ആഘോഷങ്ങളാകാം, അതിരുകടക്കരുത്
text_fieldsഷാർജ: കോവിഡ് വ്യാപനം തടയാൻ രൂപകൽപന ചെയ്ത സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ഷാർജയിൽ വിവാഹങ്ങൾ നടത്താൻ കഴിയൂ. കഴിഞ്ഞ മാസം എമിറേറ്റ്സ് കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്, ഏഴു മാസത്തെ വിലക്കിന് ശേഷം, ഒത്തുചേരലുകൾ, സാമൂഹിക പരിപാടികൾ, വിവാഹങ്ങൾ എന്നിവ പുനരാരംഭിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പ്രത്യേക നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഷാർജ സാമ്പത്തിക വികസന വകുപ്പ് തിങ്കളാഴ്ചയാണ് ഇവയുടെ രൂപരേഖ തയാറാക്കിയത്. സുരക്ഷ നടപടികളുടെ ഭാഗമായി വേദികളുടെ ശേഷി 50 ശതമാനമാക്കി മാറ്റണം. കൂടാതെ മേശ, കസേര, ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ദിവസവും വൃത്തിയാക്കണം.
ജീവനക്കാരും സന്ദർശകരും എല്ലായ്പ്പോഴും ഫേസ് മാസ്ക്കുകളും കൈയുറകളും ധരിക്കുകയും കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കുകയും വേണം. വേദിയിലെത്തുമ്പോൾ എല്ലാവരുടെയും താപനില പരിശോധിക്കണം. ഓരോ മേശയിലും വേദിയിലുടനീളവും ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിക്കണം. ടോയ്‌ലറ്റുകൾക്ക് സമീപമുള്ള തിരക്ക് നടത്തിപ്പുകാർ നിയന്ത്രിക്കണം. ഓരോ ഉപയോഗത്തിനും ശേഷവും അവ വൃത്തിയാക്കണമെന്ന് വാണിജ്യ നിയന്ത്രണ, സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ സലിം അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.