കോവിഡ്: പുതുവര്‍ഷാഘോഷങ്ങൾക്ക് അബൂദബിയിൽ നിയന്ത്രണം
text_fieldsഅബൂദബി: കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി അബൂദബിയില്‍ പുതുവര്‍ഷാഘോഷങ്ങൾക്ക് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. 2021 തുടക്കത്തില്‍ കോവിഡ് വ്യാപനം കുതിച്ചുയര്ന്നതിെൻറ അനുഭവപാഠമുള്ക്കൊണ്ടാണ് ഇത്തവണത്തെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിനോദ, സാംസ്കാരിക പരിപാടികളുടെ സംഘാടകര്‍ തുടങ്ങിയ പുതുവര്‍ഷരാവില്‍ ആഘോഷങ്ങള്‍ ഒരുക്കുന്നവരോടെല്ലാം സുരക്ഷ പ്രോട്ടോകോളുകള്‍ പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
സാംസ്കാരിക വിനോദ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍:
1. ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ ഉപയോഗിക്കുക: കോവിഡ് വാക്സിനേഷന് സ്വീകരിച്ച് 14 ദിവസത്തിനു ശേഷം അല്‍ ഹുസ്ൻ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം, സന്ദര്‍ശകര്‍ക്കാണെങ്കില്‍ നെഗറ്റിവ് പി.സി.ആര് ഫലം വേണം.
2. ആഘോഷപരിപാടികളില്‍ സംബന്ധിക്കുന്നവര്‍ക്കെല്ലാം 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആര് പരിശോധനഫലം വേണം.
3. പ്രവേശനകവാടങ്ങളില്‍ ഇ.ഡി.ഇ സ്കാനർ പരിശോധനയും ശരീരതാപനില പരിശോധനയും നടത്തണം.
4. മാസ്ക് ധരിക്കുന്നത് നിര്‍ബന്ധം
5. പങ്കെടുക്കുന്നവരുടെ എണ്ണം മൊത്തം ഉള്ക്കൊള്ളാനാവുന്നതിെൻറ 60 ശതമാനം മാത്രമായിരിക്കണം.
6. പങ്കെടുക്കുന്നവര്‍ തമ്മില്‍ ഒന്നരമീറ്റര്‍ ശാരീരിക അകലം പാലിച്ചിരിക്കണം.
7. ഒരു വീട്ടില്നിന്നുള്ളവര്ക്ക് ശാരീരിക അകലം പാലിക്കാതെ ഒന്നിച്ചിരിക്കാം.
8. ആഘോഷസ്ഥലത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും കൃത്യമായ രീതിയുണ്ടാകണം.
9. സാനിറ്റൈസറുകള്‍ നല്‍കണം.
10. തുടര്‍ച്ചയായി അണുനശീകരണവും സാനിറ്റൈസേഷനും നടത്തണം.
11. എല്ലാ നിബന്ധനകളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ടവരെ നിയോഗിക്കണം.
നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സാംസ്കാരിക, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വേദികളിലെത്തി പരിശോധിക്കുമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി. പുതുവത്സര ആഘോഷവേളകളിലുണ്ടാവുന്ന ജനത്തിരക്കും ഗതാഗതത്തിരക്കും നേരിടുന്നതിന് അബൂദബി പൊലീസും രംഗത്തുണ്ട്.
കോവിഡ് വ്യാപനമുണ്ടാവുന്നത് തടയാന്‍ നിരവധി മുന്‍കരുതല്‍ നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. വിനോദസഞ്ചാര മേഖലയിലും വാണിജ്യകേന്ദ്രങ്ങളിലും കനത്ത പൊലീസ് വിന്യാസമുണ്ടാകും. വാഹനങ്ങളോടിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക, മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ ഗതാഗതനിയമങ്ങള്‍ പാലിക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അലക്ഷ്യമായി വാഹനമോടിക്കുന്നതിനും അമിത ശബ്ദമുണ്ടാക്കുന്നതിനുമെതിരെ മുന്നറിയിപ്പ് നല്കിയ പൊലീസ്, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ 999 നമ്പറില്‍ വിളിച്ചറിയിക്കണമെന്നും ആവശ്യപ്പെട്ടു.
പുതുവര്‍ഷം; വലിയ വാഹനങ്ങള്‍ക്ക് വിലക്ക്
അബൂദബി: പുതുവര്ഷാരംഭവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി അബൂദബിയിലേക്കു പ്രവേശിക്കുന്നതില്‍നിന്ന് വലിയ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 2022 ജനുവരി 1 ശനിയാഴ്ച വരെ 24 മണിക്കൂര്‍ ട്രക്കുകളും തൊഴിലാളികളെ കൊണ്ടുപോകുന്ന 50 സീറ്റുകളുള്ള ബസുകളും അബൂദബി നഗരത്തിനുള്ളില്‍ നിരോധിച്ചതായി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു. അബൂദബി നഗരത്തെ ബന്ധപ്പെടുത്തുന്ന പ്രധാന നാല് പാലങ്ങളിലൂടെയും ട്രക്കുകളും ലേബര്‍ ബസുകളും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) അറിയിച്ചിരിക്കുന്നത്. വിലക്കില്‍ നിന്ന് ലോജിസ്റ്റിക്സ്, ജനറല്‍ ക്ലീനിങ് കമ്പനി വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും ഐ.ടി.സി അഭ്യർഥിച്ചു.
റോഡിലെ വേഗപരിധി കുറച്ചു
അബൂദബി: അബൂദബി-അല്‍ഐന്‍ റോഡിന്റ ഒരു ഭാഗത്തെ വേഗപരിധി പുതുക്കിയതായി അബൂദബി ഗതാഗത അതോറിറ്റി അറിയിച്ചു. റോഡ് പണി നടക്കുന്നതിനാലാണ് അല്‍ മഫ്റഖ് പാലത്തിനും ബനിയാസ് പാലത്തിനും ഇടയില്‍ വേഗപരിധി മാറ്റുന്നത്. ഡിസംബര്‍ 30, വ്യാഴാഴ്ച മുതല്‍ 2022 ഏപ്രില്‍ വരെ, അല്‍ മഫ്റഖ് പാലം മുതല്‍ ബനിയാസ് പാലം വരെയുള്ള ഭാഗത്തെ വേഗത പരിധി മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.