കോവിഡ് വ്യാപനം: പുതിയ നിർദേശങ്ങൾ 27ന് പ്രാബല്യത്തിൽ: പ്രതിരോധക്കോട്ട തീർക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് ദുബൈ
text_fieldsദുബൈ: കോവിഡ് വ്യാപനം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ മൂന്നാം ദിവസവും നിയന്ത്രണങ്ങൾ കടുപ്പിച്ച് ദുബൈ. സാമൂഹിക അകലം കർശനമാക്കുന്നതിനും കൃത്യതയോടെ പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യം. എമിറേറ്റിലുടനീളം സ്വകാര്യ പാർട്ടികൾ, കൂടിച്ചേരലുകൾ, വിവാഹങ്ങൾ, എന്നിവയിലും ഭക്ഷണശാലകൾ, ജിംനേഷ്യങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലും സാമൂഹിക അകലം സംബന്ധിച്ച് പുതിയ നിർദേശങ്ങളും പുറപ്പെടുവിച്ചു.
വിനോദ പരിപാടികളെല്ലാം വിലക്കിയതിനുപിന്നാലെയാണ് കൂടിച്ചേരലുകൾക്കും റസ്റ്റാറൻറ്, കഫേ എന്നിവിടങ്ങളിലെ ഉപഭോക്താക്കളുടെ പ്രവേശനങ്ങൾക്കും വരെ നിയന്ത്രണമേർപെടുത്തിയിട്ടുള്ളത്.സ്വകാര്യ പാർട്ടികളിലും കൂടിച്ചേരലുകളിലും ഇനി 10 പേർ മാത്രമേ പാടുള്ളൂവെന്ന് ദുബൈ ദുരന്തനിവാരണ കമ്മിറ്റി മാനേജ്മെൻറ് നിർദേശിച്ചു.സ്വകാര്യ പാർട്ടികളിലും ചടങ്ങുകളിലും നേരത്തേ 30 പേർക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് നിർത്തലാക്കിയിരിക്കുന്നത്.
മാത്രമല്ല, ഇത്തരം കൂടിച്ചേരലുകളിലും വിവാഹച്ചടങ്ങുകളിലും ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രം പ്രവേശനാനുമതി നൽകാനും നിർദേശമുണ്ട്. ഒരേസമയം 10 പേർക്ക് ഇരിക്കാവുന്ന റസ്റ്റാറൻറുകളിലെ തീൻമേശകളിലെ ഉപഭോക്താക്കളുടെ എണ്ണം ഏഴായി പരിമിതപ്പെടുത്തി. കഫേകളിൽ ഒരു ടേബിളിൽ നാലുപേർക്ക് മാത്രമേ ഇനി ഇരിക്കാൻ അനുമതിയുള്ളൂ. കൂടാതെ, ടേബിളുകൾ തമ്മിലുള്ള അകലം മൂന്നു മീറ്ററായും ഉയർത്തി.
2021 തുടക്കം മുതൽ തന്നെ രാജ്യത്തെ കോവിഡ് വ്യാപനത്തിെൻറ പ്രതിദിന നിരക്ക് ഗണ്യമായി അളവിൽ കൂടിയതിനെ തുടർന്നാണ് പൊതുജനാരോഗ്യവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കർശന നടപടികളെടുക്കാൻ ദുബൈ ഭരണകൂടം തീരുമാനിച്ചത്. റെഗുലേറ്ററി ബോഡികളായ ദുബൈ ഇക്കണോമി, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ടൂറിസം വകുപ്പുകളിലെ ഇൻസ്പെക്ടർമാർ എല്ലാ ഔട്ട്ലെറ്റുകളിലും വേദികളിലും പ്രതിരോധ മുൻകരുതൽ നടപടികൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഴുവൻ സമയവും രംഗത്തുണ്ടാവും.
ബോട്ടുകളിലെയും ഫ്ലോട്ടിങ് റസ്റ്റാറൻറുകളിലെയും വിനോദ പരിപാടികൾ നിർത്തിവെക്കാൻ ദുബൈ മാരിടൈം സിറ്റി അതോറിറ്റി (ഡി.എം.സി.എ) കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.പ്രതിദിന കോവിഡ് വ്യാപന നിരക്ക് കുത്തനെ കൂടിയ പശ്ചാത്തലത്തിൽ പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ ദുബൈയിൽ വീണ്ടും ശക്തമാക്കി.
ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്ന പൊതുപരിപാടികൾക്കും വിനോദ പരിപാടികൾക്കും പൂർണമായ വിലക്ക് കഴിഞ്ഞദിവസം തന്നെ ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ പോലും ഒരു മാസത്തേക്ക് നിർത്തിവെക്കാൻ കഴിഞ്ഞദിവസം ദുബൈ ഹെൽത്ത് അതോറിറ്റി ആശുപത്രി മാനേജ്മെൻറുകളോട് നിർദേശിച്ചിരുന്നു. ദുബൈയിലെ ഹോട്ടലുകളിലെയും റസ്റ്റാറൻറുകളിലെയും എല്ലാവിധ ലൈവ് പ്രോഗ്രാമുകളും വിനോദ പരിപാടികളും നിർത്തിവെക്കാൻ ദുബൈ ടൂറിസം വകുപ്പ് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. ഡിജെ, ഡാൻസ്, ബാൻഡുകൾ, വിരുന്ന് പാർട്ടികൾ തുടങ്ങി ആൾക്കൂട്ടം സൃഷ്ടിക്കുന്ന എല്ലാ വിനോദ പരിപാടികളും നിർത്തിവെക്കണം.
ദുബൈ ടൂറിസം മേഖലയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സീസണിലാണ് ഇൗ തീരുമാനം പുറത്തിവിട്ടിട്ടുള്ളത്.മൂന്നാഴ്ചക്കുള്ളിൽ അനുവദിച്ചതിലും അധികം ആൾക്കൂട്ടങ്ങൾ പങ്കെടുത്ത 200ൽപരം നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും 20 സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങൾക്കുശേഷമാണ് കോവിഡ് വൈറസ് വ്യാപനം രൂക്ഷമായത്. ഡിസംബർ അവസാനത്തിൽ പ്രതിദിനം 1,000 മാത്രമായിരുന്ന വൈറസ് ബാധിതരുടെ നിരക്ക് ഇപ്പോൾ പ്രതിദിനം 3,500 ആയി ഉയർന്നിരിക്കുകയാണ്. വ്യാപനം കൂടിയതിനുപിന്നാലെ യു.എ.ഇയിൽ കോവിഡ് മരണനിരക്കും ഉയർന്നു. വെള്ളിയാഴ്ച മാത്രം 10 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.