കർശന നിയന്ത്രണങ്ങളോടെ പരിശീലന സ്ഥാപനങ്ങളും തുറക്കാൻ അനുമതി
text_fieldsദുബൈ: മാസങ്ങളുടെ ഇടവേളക്കുശേഷം ദുബൈയിലെ പരിശീലന സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ബുധനാഴ്ച നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതോടെ ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാനാകും. വീണ്ടും അനുമതി നൽകുമ്പോഴും കർശനമായ മാർഗനിർദേശങ്ങൾ പിന്തുടരാൻ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നോളജ് ആൻഡ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മേയ് 27 മുതൽ ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്നതിനായി കോച്ചിങ് സ്ഥാപനങ്ങളുമായി ചില നിയന്ത്രണങ്ങൾ പങ്കിടുന്നതായി നോളജ് ആൻഡ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) സ്ഥിരീകരിച്ചു. പ്രഫഷനൽ, മാനേജ്മെൻറ് വികസന പരിശീലനം നൽകുന്ന കേന്ദ്രങ്ങൾക്കും നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതോടെ തുറന്ന് പ്രവർത്തിക്കാം. മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ, കോവിഡ് -19 വൈറസ് വ്യാപനത്തെ തുടർന്ന് ഈ കേന്ദ്രങ്ങളും നേരത്തെ അടച്ചിരുന്നു. നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെയാണ് പ്രവർത്തനത്തിന് അനുമതി നൽകുന്നത്. കമ്പ്യൂട്ടർ, ഭാഷാ പരിശീലനം, സാങ്കേതിക--തൊഴിൽ പരിശീലനം, ഫൈൻ ആർട്സ്, കാലിഗ്രഫി, സംഗീതം, നൃത്തം, ശിൽപം, ചിത്രരചന എന്നിവ അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങൾക്കാണ് അനുമതി നൽകിയതെന്ന് കെ.എച്ച്.ഡി.എ ചൂണ്ടിക്കാട്ടി.
എന്നാൽ, സ്കൂളുകൾ, സർവകലാശാലകൾ, ഡേകെയർ സെൻറർ, ഹോം ട്യൂട്ടോറിയൽ, കുട്ടികൾക്കുള്ള വിവിധ ക്യാമ്പുകൾ എന്നിവ ആരംഭിക്കുന്നതിനോ സംഘടിപ്പിക്കുന്നതിനോ അനുമതിയില്ലെന്നും കെ.എച്ച്.ഡി.എ വ്യക്തമാക്കി. എമിറേറ്റ് വീണ്ടും പഴയനിലയിലേക്ക് നീങ്ങുമ്പോൾ കർശനമായ ശുചിത്വ പ്രോട്ടോക്കോൾ പാലിച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് വ്യക്തിഗത പരിശീലനം നൽകാമെന്ന് കെ.എച്ച്.ഡി.എ സർക്കുലറിൽ ചൂണ്ടിക്കാട്ടി. 50 ശതമാനം ഉദ്യോഗസ്ഥരെ മാത്രം ജോലിയിൽ പ്രവേശിപ്പിക്കുക, ഒരുതരത്തിലുമുള്ള ഒത്തുചേരൽ നടത്താതിരിക്കുക, സ്ഥാപന പരിസരത്തെ ടോയ്ലറ്റുകൾ ഉൾപ്പെടെ എല്ലാ പൊതുവായ സ്ഥലങ്ങളും ഓരോ ഉപയോഗത്തിനും ശേഷം വൃത്തിയാക്കുക, പ്രവേശന കേന്ദ്രങ്ങൾ ദിവസവും അണുവിമുക്തമാക്കുക, ഭക്ഷണപാനീയങ്ങൾക്കായി മാത്രം പാൻട്രികൾ തുറക്കുക, രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കുക, ഭക്ഷണം ഡിസ്പോസിബിൾ കണ്ടെയ്നറുകളിൽ വിതരണം നടത്തുക, ബുഫേകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തുക, പരിശീലനങ്ങൾക്കായി പുറത്തുള്ള ഒത്തുചേരലുകൾ നടത്താതിരിക്കുക, ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾ സ്ഥാപനങ്ങളുടെ പരിസരത്ത് പ്രവേശിക്കുന്നത് തടയുക, 60 വയസ്സിന് മുകളിലുള്ളവരും നിശ്ചയദാർഢ്യ വിഭാഗക്കാരും ഗർഭിണികളും 12 വയസ്സിന് താഴെയുള്ള കുട്ടികളും ഒരുതരത്തിലും സ്ഥാപനത്തിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കുക, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികൾക്ക് പരിശീലന സെഷനുകളിൽ വിലക്കേർപ്പെടുത്തുക തുടങ്ങിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ കഴിയുമെങ്കിൽ മാത്രമേ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂവെന്നും കെ.എച്ച്.ഡി.എ പുറത്തിറക്കിയ സർക്കുലറിൽ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്.
ഇവ കൂടാതെ, താപനില പരിശോധിക്കുന്നത് തെർമൽ സ്കാനിങ് സംവിധാനം നിർബന്ധമായി ഉപയോഗിക്കാനും ഓരോ ദിവസത്തിെൻറയും അവസാനം പരിസരം വൃത്തിയാക്കുകയും ശുചീകരിക്കുകയും ചെയ്യാനും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കൽ നിയമങ്ങൾ പാലിക്കുക, മാസ്ക്കുകളും സാനിറ്റൈസറുകളും നൽകുക എന്നിവക്ക് മുൻഗണന നൽകണം. കൂടാതെ, സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പക്ഷം പ്രത്യേക റൂമുകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കണം. എല്ലാ നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളും എല്ലാ ജീവനക്കാരെയും സന്ദർശകരെയും അറിയിക്കണമെന്നും സർക്കുലർ വിശദമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.