കോവിഡ്- വാക്‌സിൻ പരീക്ഷണം; 20 ദിവസത്തിനുള്ളിൽ
text_fieldsഅബൂദബി: ആരോഗ്യവകുപ്പിെൻറ സഹകരണത്തോടെ അബൂദബിയിൽ നടക്കുന്ന കോവിഡ് വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 20 ദിവസത്തിനകം വിവിധ രാജ്യങ്ങളിൽനിന്നുള്ള 2500 സന്നദ്ധപ്രവർത്തകരിൽ കോവിഡ്-19 വാക്‌സിൻ പരീക്ഷിച്ചതായി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ ഓപറേഷൻസ് ഡയറക്ടർ ഡോ. ഷമ്മ ഖലീഫ അൽ മസ്രൂയി അറിയിച്ചു. കൂടുതൽ സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരേണ്ടതുണ്ട്. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരുടെ എണ്ണം 10,000ലേറെ ആയെങ്കിലും വ്യവസ്ഥകൾക്കനുസൃതമായാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. 18 നും 60 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള വ്യക്തിയായിരിക്കണം. മെഡിക്കൽ ചരിത്രവും ശാരീരിക പരിശോധന രേഖകളും അവലോകനം ചെയ്ത ശേഷം പങ്കെടുക്കുന്നയാളുടെ ആരോഗ്യസ്ഥിതി മികച്ചതാണെന്നുറപ്പാക്കിയാണ് തിരഞ്ഞെടുക്കുന്നത്. ഗർഭിണികളെ പരിഗണിക്കില്ല. ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കുന്ന സമയത്ത് മുലയൂട്ടുന്നവരും ആകരുത്. പങ്കെടുക്കുന്ന ആദ്യ മൂന്ന് മാസങ്ങളിൽ ഗർഭിണിയാകാൻ പദ്ധതിയിടരുതെന്നും നിർദേശത്തിൽ പറയുന്നു.
അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ, വാക്സിൻ നിർമാതാക്കളായ ജി 42 ഹെൽത്ത് കെയർ എന്നിവയുടെ നേതൃത്വത്തിലാണ് വാക്സിൻ കുത്തിവെക്കുന്നത്. മഹാമാരിയെ നിയന്ത്രിക്കുന്നതിനും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനും ഈ ശാസ്ത്രീയ പഠനത്തിൽ സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം സഹായിക്കുമെന്ന് ഡോ. ഷമ്മ ഖലീഫ ചൂണ്ടിക്കാട്ടി. സന്നദ്ധസേവനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അബൂദബി നാഷനൽ എക്‌സിബിഷൻ സെൻററിലെ (അഡ്‌നെക്) ഫീൽഡ് ക്ലിനിക് സന്ദർശിക്കാം. പുതിയ വാക്‌സിൻ പരീക്ഷണത്തിന് യോഗ്യതയുള്ളവരുടെ ആരോഗ്യനില പരീക്ഷിക്കും. ഇതിൽ വിജയിക്കുന്നവരെ മാത്രമാണ് മൂന്നുദിവസത്തിനുശേഷം വാക്‌സിൻ പരീക്ഷണത്തിനുള്ള കുത്തിവെപ്പ് നൽകുക. ഉയർന്ന രക്തസമ്മർദം, പ്രമേഹം, രക്തത്തിൽ അമിത കൊഴുപ്പ് തുടങ്ങിയവയുള്ളവരെയും സാംക്രമിക രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരെയും പരീക്ഷണത്തിന് തിരഞ്ഞെടുക്കില്ല.
വാക്‌സിനിൽ സ്വീകരിച്ചവരുടെ രക്തത്തിൽ ആൻറിബോഡി രൂപവത്കരണം പരിശോധിക്കും. ആദ്യത്തെ ഡോസ് സ്വീകരിക്കുന്നതുമുതൽ അവസാന ഡോസ് വരെ ഫോൺ വഴിയുള്ള ഫോളോഅപ് തുടരും. 12 മാസംവരെ വാക്‌സിൻ സ്വീകരിച്ച എല്ലാ സന്നദ്ധപ്രവർത്തകരെയും ആരോഗ്യസംഘടനകളും മെഡിക്കൽ ടീമുകളും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുമെന്നും ഡോ. ഷമ്മ അൽ മസ്രൂയി ചൂണ്ടിക്കാട്ടി. വാക്‌സിൻ സ്വീകരിച്ചവർക്ക് ക്ലിനീക്കൽ പഠന കാലയളവിൽ എന്തെങ്കിലും പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ നേരിട്ടാൽ തുടർനടപടികൾക്ക് ചുമതലയുള്ള ഡോക്ടറുമായി ബന്ധപ്പെടണം. ഡോക്ടറെ ഹോട്ട് ലൈനിലും വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.