കരകാണാ കടലല മേലേ...
text_fieldsദുബൈ: പ്രവാസികളെ തേടി കപ്പലുകൾ തിരിച്ചിട്ടുണ്ടെന്ന വാർത്ത ആകാംക്ഷയോടെയാണ് പ്രവാസലോകം കാത്തിരിക്കുന്നത്. എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്ന് കരുതി ദിവസങ്ങൾ കഴിച്ചുകൂട്ടുന്ന പ്രവാസികൾക്ക് കപ്പലാണെങ്കിലും ബസാണെങ്കിലും കുഴപ്പമില്ലെന്ന മട്ടാണ്. എന്നാൽ, ടിക്കറ്റ് ബുക്കിങ്, നിരക്ക്, യാത്രാസമയം, കപ്പലിെൻറ ശേഷി, ലഗേജ് എന്നീ കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പത്തേമാരി കാലത്തിനു ശേഷവും പ്രവാസികൾ കേരളത്തിലേക്ക് കപ്പൽ യാത്ര നടത്തിയിട്ടുണ്ട്. 2001ൽ മലയാളിയായ കരീം വെങ്കിടങ്ങ് മുൻ കൈയെടുത്താണ് കൊച്ചിയിലേക്ക് രണ്ട് കപ്പൽ യാത്ര സജ്ജീകരിച്ചത്. 3000 പേരായിരുന്നു രണ്ട് കപ്പലിലായി കേരളത്തിലെത്തിയത്. പുതിയ സാഹചര്യത്തിൽ കപ്പൽ യാത്രയുടെ സാധ്യതയെക്കുറിച്ച് അദ്ദേഹം വിലയിരുത്തുന്നു...
നാലുദിവസമെങ്കിലും യാത്ര വേണം
പഴയ അനുഭവം വെച്ച് പറയുകയാണെങ്കിൽ നാലുപകലും നാല് രാത്രിയുമാണ് ദുബൈയിൽനിന്ന് കപ്പലിൽ നാട്ടിലെത്താൻ വേണ്ടത്. അഞ്ചാം ദിവസം രാവിലെ കൊച്ചിയിലെത്തും. അന്ന് 1500 പേരായിരുന്നു ഒരു കപ്പലിൽ യാത്ര ചെയ്തിരുന്നത്. ഒരാൾക്ക് 200 കിലോവരെ ലഗേജ് കൈവശം വെക്കാൻ അനുവാദം നൽകിയിരുന്നു. അഞ്ചു പേരുള്ള കുടുംബങ്ങൾ 1000 കിലോ വരെ നാട്ടിലെത്തിച്ചിരുന്നു.ഇപ്പോൾ പ്രവാസികൾക്കായി എത്തുന്നത് സൈന്യത്തിെൻറ കപ്പലാണ്. ഇതിന് 1500 പേരെകൊണ്ട് പോകാനുള്ള ശേഷിയുണ്ടാവാൻ സാധ്യത കുറവാണ്. ഏകദേശം 1000 പേരെ വഹിക്കുന്ന കപ്പലാവും എത്തുക. എന്നാൽ, സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഇത്രയും പേരെ കയറ്റുമോ എന്ന കാര്യത്തിലും സംശയമുണ്ട്. റാഷിദ് പോർട്ടിലായിരിക്കും കപ്പൽ എത്തുക. തിരിച്ച് കൊച്ചിയിലേക്കാകാനാണ് സാധ്യത. എംബസി വഴിയായിരിക്കും ടിക്കറ്റ് അനുവദിക്കുക. നാല് ദിവസത്തെ ക്വാറൻറീൻ കപ്പലിൽ െചലവഴിക്കാനും അവസരം ലഭിക്കും. പ്രത്യേക മുറികൾ കപ്പലിലുണ്ടാവും. മുമ്പ് ഇത് കുടുംബങ്ങൾക്കായിരുന്നു പ്രധാനമായും അനുവദിച്ചിരുന്നത്. ഇക്കുറി അത് ക്വാറൻറീനായോ െഎസോലേഷനായോ ഉപയോഗിക്കാൻ കഴിയും.
കപ്പൽ യാത്രക്ക് വളേരയേറെ സാധ്യതകളുള്ള കാലമാണിത്. അവധി ദിനങ്ങൾ കപ്പലിൽ െചലവഴിക്കേണ്ടി വരുന്നു എന്ന കാരണത്താലാണ് പലരും കപ്പൽ യാത്രയോട് മുഖം തിരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പലരും രണ്ടും മൂന്നും മാസം അവധിക്ക് നാട്ടിൽ പോകുന്നവരാണ്. അവർക്ക് കൂടുതൽ ലഗേജ് നാട്ടിലെത്തിക്കാനും വ്യത്യസ്തമായ യാത്ര അനുഭവിക്കാനും കപ്പൽ അവസരമൊരുക്കും. മാത്രമല്ല, വിമാനയാത്രയെക്കാൾ കുറഞ്ഞ നിരക്കിൽ കപ്പലിൽ യാത്ര ചെയ്യാനുമാകും. സീസൺ സമയത്ത് കപ്പൽ ഇറക്കിയാൽ വിമാനക്കൊള്ളക്ക് പരിഹാരമാകും.
ഒാർമയിലെ കപ്പൽ യാത്ര
2001 ജൂലൈ നാലിനാണ് ഞങ്ങളുടെ ആദ്യ കപ്പൽ പുറപ്പെട്ടത്. ബഹ്റൈനിൽ നിന്ന് ദോഹ, ദുബൈ വഴി കൊച്ചിയിലേക്കായിരുന്നു യാത്ര. ദുബൈയിൽനിന്ന് മാത്രം 700ഒാളം പേർ കയറി. 1500 പേരായിരുന്നു ആകെ യാത്രക്കാർ. ടൈലോ ഫെറി കമ്പനിയുടെ അൽസലാം താബ എന്ന കപ്പലാണ് യാത്രക്കായി തെരഞ്ഞെടുത്തത്. 400 മുതൽ 1000 ദിർഹം വരെയായിരുന്നു നിരക്ക്. നാല് ദിവസത്തെ ഭക്ഷണവും ഇതിൽ ഉൾപ്പെട്ടിരുന്നു. വിനോദ സഞ്ചാരികളായ യുവാക്കളിലായിരുന്നു ഞങ്ങളുടെ കണ്ണ്. എന്നാൽ, ഞങ്ങളെ ഞെട്ടിച്ച് ഭൂരിപക്ഷവും കുടുംബങ്ങളാണ് എത്തിയത്. ടിക്കറ്റിനായി വൻ തിരക്കായിരുന്നു. ലഗേജ് കൂടുതൽ അനുവദിച്ചതിനാൽ ചില കുടുംബങ്ങൾ വീട്ടുപകരണങ്ങൾ വരെ കപ്പലിൽ കയറ്റി.
ആദ്യ ട്രിപ്പിൽ ആളുകൾക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. യാത്രക്കാർ കുളിക്കാനും മറ്റും വെള്ളം കൂടുതലായി ഉപയോഗിച്ചതോടെ നാലാം ദിനം കുടിവെള്ളത്തിന് ക്ഷാമമുണ്ടായി. 1500 പേർ ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തിയതും പ്രതിസന്ധിയുണ്ടാക്കി. 24 ദിവസത്തിനു ശേഷം നടത്തിയ രണ്ടാം യാത്രയിൽ ഇൗ പ്രശ്നത്തിനെല്ലാം പരിഹാരം കണ്ടിരുന്നു. മൂന്നാം യാത്രയുടെ ബുക്കിങ് നടക്കുേമ്പാഴാണ് എയർലൈൻസ് കമ്പനികളുടെ ഇടപെടലുണ്ടായത്. ഇവരുടെ സമ്മർദ ഫലമായി സർക്കാർ കൂടുതൽ നിബന്ധന മുന്നിൽ വെച്ചു. ഇൗ നിബന്ധനകൾ പാലിച്ച് യാത്ര ചെയ്യാൻ കഴിയുമായിരുന്നില്ല. കപ്പൽ യാത്ര പുനരാരംഭിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പല അസോസിയേഷനുകളും അന്ന് സർക്കാറിൽ സമ്മർദം ചെലുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.