ആളും ആരവവുമില്ലാതെ ലിവ ഈന്തപ്പഴോത്സവം കൊടിയിറങ്ങി
text_fieldsഅബൂദബി: കോവിഡ് പ്രതിസന്ധിക്കിടയിലും ആളും ആരവവുമില്ലാതെ നടന്ന 16ാമത് ലിവ ഈന്തപ്പഴോത്സവം സമാപിച്ചു. പശ്ചിമ അബൂദബിയിലെ ലിവയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശാനുസരണമാണ് ഇത്തവണ സന്ദർശകർക്ക് പ്രവേശനം ഇല്ലാതെ ഈന്തപ്പഴോത്സവം നടന്നത്. ദേശീയ വൃക്ഷമായ ഈന്തപ്പന കൃഷിയെക്കുറിച്ചുള്ള അവബോധവും വിവിധ ഈന്തപ്പഴ ഉൽപാദനം വർധിപ്പിക്കാനുള്ള പ്രോത്സാഹനവും ഉറപ്പാക്കി 80ലക്ഷം ദിർഹമിെൻറ സമ്മാനങ്ങളാണ് ഈന്തപ്പഴോത്സവ നഗരിയിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമാപന ദിവസം സമ്മാനിച്ചത്.
യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലായിരുന്നു കോവിഡ് പ്രതിസന്ധിയിലും പൊലിമ നഷ്ടപ്പെടാതെ പരമ്പരാഗത കാർഷിക ഫെസ്റ്റിവൽ നടന്നത്. കോവിഡ് കാലത്തും എഴുപതിലധികം വ്യത്യസ്ത ഇനത്തിലുള്ള പകുതിപഴുത്തു പാകമായ മധുര ഈന്തപ്പഴങ്ങളുടെ പ്രദർശനത്തിൽ കർഷകരുടെ വിപുലമായ പങ്കാളിത്തമായിരുന്നു. കർഷകർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു പ്രവേശനം. യു.എ.ഇയുടെ പൈതൃകത്തെയും ചരിത്രത്തെയും ഉയർത്തിക്കാട്ടുന്നതാണ് ലിവ ഈന്തപ്പഴോത്സവമെന്ന് അബൂദബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ശൈഖ സാലം അൽ ദാഹിരി സമാപന ചടങ്ങിൽ പറഞ്ഞു. മേളയുടെ ഭാഗമായി അബൂദബി സെൻറർ ഫോർ വേസ്റ്റ് മാനേജ്മെൻറ് ആൻഡ് റീസൈക്ലിങ് പാഴ്വസ്തു ശേഖരണം, ഗതാഗതം, പൊതുജനാരോഗ്യ കീട നിയന്ത്രണ പദ്ധതികൾ എന്നിവക്കുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.