യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ കുറക്കുന്നു
text_fieldsദുബൈ: യു.എ.ഇയിൽ ഈ മാസം പകുതിയോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു. പൊതുസ്ഥലങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കുറക്കും. ഷോപ്പിങ് സെന്‍ററുകൾ, മാളുകൾ, വിനോദ കേന്ദ്രങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പൊതു വേദികൾ തുടങ്ങിയ ഇടങ്ങളിൽ ഈ മാസം പകുതിയോടെ പൂർണശേഷിയിൽ ആളുകളെ അനുവദിക്കാമെന്ന് യു.എ.ഇ സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റി അറിയിച്ചു. വിവാഹം, മരണം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാം. എത്ര ശതമാനം എന്നത് ഓരോ എമിറേറ്റുകളിലെയും പ്രാദേശിക സമിതികൾക്ക് തീരുമാനിക്കാമെന്നും നിർദേശമുണ്ട്. പള്ളികളിലെ സാമൂഹിക അകലം ഒന്നര മീറ്ററിൽ നിന്ന് ഒരുമീറ്ററായി ചുരുക്കി. ഈ മാസം നിരീക്ഷിച്ച ശേഷം ഈ നിയന്ത്രണവും ഒഴിവാക്കും. യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. അതേസമയം, അൽ ഹുസ്ൻ ആപ്പിലെ ഗ്രീൻ സിഗ്നൽ നിബന്ധന പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അബൂദബിയിൽ പലയിടങ്ങളിലും പ്രവേശിക്കുന്നതിന് ഗ്രീൻ സിഗ്നൽ നിർബന്ധമാണ്. ഈ നിബന്ധന തുടരും. മാസ്ക് ധരിക്കൽ പോലുള്ള നിർദേശങ്ങളും തുടരും. ഇന്നലെ 1,538 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ മാസം 4000ന് തൊട്ടടുത്ത് എത്തിയപ്പോൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നെങ്കിലും വീണ്ടും ക്ലാസ് മുറി പഠനം തുടങ്ങിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.