കോവിഡ് അതിജീവനം: ആഗോള നഗരങ്ങളിൽ അബൂദബി മുന്നില്‍
text_fieldsഅബൂദബി: ലോകം മുഴുക്കെ വിറങ്ങലിച്ച കോവിഡ് മഹാമാരിയെ അതിജീവിച്ച ആഗോള നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും മുന്നിലെത്തി അബൂദബി. ലണ്ടന്‍ ആസ്ഥാനമായ ഡീപ് നോളജ് ഗ്രൂപ്പിന്റെ ഭാഗമായ ഡീപ് നോളജ് അനലിറ്റിക്സ്(ഡി.കെ.എ) പുറത്തുവിട്ട പട്ടികയിലാണ് അബൂദബിയുടെ സുപ്രധാനനേട്ടം. പ്രാദേശികവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ ആരോഗ്യരംഗത്ത് മാതൃകപരമായ കോവിഡ് വിരുദ്ധപോരാട്ടം നടത്തിയാണ് എമിറേറ്റ് നേട്ടം കൈവരിച്ചത്.
2021 ആദ്യപകുതിയില്‍ ഡീപ് നോളജ് അനലിറ്റിക്സ് പ്രസിദ്ധീകരിച്ച പട്ടികയിലും അബൂദബി മുന്നിലെത്തിയിരുന്നു. ഇതിനുപിന്നാലെ 28 നഗരങ്ങളുടെ പ്രകടനം കൂടി വിലയിരുത്തി 100 നഗരങ്ങളുടെ പട്ടികയാണ് ഡീപ് നോളജ് അനലിറ്റിക്സ് ഇത്തവണ പ്രസിദ്ധീകരിച്ചത്. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ഭാവിയിലെ പൊതു ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സന്നദ്ധത തുടങ്ങിയ ആറ് മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് നഗരങ്ങളുടെ റാങ്ക് നിര്‍ണയിച്ചത്. സര്‍ക്കാര്‍ കാര്യക്ഷമത, സാമ്പത്തിക വീണ്ടെടുപ്പ്, ആരോഗ്യപരിചരണ നിര്‍വഹണം, ക്വാറൈന്റന് നടപടികള്‍, വാക്സിനേഷന് സ്ട്രാറ്റജി തുടങ്ങിയവയും സർവേയിൽ പരിശോധിച്ചു.
കോവിഡ് വ്യാപനത്തെ വിജയകരമായി നേരിട്ട അബൂദബിയിൽ അടച്ചുപൂട്ടലില്ലാതെ ബിസിനസുകള്‍ മുന്നോട്ടുപോയതിനൊപ്പം പൊതുസമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുകയും ചെയ്തു. പ്രതിദിനം അഞ്ചുലക്ഷത്തിലേറെ കോവിഡ് പരിശോധനകള്‍ നടത്താന്‍ എമിറേറ്റ് സംവിധാനങ്ങളൊരുക്കി. 27ഡ്രൈവ് ത്രൂ കേന്ദ്രങ്ങളൊരുക്കിയും മറ്റുമാണ് ഈ നേട്ടം കൈവരിച്ചത്. ഇതിനുപുറമെ 100 ശതമാനം കോവിഡ് വാക്സിനേഷന് കൈവരിക്കാനും സാധിച്ചു.
ആരോഗ്യ പരിചരണരംഗത്ത് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 200 ശതമാനം വര്‍ധിപ്പിക്കാനും തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളുടെ എണ്ണം 300 ശതമാനം ആക്കാനും അബൂദബിക്കായി. കോവിഡ് വാക്സിനായ ആസ്ട്ര സെനികയുടെ എവു ഷീല്‍ഡിന്റെ ആദ്യ ഷിപ്മെന്റ് ലോകത്ത് സ്വീകരിച്ചത് അബൂദബിയായിരുന്നു എന്നതിൽ കോവിഡ് വ്യാപനത്തെ അബൂദബി നേരിട്ട രീതി വ്യക്തമാക്കുന്നതാണ്. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ ലോകത്ത് 60 രാജ്യങ്ങളിലായി 260 ദശലക്ഷം വാക്സിനുകള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് അബൂദബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.