കോവിഡ് വാക്സിൻ പരീക്ഷണത്തിെൻറ ഭാഗമായി മലയാളികളടക്കമുള്ള ആരോഗ്യ പ്രവർത്തകർ
text_fieldsഅബൂദബി: കോവിഡിനെതിരായ പോരാട്ടത്തിെൻറ മുന്നണിയിലുള്ള ആരോഗ്യപ്രവർത്തകർ മഹാമാരി തടയാനുള്ള വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത് പുത്തൻ മാതൃക തീർക്കുന്നു. യു.എ.ഇയിലെ പ്രമുഖ ആരോഗ്യ ഗ്രൂപ്പായ വി.പി.എസ് ഹെൽത്ത്കെയറിനു കീഴിലുള്ള ആരോഗ്യപ്രവർത്തകരാണ് വാക്സിൻ പരീക്ഷണത്തിൽ വളൻറിയർമാരായി പങ്കുചേരുന്നത്. ഈദ് അവധിക്കിടെ ആദ്യബാച്ചിൽ 109 ആരോഗ്യപ്രവർത്തകർ പരീക്ഷണത്തിെൻറ ഭാഗമായി വാക്സിൻ സ്വീകരിച്ചു. നിരവധി മലയാളികളും ഇതിൽ ഉൾപ്പെടും. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലൊരുക്കിയ പ്രത്യേക കേന്ദ്രത്തിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വാക്സിൻ നൽകിയത്. സിനോഫാം ചൈന നാഷനൽ ബയോടെക് ഗ്രൂപ് വികസിപ്പിച്ചെടുത്ത വാക്സിൻ കോവിഡിനെതിരെ ഫലപ്രദമാകുമെന്നാണ് ആദ്യ രണ്ടുഘട്ട പരീക്ഷങ്ങൾക്കു ശേഷം പ്രതീക്ഷിക്കപ്പെടുന്നത്. അബൂദബിയിൽ പുരോഗമിക്കുന്ന മൂന്നാംഘട്ട പരീക്ഷണം അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയും ജി42 കമ്പനിയും സംയുക്തമായാണ് ഏകോപിപ്പിക്കുന്നത്.
'4ഹ്യൂമാനിറ്റി' എന്ന പേരിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ അബൂദബി, മുസഫ, അൽഐൻ മേഖലകളിലെ ലൈഫ്കെയർ, ബുർജീൽ, മെഡിയോർ, ആശുപത്രികളിൽ നിന്നും വി.പി.എസ് മെഡിക്കൽ സെൻററുകളിൽ നിന്നുമുള്ള ആരോഗ്യപ്രവർത്തകരാണ് ഭാഗമായത്. കോവിഡിനെതിരായ വാക്സിൻ എത്രയുംവേഗത്തിൽ ലഭ്യമാകേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിനെ തുടർന്നാണ് വാക്സിൻ പരീക്ഷണത്തിെൻറ ഭാഗമായതെന്ന് മുസഫ എൽ.എൽ.എച്ച് ഹോസ്പിറ്റലിൽ സ്പെഷലിസ്റ്റ് സർജൻ ഡോ. സജിത്ത് പി.എസ് പറഞ്ഞു. സങ്കീർണ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന കോവിഡ്ബാധിതരെ സഹായിക്കാൻ കഴിവിെൻറ പരമാവധി ഉപയോഗിക്കുകയായിരുന്നു മാസങ്ങളായി ആരോഗ്യരംഗത്തുള്ള ഞങ്ങൾ എല്ലാവരും. പലരും നിസ്സഹായരായി നിൽക്കുന്നത് നേരിൽ കാണേണ്ടിവന്നിട്ടുണ്ട്. കൂടുതൽ േപർക്ക് ജീവൻ നഷ്ടമാകാതിരിക്കാൻ വാക്സിൻ എത്രയും വേഗം ലഭ്യമാക്കാനാണ് ശ്രമം. അതിനെ സഹായിക്കുകയെന്നത് ഡോക്ടറെന്ന നിലയിൽ കടമയായതുകൊണ്ടാണ് പരീക്ഷത്തിെൻറ ഭാഗമായതെന്നും ഡോ. സജിത്ത് വ്യക്തമാക്കി.വാക്സിൻ സ്വീകരിച്ച അബൂദബി എൽ.എൽ.എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അൻറു ജോസഫും യു.എ.ഇയിലെ പരീക്ഷണം ഫലപ്രാപ്തിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ്. യു.എ.ഇയിലെ വാക്സിൻ പരീക്ഷണത്തിന് വി.പി.എസ് ഹെൽത്ത്കെയർ എല്ലാ സഹായവും നൽകുമെന്ന് ബുർജീൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ലാലു ചാക്കോ അറിയിച്ചു. പരീക്ഷണത്തിെൻറ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അബൂദബി അഡ്നെക്കിലെ കേന്ദ്രത്തിൽ എൻറോൾ ചെയ്യാം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുമണിവരെയാണ് പ്രവൃത്തി സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.