കോവിഡ് പ്രതിരോധം: വാക്സിൻ കാമ്പയിന് തുടക്കം: ദുബൈയിൽ ഫൈസർ വാക്സിൻ നൽകി തുടങ്ങി
text_fieldsദുബൈ: ദേശീയ ദുരന്ത നിവാരണ മാനേജ്മെൻറും കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെൻററുമായി സഹകരിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ദുബൈയിൽ സൗജന്യ കോവിഡ് വാക്സിനേഷൻ നൽകിത്തുടങ്ങി. എമിറേറ്റ്സ് സ്കൈ കാർഗോ വിമാനത്തിൽ ബ്രസൽസിൽനിന്ന് എത്തിച്ച ഫൈസർ-ബയോൻടെക് വാക്സിെൻറ ആദ്യ ബാച്ച് ആണ് സൗജന്യ വാക്സിൻ കാമ്പയിെൻറ ഭാഗമായി നൽകിത്തുടങ്ങിയത്. സ്വദേശികൾക്കും പ്രവാസികൾക്കും വാക്സിൻ സൗജന്യമായി ലഭിക്കും. ആദ്യഘട്ടത്തിൽ മുതിർന്ന പൗരന്മാർക്ക് മാത്രമാണ് വാക്സിൻ നൽകുന്നതെങ്കിലും കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന നാല് വിഭാഗങ്ങളിലുള്ളവർക്കും ബുധനാഴ്ച ഫൈസർ വാക്സിൻ നൽകി. ആദ്യ വാക്സിൻ സ്വീകരിച്ചത് 84കാരനായ മുതിർന്ന പൗരൻ അലി സാലിം അലി അലാദിദിയായിരുന്നു.
ദുബൈ ആംബുലൻസിലെ 36 കാരിയായ ഷമ സെയ്ഫ് റാഷിദ് അലാലിലി, ദുബൈ ഹെൽത്ത് അതോറിറ്റിയിലെ നഴ്സ് 45കാരിയായ ആശ സൂസൻ ഫിലിപ്പ്, റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ഡ്രൈവർ 37 കാരനായ ആസിഫ് ഖാൻ ഫാസെൽ സുബാൻ, ദുബൈ പൊലീസിലെ 32 കാരൻ ആദിൽ ഹസൻ ശുക്രല്ല എന്നിവരാണ് ആദ്യദിവസം വാക്സിൻ സ്വീകരിച്ചത്. കോവിഡ് -19 തടയുന്നതിന് 95 ശതമാനം ഫലപ്രദമായ വാക്സിൻ രണ്ട് ഡോസുകളിലാണ് നൽകുന്നത്.
യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടുത്തിടെ അംഗീകരിച്ചതും യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം രജിസ്റ്റർ ചെയ്തതുമായ ഫൈസർ-ബയോൻടെക് വാക്സിനേഷനാണ് ഡി.എച്ച്.എ നൽകുന്നത്. നാല് പ്രധാന വിഭാഗങ്ങളെയാണ് വാക്സിൻ കാമ്പയിൻ ലക്ഷ്യമിടുന്നത്. 60 വയസ്സും അതിൽ കൂടുതലും പ്രായമുള്ള ഇമാറാത്തി സമൂഹത്തിലെ മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളാൽ വലയുന്നവർ, നിശ്ചയദാർഢ്യ വിഭാഗത്തിൽപെടുന്നവർ എന്നിവരാണ് ആദ്യഘട്ടത്തിൽ. രണ്ടാമത്തെ വിഭാഗത്തിൽ പൊതു-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുൻനിരക്കാർ ഉൾപ്പെടുന്നു. മൂന്നാമത്തെ വിഭാഗത്തിൽ സുപ്രധാന മേഖലയിലെ തൊഴിലാളികളും നാലാം വിഭാഗത്തിൽ പ്രതിരോധ കുത്തിവെപ്പ് നടത്താൻ ആഗ്രഹിക്കുന്ന പൊതുജനങ്ങളും ഉൾപ്പെടുന്നു. നാലാമത്തെ വിഭാഗത്തിൽ പ്രവാസികൾക്കും സൗജന്യമായി വാക്സിൻ സ്വീകരിക്കാം.
ഘട്ടങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ച് ഓരോ വാക്സിനേഷൻ വിഭാഗത്തിനും നിർദിഷ്ട നമ്പറുകൾ നൽകുമെന്നും ഡി.എച്ച്.എ വ്യക്തമാക്കി.സബീൽ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, അൽ മിഷാർ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, നാദ് അൽ ഹമർ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, ബാർഷ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, അപ്ടൗൺ മിർഡിഫ് മെഡിക്കൽ ഫിറ്റ്നസ് സെൻറർ, ഹത്ത ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടുന്ന ആറ് ഡി.എച്ച്.എ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ലഭ്യമാണ്. യു.എ.ഇ നിവാസികൾക്ക് ഡി.എച്ച്.എ ആപ് അല്ലെങ്കിൽ ഡി.എച്ച്.എയുടെ ടോൾ ഫ്രീ നമ്പർ 800 342 വഴി രജിസ്റ്റർ ചെയ്യാനും ബുക്ക് ചെയ്യാനും കഴിയും. വാക്സിനേഷൻ ലഭിച്ചശേഷവും മുൻകരുതൽ നടപടികൾ തുടർന്നും നിരീക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും ചെയ്യേണ്ടതിെൻറ പ്രാധാന്യം ഡി.എച്ച്.എ ആവർത്തിച്ചു.
ആർക്കെല്ലാം വാക്സിൻ ലഭിക്കും
സ്വദേശി-വിദേശി വ്യത്യാസമില്ലാതെ യു.എ.ഇയിലെ എല്ലാ താമസക്കാർക്കും സൗജന്യമായി വാക്സിൻ ലഭിക്കും. എന്നാൽ, വിവിധ ഘട്ടങ്ങളിലായാണ് വാക്സിൻ നൽകുന്നതെന്നതിനാൽ കാത്തിരിപ്പ് ആവശ്യമാണ്. ഡി.എച്ച്.എ നിർദേശമനുസരിച്ച് നാലാംഘട്ടത്തിലാണ് പൊതുജനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നത്. ഇൗ ഘട്ടത്തിൽ തന്നെയാണ് പ്രവാസികൾക്കും വാക്സിൻ ലഭിക്കുക.
എങ്ങനെ രജിസ്റ്റർ ചെയ്യും
ഫൈസർ ബയോൻടെക് കോവിഡ് വാക്സിൻ കാമ്പയിനിൽ സൗജന്യമായി ലഭ്യമാകാൻ 800342 ഹോട് ലൈൻ നമ്പറിൽ ബന്ധപ്പെടുക. ആദ്യഘട്ടത്തിൽ മുതിർന്ന പൗരന്മാർക്കായിരിക്കും വാക്സിൻ നൽകുക. ദുബൈ വിസയുള്ളവർക്കും മാറാരോഗങ്ങളുള്ള 18 വയസ്സിന് മുകളിലുള്ളവർക്കും സമീപിക്കാം. സാബീൽ, അൽ ബർഷ, നാദ് അൽ ഹമ്മാർ, മംസാർ ആരോഗ്യ കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷൻ നടക്കുക. വിവരങ്ങൾക്ക്:info@dha.gov.ae.
വാക്സിൻ എടുക്കാൻ പാടില്ലാത്തവർ
•18 വയസ്സിന് താഴെയുള്ളവർ
•ഗർഭിണികൾ
•മുലയൂട്ടുന്ന അമ്മമാർ
•ഗർഭിണിയാകാൻ തയാറെടുക്കുന്നവർ
•ഭക്ഷണം, മരുന്ന് എന്നിവയുടെ അലർജിയുണ്ടാകുന്നവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.