വാക്സിൻ വിഡിയോയിൽ നാസിനൊപ്പം; കോവിഡ് ഹീറോയായി വസീം അഹ്മദ്
text_fieldsദുബൈ: കോവിഡിനെ ചെറുക്കുവാനുള്ള വാക്സിൻ കണ്ടെത്തുവാനുള്ള നിതാന്ത പരിശ്രമത്തിലാണ് ലോകം. കോവിഡ് പ്രതിസന്ധിയെ ഏറ്റവും ധീരവും മാനവികവുമായി നേരിടുകയും മറികടക്കുകയും ചെയ്ത യു.എ.ഇയിൽ 15,000 പേരാണ് തങ്ങളുടെ ശരീരത്തിൽ വാക്സിൻ പരീക്ഷിക്കുവാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നത്. മനുഷ്യരാശിയുടെ ചരിത്രത്തിലെ നാഴികകല്ലായി മാറിയേക്കാവുന്ന ഇൗ പരിശ്രമത്തിൽ പങ്കുചേർന്നവരിൽ ഗണ്യമായ എണ്ണമുണ്ട് മലയാളികൾ എന്നത് അഭിമാനകരം. ഏതെങ്കിലും തരത്തിലെ വ്യക്തിപരമായ നേട്ടങ്ങളോ ലാഭമോ പ്രതീക്ഷിച്ചല്ല ഇവരിൽ ഒരാളും പരീക്ഷണത്തിനായി സ്വന്തം ശരീരം ഉപയോഗിക്കാൻ സമ്മതിച്ചത്.
സ്വന്തം പിതാവിനോടു പോലും പറയാതെ അതീവ രഹസ്യമായി വാക്സിൻ പരീക്ഷണത്തിന് പോയതാണ് കണ്ണൂർ പഴങ്ങാടി സ്വദേശിയും ബിസിനസുകാരനുമായ വസീം അഹ്മദ്. എന്നാൽ വസീം കോവിഡ് വാക്സിൻ യജ്ഞത്തിൽ പങ്കാളിയായ വിവരം ഇപ്പോൾ നാട്ടിലാകെ പാട്ടായിരിക്കുന്നു. ലോക പ്രശസ്ത വ്ലോഗറും സമൂഹ മാധ്യമങ്ങളിലെ മെഗാസ്റ്റാറുമായ നാസ് തയ്യാറാക്കുന്ന നാസ്വീക്ക്ലി വിഡിയോയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വസീമിെൻറ വാക്സിനേഷൻ വിശേഷം അടുത്ത സുഹൃത്തുക്കൾ പോലുമറിയുന്നത്.
അബൂദബി ആരോഗ്യ അതോറിറ്റിയുടെയും മീഡിയാ ഒാഫിസിെൻറയും ട്വീറ്റുകൾ നിരന്തരമായി ഫോളോ ചെയ്യുന്ന വസീം വാക്സിൻ പരീക്ഷണത്തിന് വേണ്ടി സന്നദ്ധ പ്രവർത്തകരെ ക്ഷണിക്കുന്ന വിവരം അറിഞ്ഞയുടൻ പേര് രജിസ്റ്റർ ചെയ്തിരുന്നു.
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച കുഴപ്പങ്ങളും പ്രയാസങ്ങളും നേരിൽ കണ്ടനുഭവിച്ച ഒരാൾ എന്ന നിലയിൽ ഇൗ ദുരിതാവസ്ഥയിൽ നിന്ന് ജനങ്ങളെ കരകയറ്റാനുള്ള ദൗത്യത്തിന് തെൻറ പങ്ക് നിർവഹിക്കണം എന്ന് ഉറച്ചു തീരുമാനിച്ചതാണ്. ഉപ്പയോടും കൂട്ടുകാരോടുമെല്ലാം ചർച്ച ചെയ്താൽ ഒരുപേക്ഷ ഒരുപാട് അഭിപ്രായങ്ങൾ വന്നാലോ എന്നാലോചിച്ച് അത് വേണ്ടെന്നു വെച്ചു.
ആരോഗ്യവകുപ്പിൽ നിന്ന് വിളിച്ച് ശരിക്കും സമ്മതമാണോ എന്നന്വേഷിച്ചപ്പോൾ തിരിച്ചു ചോദിച്ചത് ഒന്നു മാത്രം. ഞാനീ പരീക്ഷണത്തിൽ വിധേയനാകുന്നതു മൂലം കുഞ്ഞിനോ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും പ്രയാസങ്ങളുണ്ടാകുമോ എന്ന കാര്യം മാത്രം. അതില്ലെന്ന് ഡോക്ടർ വിശദമാക്കി കൊടുത്തതോടെ പിന്നെ ആലോചിക്കാനേ നിന്നില്ല.
വാക്സിൻ എടുത്ത ശേഷം അടുത്ത കൂട്ടുകാരോട് വിവരം പറഞ്ഞിരുന്നു. നടപടിക്രമങ്ങൾ ചോദിച്ചറിഞ്ഞ് അവരും അവരുടെ സുഹൃത്തുക്കളുമെല്ലാം സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുെമല്ലാം കോടിക്കണക്കിനാളുകൾ കാണുന്ന നാസ് ഡെയ്ലിയിൽ കോവിഡ് പരീക്ഷണത്തെക്കുറിച്ചുള്ള വിഡിയോയിൽ വസീമിനെ കണ്ടതോടെയാണ് സംഗതി നാട്ടിൽമുഴുവൻ പാട്ടായത്. അതോടെ വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയാകുവാൻ ചെയ്യേണ്ടതെന്തെന്നന്വേഷിച്ച് വസീമിനെ തേടി നിരവധി കോളുകളാണെത്തുന്നത്.
കൃഷി വകുപ്പിൽ നിന്ന് അവധിയെടുത്ത് വന്ന് യു.എ.ഇയിൽ നിർമാണ ആവശ്യങ്ങൾക്കുള്ള മെറ്റൽ സാമഗ്രികൾ വിതരണം ചെയ്യുന്ന വ്യവസായത്തിന് തുടക്കമിട്ട കണ്ണൂർ പഴയങ്ങാടി എരിപുരം കെ.പി. മൊയ്തു ഹാജിയുടെയും സറീനയുടെയും മകനാണ് വസീം. മസ്ന ഹാരിസ് ജീവിത പങ്കാളി. മകൾ ഹെസ്സ വസീമിന് മൂന്നര വയസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.