അടിയന്തര ആവശ്യക്കാർക്കും കോവിഡ് പരിശോധന; പ്രതിഷേധം ശക്തം
text_fieldsദുബൈ: വിദേശ രാജ്യങ്ങളിൽനിന്ന് അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്നവർക്ക് എയർസുവിധയിൽ ഏർപ്പെടുത്തിയിരുന്ന ഇളവ് ഒഴിവാക്കിയ കേന്ദ്രസർക്കാറിെൻറ നടപടിക്കെതിരെ പ്രവാസേലാകത്ത് പ്രതിഷേധം ശക്തം. സർക്കാറിെൻറ പ്രവാസിദ്രോഹ നടപടികൾ തുടരുന്നതിെൻറ തെളിവാണിതെന്നും മരിക്കുന്ന പ്രിയപ്പെട്ടവരെ കാണാൻ പോലുമുള്ള അവസരം നിഷേധിക്കുന്നതിന് തുല്യമാണിതെന്നും പ്രവാസി സംഘടനകളും സാമൂഹികപ്രവർത്തകരും പറഞ്ഞു. അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയിൽ ഏർപ്പെടുത്തിയിരുന്ന പ്രത്യേക ഓപ്ഷൻ വെബ്സൈറ്റിൽനിന്ന് ഒഴിവാക്കിയ വാർത്ത ഗൾഫ് മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്. ഇതേ തുടർന്ന് കേന്ദ്രസർക്കാറിനും എയർ സുവിധക്കും കേരളസർക്കാറും നോർക്കയും കത്തയച്ചിട്ടുണ്ട്. കേന്ദ്രം ഉടൻ തിരുത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
മരണം പോലുള്ള കാര്യങ്ങൾക്ക് അടിയന്തരമായി നാട്ടിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി എയർ സുവിധയിൽ അപ്ലോഡ് ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒക്ടോബർ 20 മുതലാണ് ഈ ഓപ്ഷൻ ഒഴിവാക്കിയത്. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർ യാത്രക്ക് മുമ്പ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിെൻറ നിബന്ധന. എന്നാൽ, അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവർക്ക് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നില്ല. പകരം, എയർസുവിധയുടെ സൈറ്റിൽ എക്സംപ്ഷൻ എന്ന ഭാഗത്ത് മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപ്ലോഡ് ചെയ്താൽ മതിയായിരുന്നു. ഇതാണ് ഒഴിവാക്കിയത്.
പ്രവാസികളെ ബുദ്ധിമുട്ടിലാക്കും
പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ സംവിധാനമായിരുന്നു എയർ സുവിധയിലെ 'എക്സംപ്ഷൻ' സൗകര്യം. നിരവധി മലയാളികൾ അടിയന്തര ആവശ്യങ്ങൾക്ക് ഈ സൗകര്യം ഉപയോഗിച്ച് നാട്ടിലെത്തിയിട്ടുണ്ട്. ഇത് ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്.
യു.എ.ഇയിലുള്ളവർക്ക് മൂന്നോ നാലോ മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനഫലം ലഭിക്കുമെങ്കിലും മറ്റ് രാജ്യങ്ങളിലെ അവസ്ഥ ഇതല്ല. അവർ ഏറെ ബുദ്ധിമുട്ടിലാകും. കോവിഡ് കേസുകൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യുന്ന യു.എ.ഇയിലേക്കുള്ള എയർ ബബ്ൾ കരാർ ഒഴിവാക്കി ഷെഡ്യൂൾഡ് വിമാനങ്ങൾ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എക്സ്പോ ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നതിനാൽ നിരവധിയാളുകൾ ഇവിടേക്ക് വരാൻ കാത്തുനിൽക്കുന്നുണ്ട്. ഷെഡ്യൂൾഡ് വിമാന സർവിസ് ആരംഭിക്കുന്നതോടെ തടസ്സങ്ങളില്ലാതെ യാത്രചെയ്യാനാകും. ഇരു രാജ്യങ്ങൾക്കും ഇത് ഗുണപ്രദമാകും.
-ടി.പി. സുധീഷ് (ദേര ട്രാവൽസ്)
പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി
മഹാമാരി വ്യാപിച്ചതോടെ ഏറ്റവും കൂടുതൽ പ്രഹരം ഏൽക്കേണ്ടിവന്ന സമൂഹം പ്രവാസികളാണെന്ന് നിസ്സംശയം പറയാം. കേന്ദ്രസർക്കാർ ഒരു മാനദണ്ഡവും നോക്കാതെ നിയമങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് എയർസുവിധയിെല ഇളവ് ഒഴിവാക്കിയത്.
വേണ്ടപ്പെട്ടവർ മരിച്ചാൽ പുതിയ നിയമം അനുസരിച്ച് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ടിവരും. കേന്ദ്രസർക്കാറിെൻറ കടുംപിടിത്തം മൂലം ബുദ്ധിമുട്ടുന്നത് പാവം പ്രവാസികളാണ്. ഈ തീരുമാനം സർക്കാർ ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം കടുത്ത പ്രതിഷേധവുമായി മുന്നോട്ടുപോകേണ്ടിവരും.
-അഷ്റഫ് താമരശ്ശേരി (സാമൂഹിക പ്രവർത്തകൻ)
പ്രവാസികൾക്കെതിരായ യുദ്ധപ്രഖ്യാപനം
തുടർച്ചയായി പ്രവാസിവിരുദ്ധ സമീപനം സ്വീകരിച്ച കേന്ദ്ര ഗവൺമെൻറ് അതൊരു നയമാക്കി മുന്നോട്ടുപോവുകയാണെന്ന് സംശയിക്കുന്നു. ലോകത്തും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണവും വ്യാപനവും കുറഞ്ഞ ഈ സന്ദർഭത്തിലും കോവിഡിൽനിന്ന് മുക്തമായി ന്യൂ നോർമൽ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു നടപടി എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
പ്രവാസിസമൂഹത്തിന് എതിരായ യുദ്ധപ്രഖ്യാപനം കൂടിയായി ഇതിനെ കാണേണ്ടതുണ്ട്. സാധാരണരീതിയിലുള്ള കോവിഡ് നടപടിക്രമങ്ങൾ തുടരുന്നതിൽ പ്രവാസിസമൂഹം എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, അടിയന്തരമായി നാട്ടിൽ പോകേണ്ടിവരുന്ന ആളുകളെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ മാത്രമേ പുതിയ നയം ഇടയാക്കൂ. പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി കേന്ദ്രസർക്കാർ അടിയന്തരമായി നടപടി പിൻവലിക്കണം.
-പ്രവാസി ഇന്ത്യ
ഇത് കടുംപിടിത്തം
അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് നൽകിയിരുന്ന ഇളവ് ഒഴിവാക്കിയ നടപടി കേന്ദ്രസർക്കാർ പിൻവലിക്കണം. വിദേശ രാജ്യങ്ങളിൽനിന്ന് അടിയന്തരമായി നാട്ടിലേക്ക് വരുന്നവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം. പല രാജ്യങ്ങളിലും 10 മണിക്കൂറിലേറെ വേണം ഫലം ലഭിക്കാൻ. 24 മണിക്കൂർ വരെയാണ് ആശുപത്രി അധികൃതർ പറയുന്ന സമയം.
നാട്ടിലെ വിമാനത്താവളങ്ങളിൽ വേറെ പരിശോധന നടത്തുമ്പോഴും വിദേശത്തുനിന്ന് പരിശോധന നടത്തണമെന്ന കടുംപിടിത്തം സർക്കാർ തുടരുന്നത് ശരിയായ നടപടിയല്ല. ഇളവ് ഒഴിവാക്കിയ നടപടി പിൻവലിച്ച് പ്രവാസിസമൂഹത്തെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കണമെന്ന് എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, യു.എ.ഇ കമ്മിറ്റി പ്രസിഡൻറ് രവി കൊമ്മേരി, ജനറൽ സെക്രട്ടറി സിദ്ദീഖ് ചെറുവീട്ടിൽ എന്നിവർ അറിയിച്ചു.
-ഒ.എൻ.സി.പി
മനുഷ്യത്വരഹിത നിലപാട്
എയർ സുവിധയിലെ ഇളവ് ഒഴിവാക്കിയത് മനുഷ്യത്വരഹിതമാണ്. കേന്ദ്രസർക്കാർ പ്രവാസികൾക്ക് ഏർപ്പെടുത്തുന്ന അപ്രായോഗിക നിയമങ്ങളും പ്രോട്ടോകോളുകളും പ്രവാസികളുടെ മനോനില തെറ്റിക്കുന്നതാണ്. പ്രവാസികൾ കുടുംബവും ബന്ധുക്കളും ഉള്ള സാമൂഹികജീവിയാണ് എന്ന ബോധ്യം കേന്ദ്രസർക്കാറിന് നഷ്ടപ്പെടരുത്.
എത്രത്തോളം ദ്രോഹം ചെയ്യാൻ പറ്റുമോ എന്നതിനെ കുറിച്ച് ഗൃഹപാഠം നടത്തുന്ന സർക്കാറുകൾ പ്രവാസികളുടെ കണ്ണീർ കാണുന്നില്ല. ജീവിതം വഴിമുട്ടിയ നിരവധി പ്രവാസികൾ ക്രമാതീതമായ ചാർജ് ഈടാക്കുന്ന വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ളമൂലം അവധിക്ക് പോലും നാട്ടിലേക്ക് പോകാൻ തയാറാവാതെ വിസ വീണ്ടും പുതുക്കി ഇവിടെ തുടരുന്ന അവസ്ഥയുണ്ട്. ഇത്തരം വിഷയങ്ങൾ പഠിക്കാൻ വിദഗ്ധസമിതികളെ ചുമതലപ്പെടുത്തി ശാശ്വത പരിഹാരം കണ്ടെത്തണമെന്നും പി.സി.എഫ് യു.എ.ഇ ജനറൽ സെക്രട്ടറി കാഞ്ഞാർ കരീം ആവശ്യപ്പെട്ടു.
-പി.സി.എഫ്
രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധിക്കണം
അടിയന്തരഘട്ടങ്ങളിൽ പ്രവാസികൾക്ക് പി.സി.ആർ പരിശോധന ഇല്ലാതെ നാട്ടിലേക്ക് യാത്ര അനുവദിച്ചുള്ള ഇളവ് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. ഉറ്റവരുടെ മരണമോ മറ്റ് അത്യാവശ്യങ്ങളോമൂലം യാത്രചെയ്യേണ്ടിവരുന്ന പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണിത്.
അത്യാസന്ന നിലയിലുള്ള ബന്ധുക്കളെ അവസാനമായി ഒരു നോക്കുകാണാനോ മരിച്ചവരുടെ മുഖം അവസാനമായി കാണാനോയുള്ള അവസരമാണ് ഇതിലൂടെ കേന്ദ്രസർക്കാർ നിഷേധിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ അനുസ്യൂതം തുടരുകയാണ്. എയർപോർട്ടിൽ പി.സി.ആർ പരിശോധന നടത്തുന്ന അവകാശം സ്വകാര്യ കമ്പനികൾക്ക് തീറെഴുതി അന്യായമായ നിരക്ക് ഈടാക്കി പ്രവാസികളെ പിഴിയുന്ന നടപടിക്ക് പുറമെയാണ് യാത്രയിളവ് നിർത്തലാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവാസിദ്രോഹ നടപടിക്ക് എതിരെ മുന്നോട്ടുവരണം.
-എൻ.കെ. കുഞ്ഞമ്മദ് (ലോക കേരളസഭ അംഗം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.