കോവിഡ് ചികിത്സ: ദുബൈയിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്വാറന്റീന് ഒഴിവാക്കി
text_fieldsദുബൈ: കോവിഡ് രോഗികളുമായി ഇടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദുബൈയിലും ക്വാറന്റീന് ഒഴിവാക്കി. ദുബൈ കോവിഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ നിർദേശമനുസരിച്ചാണ് തീരുമാനമെന്ന് ദുബൈ ഹെൽത്ത്കെയർ അതോറിറ്റി (ഡി.എച്ച്.എ) സർക്കുലറിൽ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഇല്ലാത്തവരും ബൂസ്റ്റർ ഡോസ് അടക്കം വാക്സിനേഷൻ പൂർത്തീകരിച്ചവരുമായ ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് ഇളവ് ലഭിക്കുക. ജനുവരി 20 മുതൽ നടപ്പിലാവുന്ന രൂപത്തിലാണ് അതോറിറ്റി സർക്കുലർ അയച്ചത്. അബൂദബി ആരോഗ്യ വകുപ്പും സമാനമായ തീരുമാനമെടുത്തിരുന്നു.
എന്നാൽ, ഓരോ 48 മണിക്കൂറിലും പി.സി.ആര് ടെസ്റ്റ് നടത്തണമെന്നും ജോലിസമയത്ത് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കണമെന്നും അബൂദബി ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ജോലിനിര്‍ത്തി ഉടന്‍തന്നെ ക്വാറന്റീനില്‍ പ്രവേശിക്കുകയും വേണം. യു.എ.ഇ ലൈസൻസുള്ള എല്ലാ ആരോഗ്യ വിദഗ്ധർക്കും അബൂദബിയിലെ ലൈസന്‍സുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ 2022 ഡിസംബര്‍ അവസാനം വരെ ജോലി ചെയ്യാന്‍ അനുവാദം നല്‍കിയതായും ആരോഗ്യവിഭാഗം സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നു. യു.എ.ഇയിൽ കോവിഡ് കേസുകളിൽ വർധനയുണ്ടായ സാഹചര്യത്തിലാണ് വിവിധ എമിറേറ്റുകളിൽ ആരോഗ്യപ്രവർത്തകർക്ക് ക്വാറന്റീനിൽ ഇളവ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.