കോവിഡ് നിയമലംഘനം: യു.എ.ഇ പിടിമുറുക്കി
text_fieldsദുബൈ: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി യു.എ.ഇ. മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച കഫെ ദുൈബ ഇക്കോണമി അധികൃതർ ഇടപെട്ട് പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. അഞ്ച് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു. അബൂദബിയിലും റാസൽ ഖൈമയിലും വിവാഹ പാർട്ടികൾ സംഘടിപ്പിച്ചതിന് എട്ടുപേരെ അറസ്റ്റ് ചെയ്തു.
ദുബൈ ഇക്കോണമിയുടെ കമേഴ്സ്യൽ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ സംഘം കഴിഞ്ഞദിവസം 673 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മാർക്കറ്റുകൾ, കമേഴ്സ്യൽ സെൻററുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. ദുബൈ ടൂറിസവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് കഫേയിൽ നിയമലംഘനം കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു ഇവിടെ ഉപഭോക്താക്കൾ ഇരുന്നത്. പാട്ട് പാടിയയാൾ മാസ്ക് ധരിച്ചിരുന്നില്ല.660 സ്ഥാപനങ്ങൾ മുൻകരുതൽ നിർദേശം കൃത്യമായി പാലിക്കുന്നതായും കണ്ടെത്തി.
ഇൻറർനാഷനൽ സിറ്റി, ബദാ എന്നിവിടങ്ങളിലെ ചെറുകിട സ്ഥാപനങ്ങൾ, ഗ്രോസറി, റെഡിമെയ്ഡ് ഷോപ്പ്, കെട്ടിടനിർമാണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയിലാണ് പ്രധാനമായും നിയമലംഘനം കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്ക് ധരിക്കാതിരിക്കൽ എന്നിവയാണ് പ്രധാനമായും കെണ്ടത്തിയ കുറ്റകൃത്യങ്ങൾ.
സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ഉൾപ്പെടുത്തിയ സ്റ്റിക്കറുകൾ പതിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. നിയമലംഘനം കണ്ടെത്തുന്നവർ ദുബൈ കൺസ്യൂമർ ആപ്പ് വഴിയും 600545555 എന്ന നമ്പർ വഴിയും വിവരം അറിയിക്കണം. consumerrights.ae വെബ്സൈറ്റിലും പരാതി സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.