കോവിഡ് കുറയുന്നു യു.എ.ഇ തുറക്കുന്നു
text_fieldsദുബൈ: വാക്സിനേഷനിൽ ആത്മവിശ്വാസം കൈവരിച്ച് യു.എ.ഇ ആഘോഷങ്ങളിലേക്ക് വാതിൽ തുറക്കുന്നു. ദിവസേന താഴെക്ക് പതിക്കുന്ന കോവിഡ് ബാധിതരുെട ഗ്രാഫും മുകളിലേക്ക് കുതിക്കുന്ന വാക്സിനെടുത്തവരുടെ ഗ്രാഫുമാണ് യു.എ.ഇക്ക് ആത്മവിശ്വാസം പകരുന്നത്. ലോകം കാത്തിരിക്കുന്ന എക്സ്പോ 2020യിലേക്ക് അഞ്ച് മാസം മാത്രം ബാക്കിനിൽക്കെ രാജ്യത്തുനിന്ന് കേൾക്കുന്നത് ആശ്വാസ വാർത്തകളാണ്. എക്സ്പോക്ക് മുമ്പ് യു.എ.ഇ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. എന്നാൽ, വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് ആഘോഷ പരിപാടികൾ.
ഇന്നലെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 1229 പേർക്കാണ്. കഴിഞ്ഞവർഷം ഡിസംബർ 28ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്ക്. ഒരാഴ്ചയായി കോവിഡ് ബാധിതർ ക്രമേണ താഴേക്കാണ്. ഏപ്രിൽ 27നുശേഷം 200ത്തിനു മുകളിൽ രോഗികൾ ഉണ്ടായിട്ടില്ല. ദിവസവും രണ്ടോ മൂന്നോ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം ജനുവരിയിൽ കോവിഡ് സ്ഥിരീകരിച്ചശേഷം ഇതുവരെ 4.7 കോടി പരിശോധനകളാണ് യു.എ.ഇ നടത്തിയത്. ഇതിൽ 5.47 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, ദിവസവും പതിനായിരക്കണക്കിനാളുകൾക്ക് വാക്‌സിൻ നൽകുന്നുണ്ട്. ഇതുവരെ 1.14 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് നൽകിയത്. ഈ വർഷം അവസാനത്തോടെ എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കുകയാണ് ലക്ഷ്യം.
അബൂദബിയിൽ ടൂറിസം മേഖല സജീവമാകും
കോവിഡ് കാലത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ അബൂദബിയും ടൂറിസ്റ്റുകൾക്കായി തുറക്കുന്നു എന്നത് പോസിറ്റിവ് സൂചനയാണ്. ജൂലൈ ഒന്ന് മുതലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനൊരുങ്ങുന്നത്.
അബൂദബിയിലെത്തുന്ന യാത്രക്കാർക്ക് ക്വാറൻറീനും ഒഴിവാക്കിയേക്കും. ലോകരാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെയും അന്താരാഷ്ട്ര സന്ദർശകരെയും അബൂദബിയിലേക്ക് വീണ്ടും ആകർഷിക്കാൻ പദ്ധതിയൊരുക്കുമെന്ന് ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ടൂറിസം വികസന ഭാഗമായി അഞ്ചു വർഷത്തിനുള്ളിൽ 5000 പുതിയ ഹോട്ടൽ മുറികൾ അബൂദബി ഹോട്ടൽ മേഖലയിൽ അധികമായി വരുമെന്നും അവർ പറയുന്നു.
സർക്കാർ ഓഫിസുകളിൽ ജീവനക്കാരെത്തി
മാസങ്ങളായി വീട്ടിലിരുന്ന് ജോലിചെയ്ത ഫെഡറൽ സർക്കാർ ജീവനക്കാർ ഞായറാഴ്ച മുതൽ ഓഫിസിലെത്തിത്തുടങ്ങി.കോവിഡ് ബാധിതർ കുറഞ്ഞതോടെ 'വർക്ക് ഫ്രം ഹോം'അവസാനിപ്പിച്ചു. ഫെഡറൽ സർക്കാർ ജീവനക്കാരിൽ വാക്‌സിൻ എടുക്കാത്തവർ എല്ലാ ആഴ്ചയിലും സ്വന്തം ചെലവിൽ പി.സി.ആർ പരിശോധന നടത്തണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് ഇതുസംബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
അതേസമയം, ആരോഗ്യപ്രശ്നങ്ങളാൽ വാക്‌സിൻ എടുക്കാത്ത ജീവനക്കാരുടെ കോവിഡ് പരിശോധന തൊഴിലുടമയുടെ ചെലവിലായിരിക്കും.ഇതിനാവശ്യമായ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണം. ജോലിസ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ നിരീക്ഷിക്കാൻ ഓരോ വകുപ്പിലും പ്രത്യേക ജീവനക്കാരെ നിയമിക്കും. അതേസമയം, ഓൺലൈൻ പഠനം തുടരുന്ന കുട്ടികളുടെ അമ്മമാർക്ക് അധ്യയന വർഷാവസാനം വരെ വർക്ക് ഫ്രം ഹോം അനുവദിക്കും.
അജ്മാനിൽ സ്കൂൾ തുറക്കും
അജ്മാൻ എമിറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയവും ദുരന്ത നിവാരണ സംഘവും തമ്മിലുള്ള ഏകോപനത്തിെൻറ ഭാഗമായാണ് സ്വകാര്യ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധമായ വിജ്ഞാപനം പുറത്തിറക്കി. സ്കൂളുകളുടെ സൗകര്യം പരിഗണിച്ച് വിദ്യാർഥികളും അധ്യാപകരും അനുബന്ധ ജോലിക്കാരും പകുതി ഹാജരാകുന്ന തരത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ഓൺലൈൻ പഠനവും ക്ലാസ് മുറിയിൽ നേരിട്ടെത്തിയുള്ള പഠനവും രണ്ടും ചേർന്ന സമ്മിശ്ര ക്ലാസുകളും തെരഞ്ഞെടുക്കാൻ സ്കൂളുകൾക്ക് മന്ത്രാലയം നേരേത്ത അനുമതി നൽകിയിരുന്നു.
എന്നാൽ, രക്ഷിതാക്കളുമായി ചർച്ച നടത്തിയപ്പോൾ കൂടുതൽ പേരും ഓൺലൈൻ പഠന രീതിയോടാണ് താൽപര്യം പ്രകടിപ്പിച്ചത്. പുതിയ മാര്‍ഗനിര്‍ദേശം നിലവില്‍വന്നതോടെ മിക്കവാറും സ്കൂളുകളും പകുതി പ്രാതിനിധ്യ സംവിധാനത്തിലേക്ക് മാറുമെങ്കിലും നേരേത്ത ജൂണ്‍വരെ അനുമതി ലഭിച്ച ഏതാനും സ്കൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനം തുടരാനാണ് സാധ്യത.
തിരിച്ചുവരുന്നു കായികമേഖല
ഒന്നര വർഷത്തിന് ശേഷം യു.എ.ഇയിലെ ഫുട്ബാൾ ഗാലറിയിലേക്ക് കാണികളെത്തിയത് ഞായറാഴ്ചയാണ്.പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കിയതെന്നാണ് അധികൃതർ പറഞ്ഞത്. ഇത് വിജയകരമായിരിന്നുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രസിഡൻഷ്യൽ കപ്പ് ഫൈനലായിരുന്നു വേദി.
അടുത്തമാസം നടക്കുന്ന ഏഷ്യൻകപ്പ് - ലോകകപ്പ്- യോഗ്യത മത്സരങ്ങളിലും കാണികളെ അനുവദിക്കുന്നകാര്യം ഇപ്പോൾ ആലോചനയിലാണ്. ട്വൻറി 20 ലോകകപ്പ് യു.എ.ഇയിലേക്കെത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇന്ത്യയിൽ നടക്കേണ്ട ടൂർണമെൻറ് യു.എ.ഇയിലേക്ക് മാറ്റാനാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്. ഒക്ടോബറിൽ തുടങ്ങുന്ന എക്സ്പോയുടെ അഴകിന് മാറ്റു കൂട്ടി ട്വൻറി 20 ലോകകപ്പ് കൂടിയെത്തിയാൽ ആഘോഷത്തിന് ഇരട്ടിമധുരമാകും.
ദുബൈയിൽ ആഘോഷ പരിപാടികൾക്ക് അനുമതി
വിവാഹം, ഹോട്ടലിലെ ആഘോഷങ്ങൾ, സംഗീത പരിപാടികൾ തുടങ്ങിയവക്കാണ് ഇളവുകൾ നൽകിയിരിക്കുന്നത്. എന്നാൽ, ജീവനക്കാരും പങ്കെടുക്കുന്നവരും വാക്‌സിൻ എടുത്തിരിക്കണമെന്നും നിർദേശമുണ്ട്.
ഇന്നലെ മുതൽ ഒരു മാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇളവ്. ഇത് നീട്ടിയേക്കാമെന്നും അധികൃതർ വ്യക്തമാക്കി. ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
റസ്റ്റാറൻറുകളിലും കേഫകളിലും ഷോപ്പിങ് മാളുകളിലും തത്സമയ ആഘോഷ പരിപാടികൾ നടത്താം. പരിപാടികൾ അവതരിപ്പിക്കുന്നവരും ജീവനക്കാരും നിർബന്ധമായും വാക്‌സിൻ എടുക്കണം. പരിപാടികൾക്ക് 70 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ഹോട്ടലുകൾ തുറക്കാം. എന്നാൽ, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്ചയില്ല. ഹാളുകളിലെയും ഹോട്ടലുകളിലെയും വിവാഹ പരിപാടികൾക്ക് 100 പേരെ വരെ പങ്കെടുപ്പിക്കാം. പങ്കെടുക്കുന്നവരും ജീവനക്കാരും വാക്‌സിൻ സ്വീകരിച്ചവരാകണം. വീട്ടിലെ വിവാഹാഘോഷത്തിന് 30 പേർക്ക് മാത്രമാണ് അനുമതി. റസ്റ്റാറൻറുകളുടെ ഒരു ടേബിളിന് ചുറ്റും പത്ത് പേർക്ക് വരെ ഇരിക്കാം. കോഫി ഷോപ്പുകളിൽ ഒരു ടേബിളിൽ ആറ് പേർ അനുവദനീയം. ബാറുകൾ തുറക്കാനും അനുമതി നൽകി. എന്നാൽ, വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം.
കമ്യൂണിറ്റി സ്പോർട്സ്, സംഗീത മേള, അവാർഡ് ദാന ചടങ്ങുകൾ എന്നിവക്കും ഒരു മാസത്തേക്ക് അനുമതി നൽകി. കായിക പരിപാടികൾക്ക് ഗാലറിയുടെ 70 ശതമാനം ശേഷിവരെ കാണികളെ അനുവദിക്കാം. നേരത്തെ ഇത് 30 ശതമാനമായിരുന്നു. ഇൻഡോർ മത്സരങ്ങൾക്ക് പരമാവധി 1500 പേർക്കും ഔട്ട്ഡോർ മത്സരങ്ങൾക്ക് 2500 പേർക്കുമാണ് അനുമതി.
യു.എ.ഇയിൽ അഞ്ച് മാസത്തിനിടെ ഏറ്റവും കുറവ് കോവിഡ് ബാധിതർ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇളവുകൾ അനുവദിക്കുന്നത്. നിബന്ധനകൾ പാലിച്ചാണോ പരിപാടികൾ എന്നറിയാൻ അധികൃതർ നിരന്തരം പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.