കോവിഡ് നിയമലംഘനം: ദുബൈയിൽ ആറ് കടകൾ അടപ്പിച്ചു
text_fieldsദുബൈ: കോവിഡ് വ്യാപനം തടയുന്നതിനായി അധികൃതർ നിർദേശിച്ച മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ചവരുത്തി ദുബൈയിലെ ആറു വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ദുബൈ മുനിസിപ്പാലിറ്റി നിർദേശം നൽകി. സുരക്ഷ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം കണ്ടെത്തിയ 37 സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി പരിശോധക സംഘം കർശന മുന്നറിയിപ്പ് നൽകി.
അനുവദിച്ചതിലും അധികംപേരെ പ്രവേശിപ്പിച്ചതിനെ തുടർന്ന് ബുർജ് ഖലീഫക്കു സമീപം പ്രവർത്തിക്കുന്ന രണ്ട് ഷിഷാ കഫേകൾ അടപ്പിച്ചു. ആരോഗ്യനടപടികൾ ലംഘിച്ചതിനും ജീവനക്കാരുടെ വ്യക്തിഗത ശുചിത്വം പാലിക്കാത്തതിനാലും അൽ ജാഫിലിയ, അൽ ധഗയ എന്നിവടങ്ങളിലെ ലോൺട്രി സർവിസ് സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. ഫേസ് മാസ്ക് ധരിക്കാത്ത ജീവനക്കാരെ കണ്ടെത്തിയതിനെ തുടർന്ന് അൽ ബർത്ത സൗത്തിലെ ഫിറ്റ്നസ് സെൻറർ ഉടമയോട് അടച്ചിടാൻ നിർദേശിച്ചു. നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അൽ മുത്തീനയിലെ മസാജ് സെൻററും പരിശോധക സംഘം അടപ്പിച്ചു. സാമൂഹിക ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി പരിശോധന കാമ്പയിൻ തുടരുമെന്നും ഇതുവരെയായി 2386ൽപരം പരിശോധനകൾ പൂർത്തീകരിച്ചതായും മുനിസിപ്പാലിറ്റി ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
ദുബൈ സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി) സംഘടിപ്പിച്ച പരിശോധനയിൽ ഹെൽത്ത് പ്രോട്ടോകോൾ ലംഘിച്ച ദുബൈയിലെ പത്ത് വാണിജ്യസ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. നിയമലംഘനം ശ്രദ്ധയിൽപെട്ട 246 പേർക്ക് പിഴ ചുമത്തിയതായും 93 പേർക്ക് കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയതായും ഡി.ഇ.ഡി അറിയിച്ചു. ഫോസ് മാസ്ക് ധരിക്കാത്തതും സ്ഥാപനങ്ങളിൽ വേണ്ടത്ര ശാരീരിക അകലം പാലിക്കാത്തതുമായി ബന്ധപ്പെട്ടതാണ് മിക്ക നിമയലംഘനങ്ങളുമെന്ന് ഡി.ഇ.ഡി അധികൃതർ വ്യക്തമാക്കി. സുരക്ഷാ പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
ഷാര്‍ജയില്‍ റസ്റ്റാറൻറുകൾക്കും സലൂണുകള്‍ക്കും പിഴ
ഷാര്‍ജ: കോവിഡ് സുരക്ഷ മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ഖോര്ഫക്കാന് സിറ്റി മുനിസിപ്പാലിറ്റിയിലെ ആറ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പുരുഷ സലൂണുകള്‍, റസ്റ്റാറൻറുകൾ, പൊതു അടുക്കളകള്‍ എന്നിവക്കാണ് പിഴ ചുമത്തിയതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.
നഗരത്തിലെ 20 സ്ഥാപനങ്ങള്‍ അധികൃതർ പരിശോധിച്ചു. വൈറസ് ബാധിക്കാനുള്ള സാധ്യതയിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്നത് തടയാനുള്ള മുന്നറിയിപ്പുകള്‍ ഒന്നിലധികം സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. കോവിഡ് സുരക്ഷ പ്രോട്ടോകോളുകള്‍ക്ക് അനുസൃതമായി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ല സ്ഥാപനങ്ങളും മുൻകരുതൽ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഇത്തരം പരിശോധനകള്‍ തുടരുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.