത്ത വിദ്യാർഥികൾക്ക് ഓരോ ഏഴു ദിവസം കൂടുമ്പോഴും പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബൂദബി. വാക്സിനേഷൻ പൂർത്തിയാക്കിയവർ പി.സി.ആർ പരിശോധന 30 ദിവസം കൂടുമ്പോൾ എടുത്താൽ മതിയാവും. സ്കൂളുകളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പുതുക്കിയത് ഈ മാസം മുതലാണ് പ്രാബല്യത്തിൽവന്നത്. 16 വയസ്സിൽ കൂടുതലുള്ളവർ സ്കൂളിൽ ഹാജരാകാൻ വാക്സിൻ സ്വീകരിക്കണമെന്നാണ് നിയമം. മതിയായ കാരണമില്ലാതെ വാക്സിനെടുക്കാത്ത കുട്ടികൾക്ക് സ്കൂൾ കാമ്പസുകളിൽ പ്രവേശനം അനുവദിക്കില്ലെന്നാണ് അധികൃതർ നിഷ്കർഷിച്ചിരിക്കുന്നത്. 11 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്കൂളുകളിൽ എത്തണമെങ്കിൽ 30 ദിവസം കൂടുമ്പോൾ നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.