അബൂദബിയിൽ വാക്സിനെടുത്ത കോവിഡ് ബാധിതർക്ക് ഗ്രീൻപാസിന് പി.സി.ആർ വേണ്ട
text_fieldsഅബൂദബി: എമിറേറ്റിൽ വാക്സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതർക്ക് ഗ്രീൻപാസ് ലഭിക്കാൻ ഇനിമുതൽ പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ഫലം ആവശ്യമില്ല. പോസറ്റിവ് ആയി 11 ദിവസം പിന്നിട്ടാൽ അൽഹുസ്ൻ ആപ് തനിയെ പച്ചനിറമാകും. നേരത്തേ ഇതിന് രണ്ട് പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആകണമായിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് അൽഹുസ്ൻ ആപ്പിലെ ഗ്രീൻപാസ് പ്രോട്ടോകോളിൽ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തേ കോവിഡ് പോസിറ്റിവ് ആകുന്നവരുടെ അൽഹുസ്ൻ ആപ് ചുവപ്പിൽ നിന്ന് പച്ചയാകണമെങ്കിൽ 11 ദിവസം പിന്നിട്ട് രണ്ട് പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആകണമായിരുന്നു.
എന്നാൽ, പുതിയ അറിയിപ്പനുസരിച്ച് 11 ദിവസത്തെ ക്വാറന്‍റീൻ പിന്നിടുന്നതോടെ ആപ് തനിയേ പച്ചയാകും. ഈ പച്ച നിറം 30 ദിവസം നിലനിൽക്കും. പിന്നീട് ഇത് ചാരനിറമാകും. ഗ്രീൻപാസ് നിലനിർത്താൻ പിന്നീട് 14 ദിവസത്തിനിടയിൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് ആകണം. അടുത്ത 60 ദിവസങ്ങളിൽ ഓരോ 14 ദിവസവും പി.സി.ആർ പരിശോധന നടത്താൻ അധികൃതർ നിർദേശിക്കുന്നുണ്ട്. പോസിറ്റിവ് ആയവർ 90 ദിവസത്തിന് ശേഷമായിരിക്കണം വാക്സിൻ സ്വീകരിക്കുന്നത്.
ബൂസ്റ്റർ ഡോസിനും ഇത് ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.