കോവിഡ് പ്രോട്ടോകോൾ ലംഘനം: അബൂദബിയിൽ സ്കൂളുകൾക്ക് രണ്ടര ലക്ഷം ദിർഹം വരെ പിഴ ചുമത്താം
text_fieldsഅബൂദബി: കോവിഡ് -19 പ്രോട്ടോകോൾ ലംഘിക്കുന്ന സ്വകാര്യ സ്കൂളുകൾ അധികൃതരിൽ നിന്ന് 2,50,000 ദിർഹം വരെ പിഴ ഈടാക്കാമെന്ന് അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അറിയിച്ചു. ഉപരിപഠനാർഥം പ്രവേശനത്തിന് അടുത്ത വർഷം അന്താരാഷ്ട്ര പരീക്ഷക്ക് തയാറെടുക്കുന്ന ഒമ്പത് മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ ഞായറാഴ്ച മുതൽ സ്കൂളുകളിൽ എത്തിയതിനു പിന്നാലെയാണ് പ്രോട്ടോകോൾ കർശനമാക്കിക്കൊണ്ടുള്ള നിർദേശം.
അബൂദബിയിലെ സ്കൂളുകളിൽ ആറാം ക്ലാസിലോ അതിനു മുകളിലോ ഉള്ള ക്ലാസുകളിൽ പ്രവേശനം നേടിയ എല്ലാ വിദ്യാർഥികൾക്കും പുതിയ അധ്യയന വർഷം ആരംഭംമുതൽ വിദൂര പഠനം നടത്താമെന്നും അറിയിച്ചിരുന്നു. ഈ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ആറാം ക്ലാസിലും അതിനു മുകളിലുമുള്ള വിദ്യാർഥികൾ സർവകലാശാല പ്രവേശനവുമായി ബന്ധപ്പെട്ട പരീക്ഷകളിൽ പങ്കെടുക്കേണ്ടതില്ലെന്നും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദൂര പഠനം തുടരാമെന്നും അഡെക് പറഞ്ഞു.
കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനും വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക ചെക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ള മാനുവൽ അഡെക് കഴിഞ്ഞ മാസാവസാനം നൽകിയിരുന്നു. അബൂദബി, അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലെ സ്വകാര്യ സ്കൂളുകൾ ഈ മാനുവലിലെ നിർദേശങ്ങൾ ലംഘിച്ചാൽ പിഴ ചുമത്തുമെന്നും അഡെക് വ്യക്തമാക്കി. ഇതോടൊപ്പം അടച്ചുപൂട്ടലുകളും നേരിടേണ്ടിവരുമെന്നും അധികൃതർ ഓർമിപ്പിച്ചു.
ആഗസ്റ്റ് 30ന് പുതിയ സ്കൂൾ വർഷാരംഭം മുതൽ ഇതുവരെ 520ലേറെ സ്കൂളുകളിൽ അധികൃതർ പരിശോധന നടത്തി. സ്കൂൾ അങ്കണത്തിലെത്തുന്ന വിദ്യാർഥികൾ ആവശ്യമായ എല്ലാ മുൻകരുതലുകളും ദിവസേന എടുക്കേണ്ടതുണ്ട്. നിരന്തരം കൈകഴുകുകയും അണുമുക്തമാക്കുകയും ചെയ്യണം. ശാരീരിക അകലം പാലിക്കുകയും എപ്പോഴും മുഖംമൂടി ധരിക്കുകയും വേണം. വാട്ടർ ബോട്ടിലുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, പുസ്തകങ്ങൾ എന്നിവ മറ്റു വിദ്യാർഥികളുമായി കൈമാറ്റം ചെയ്യരുതെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.