ദുബൈ നിയന്ത്രണങ്ങൾ നീങ്ങുന്നു; പതിയെ ചടുലതയിലേക്ക്
text_fieldsദുബൈ: കർശനമായ ലോക്ഡൗണും അതിനെ തുടർന്നുണ്ടായ ആലസ്യവും മറികടന്ന് ദുബൈ നഗരം പതിയെ സാധാരണനിലയിലേക്ക് നീങ്ങുന്നു. ആവേശവും പ്രതാപവുമെല്ലാം വീണ്ടെടുത്ത് ദുബൈ ഇന്നുമുതൽ സാധാരണനിലയിലേക്ക് നീങ്ങും. എമിറേറ്റിൽ സഞ്ചാര നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ രാവിലെ ആറു മുതൽ രാത്രി 11 വരെ യാത്രകൾക്കും തടസ്സങ്ങളുണ്ടാവില്ല. ഷോപ്പിങ് മാളുകളും സൂഖുകളും ഹോട്ടലുകളും സിനിമ-വിനോദകേന്ദ്രങ്ങളുമെല്ലാം നിബന്ധനകളോടെ, എന്നാൽ നിയന്ത്രണങ്ങളെല്ലാം ലഘൂകരിച്ച് തുറക്കുന്നതോടെ ദുബൈ പൂർവസ്ഥിതിയിലേക്ക് ദിവസങ്ങൾക്കകം ചുവടുവെക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുമ്പോഴും കോവിഡിനെതിരെ കർശനമായ നിബന്ധനകൾ അക്കമിട്ടുനിരത്തിതന്നെയാണ് അധികൃതർ ദുബൈ എമിറേറ്റിനെ പൂർണതയിലേക്കെത്തിക്കുന്നത്.
എന്നാൽ, പള്ളികളുൾപ്പെടെയുള്ള ആരാധനാലയങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, ഡേകെയർസെൻററുകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. രാത്രി 11 മുതൽ പുലർച്ച ആറു മണി വരെ കർശന നിയന്ത്രണം തുടരും. ദേശീയ അണുനശീകരണ യജ്ഞം തുടരുന്ന പശ്ചാത്തലത്തിലാണിത്. ഫേസ് മാസ്ക്, സാമൂഹിക അകലം, ഗ്ലൗസ് തുടങ്ങിയവക്ക് ഒരു ഇളവുകളും നൽകിയിട്ടില്ലെന്നത് എടുത്തുപറയേണ്ടതുതന്നെയാണ്. യാത്രകൾക്കും സഞ്ചാരങ്ങൾക്കും വിലക്കുകളെല്ലാം നീങ്ങിയതോടെ ദുബൈ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെല്ലാം നേരേത്ത പ്രവർത്തിച്ചതുപോലെ പതിവുപടി സേവനം ഉറപ്പാക്കും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ഉന്നതാധികാര സമിതിയാണ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയും കർശന നിബന്ധനകൾ മുന്നോട്ടുവെച്ചും ബുധനാഴ്ച മുതൽ നഗരത്തിലെ ജീവിതം പഴയപടിയിലേക്ക് മാറ്റുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. നിലവിലെ കോവിഡ് പ്രതിസന്ധിയും അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങളും പരിശോധിച്ചും രാജ്യത്തെ സ്ഥിതിഗതികളെല്ലാം വിലയിരുത്തിയുമാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.
പ്രതിസന്ധി മറികടക്കുന്നത് നാം ഒാരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ശൈഖ് മുഹമ്മദിെൻറ നിർദേശവും ശൈഖ് ഹംദാൻ യോഗത്തിൽ പങ്കുവെച്ചു. ഡി.എച്ച്.എ, ദുബൈ പൊലീസ്, കോവിഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ, ആർ.ടി.എ, ദുൈബ നഗരസഭ, ദുബൈ ഇക്കണോമി, ദുബൈ ആംബുലൻസ്, ദുബൈ ടൂറിസം തുടങ്ങി വിവിധ വിഭാഗങ്ങളുടെ സജ്ജീകരണങ്ങളും യോഗം വിലയിരുത്തി. ദുബൈയിലെ ഹോൾസെയിൽ-റീെട്ടയിൽ സ്ഥാപനങ്ങൾക്കെല്ലാം ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. സിനിമ തിയറ്ററുകളും ജിംനേഷ്യങ്ങളും ഉൾപ്പെടെ കായിക-വിനോദകേന്ദ്രങ്ങളെല്ലാം നിബന്ധനകളോടെ പ്രവർത്തനം പുനരാരംഭിക്കും. ഇവിടങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണ്. 12 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ, 60 വയസ്സിനു മുകളിലുള്ള വയോധികർ, ഗുരുതരവും പകരുന്നതുമായ അസുഖങ്ങൾ ഉള്ളവർ എന്നിവർക്ക് ഇൗ സ്ഥാപനങ്ങളിലൊന്നും പ്രവേശന അനുമതിയില്ല. അധികൃതരുടെ അന്തിമ അനുമതി ലഭിച്ചതോടെ ദുബൈ അന്താരാഷ്ട്ര എയർപോർട്ട് പൂർണ പ്രവർത്തനത്തിലേക്ക് മടങ്ങും.
വിസ പ്രോസസ് ചെയ്യുന്ന ഔട്ട്സോഴ്സ് സർക്കാർ സേവനകേന്ദ്രങ്ങളും പുനരാരംഭിക്കും. രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഇവിടെയെത്താം. രാജ്യത്തെത്തുന്ന യാത്രക്കാർ 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടിവരും. ആരോഗ്യ മേഖലയിലും ഇളവുകൾ നൽകിയിട്ടുണ്ട്. ഇ.എൻ.ടി ക്ലിനിക്കുകൾ ഉൾപ്പെടെ ക്ലിനിക്കുകൾ എല്ലാം തുറന്നുപ്രവർത്തിക്കും. രണ്ടര മണിക്കൂറിനുള്ളിൽ പൂർത്തിയാവുന്ന ശസ്ത്രക്രിയകൾക്കും അനുമതി നൽകും. കുട്ടികളുടെ പരിശീലനകേന്ദ്രങ്ങൾ, ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കും. ഇൻഡോർ സ്പോർട്സ് കേന്ദ്രങ്ങൾ, ജിംനേഷ്യങ്ങൾ, കായിക പരിശീലനകേന്ദ്രങ്ങൾ എന്നിവ തുറക്കും. സിനിമ തിയറ്ററുകൾ തുറക്കും. എന്നാൽ, സാമൂഹിക അകലം പാലിക്കുന്നതിന് സീറ്റുകൾക്കിടയിൽ ഒഴിവ് ഉറപ്പാക്കും. സാമൂഹിക അകലം പാലിച്ച് മാത്രമായിരിക്കും തിയറ്ററുകളിലേക്കുള്ള പ്രവേശനവും പ്രവർത്തനവും. ജിമ്മുകൾ, സ്പോർട്സ് അക്കാദമികൾ, ഫിറ്റ്നസ് ക്ലബുകൾ എന്നിവയും വീണ്ടും തുറക്കും. ജിമ്മുകൾ ആകെ ഉൾക്കൊള്ളാവുന്നതിെൻറ പകുതി പേർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ. ഇവിടങ്ങളിൽ എല്ലായ്പ്പോഴും മാസ്ക് ധരിക്കൽ നിർബന്ധമാണ്. കൂടാതെ മെഷീനുകൾക്കിടയിൽ പ്ലാസ്റ്റിക് ഡിവൈഡറുകൾ സ്ഥാപിക്കുകയും വേണം. വിനോദകേന്ദ്രങ്ങളെല്ലാം നിബന്ധനകൾ പാലിച്ച് സജീവമാകുന്നതോടെ ദുബൈ ഐസ് റിങ്ക് വീണ്ടും തുറക്കും.
വീടിന് പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് ധരിക്കണമെന്ന നിയമത്തിന് മാറ്റമുണ്ടാകില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികൾ, 60 വയസ്സിനു മുകളിലുള്ള മുതിർന്നവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ അല്ലെങ്കിൽ അണുബാധയുള്ളവർ എന്നിവർക്ക് മാളുകളിലോ സിനിമാശാലകളിലോ കായിക സൗകര്യങ്ങളിലോ പ്രവേശിക്കാൻ ഇപ്പോഴും അനുവാദമില്ല. ജൂൺ ഒന്നു മുതൽ വിദേശത്തുനിന്ന് മടങ്ങുന്ന എല്ലാ താമസക്കാരും വീട്ടിൽ 14 ദിവസത്തെ ക്വാറൻറീനിൽ കഴിയണം. റസ്റ്റാറൻറുകളിൽ അണുനശീകരണം തുടർച്ചായി നടത്തേണ്ടതുണ്ട്. മാത്രമല്ല ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങളിൽ മാത്രം ഭക്ഷണം വിതരണം നടത്തണം. പൊതു ബീച്ചുകളിൽ പ്രവേശനം അനുവദിക്കില്ല. ഹോട്ടൽ ബീച്ചുകൾ ഇതിനകം അതിഥികൾക്കായി തുറന്നിരുന്നു. റെസിഡൻഷ്യൽ കെട്ടിടങ്ങളിലും കോമ്പൗണ്ടുകളിലുമുള്ള ജിമ്മുകളും സ്വിമ്മിങ്പൂളുകളും തുറക്കാൻ അധികൃതർ ഇതുവരെ അനുവദിച്ചിട്ടില്ല.
തുറന്നുപ്രവർത്തിക്കും
റീട്ടെയിൽ, മൊത്ത സ്റ്റോറുകൾ, ഷോപ്പിങ് മാളുകൾ
എയർപോർട്ട് പ്രവർത്തനം സാധാരണ നിലയിലേക്ക്.
വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾ, കുട്ടികളുടെ പഠന-തെറപ്പി കേന്ദ്രങ്ങൾ.
ഇ.എൻ.ടി ഉൾപ്പെടെയുള്ള ക്ലിനിക്കുകൾ. തിരഞ്ഞെടുത്ത ശസ്ത്രക്രിയകൾ അനുവദിക്കും
വിനോദകേന്ദ്രങ്ങൾ തുറക്കും, ദുബൈ ഐസ് റിങ്കും ദുബൈ ഡോൾഫിനേറിയവും സജീവമാകും
സിനിമ തിയറ്ററുകൾ സീറ്റുകൾക്കിടയിൽ അകലം പാലിച്ച് തുറക്കും
സ്പോർട്സ് അക്കാദമികൾ, ഇൻഡോർ ജിമ്മുകൾ, സ്പോർട്സ്, ഫിറ്റ്നസ് ക്ലബുകൾ.
ലേലം അനുവദിക്കും
അടഞ്ഞുതന്നെ കിടക്കും
സ്കൂളുകൾ, സർവകലാശാലകൾ, കുട്ടികളുടെ ഡേകെയർ സെൻററുകൾ
പള്ളികളുൾപ്പെടെയുള്ള ആരാധനാലയങ്ങൾ
ഹോട്ടലുകളിൽനിന്നുള്ള സ്വകാര്യ ബീച്ചുകൾ ഒഴികെയുള്ള ബീച്ചുകൾ
റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ ജിമ്മുകളും സ്വിമ്മിങ്പൂളുകളും
നിയന്ത്രണങ്ങൾ
12 വയസ്സിനു താഴെയുള്ള കുട്ടികൾ, 60 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് ഷോപ്പിങ് സെൻററുകൾ, സിനിമാശാലകൾ, ജിമ്മുകൾ തുടങ്ങിയവയിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല.
അണുനശീകരണം നടക്കുന്ന (രാത്രി 11 മുതൽ രാവിലെ 6 വരെ) സമയത്ത് എല്ലാം അടക്കണം
എല്ലാവരും എല്ലായ്പ്പോഴും ഫേസ് മാസ്ക് ധരിക്കണം.
എല്ലാവരും എപ്പോഴും രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കണം.
രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ക്വാറൻറീനിൽ കഴിയണം
റസ്റ്റാറൻറുകളിൽ ഒറ്റ ഉപയോഗത്തിനുള്ള പാത്രങ്ങൾ മാത്രമേ അനുവദിക്കൂ.
റസ്റ്റാറൻറുകളിൽ അണുനശീകണ പ്രവർത്തനം തുടർച്ചയായി നടത്തണം.
പ്രത്യേക നിർദേശങ്ങൾ
മൊത്തം ശേഷിയുടെ 70 ശതമാനം മാത്രം ഉപയോഗിക്കുക.
എല്ലാ മാൾ ഓപറേറ്റർമാരും സുരക്ഷാമാനദണ്ഡങ്ങൾ വിന്യസിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.
മാളുകൾക്കും റീട്ടെയിൽ ഔട്ട്ലെറ്റുകൾക്കും രാവിലെ ആറിനും രാത്രി 10നുമിടയിൽ അവർക്ക് അനുയോജ്യമായ പ്രവർത്തനസമയം തിരഞ്ഞെടുക്കാം.
മാളിലെ പാർക്കിങ്ങിെൻറ 30 ശതമാനം മാത്രമേ അടച്ചിടാൻ പാടുള്ളൂ.
എല്ലാ എലിവേറ്ററുകളിലും തറയിലും സാമൂഹിക അകലം സൂചിപ്പിക്കുന്ന അടയാളങ്ങൾ പതിക്കണം. കൂടാതെ ഉപയോക്താക്കൾ ഈ അടയാളങ്ങളിലാണ് നിൽക്കുന്നതെന്ന് ഉറപ്പാക്കുക
ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് മാളിൽ പ്രവേശനം കർശനമായി വിലക്കണം
12 വയസ്സിനു താഴെയുള്ള കുട്ടികൾ, രോഗവാസ്ഥയിലുള്ള മറ്റു പ്രായക്കാരായ കുട്ടികൾ എന്നിവരെ പ്രവേശിപ്പിക്കരുത്
60 വയസ്സിനു മുകളിലുള്ള മുതിർന്നവരെയും രോഗാവസ്ഥയിലുള്ളവരെയും തിരികെ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.