കോവിഡ് യോദ്ധാക്കളുടെ കുടുംബത്തെ ചേർത്തുപിടിച്ച് യു.എ.ഇ
text_fieldsദുബൈ: കോവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് ജീവത്യാഗം ചെയ്ത കോവിഡ് യോദ്ധാക്കളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കുമെന്ന് അധികൃതർ. രാജ്യത്തിന് വേണ്ടി ആത്യന്തികമായി ത്യാഗം ചെയ്ത മുൻനിര യോദ്ധാക്കൾക്ക് പകരം വെക്കാൻ മറ്റൊന്നുമില്ലെന്ന് ഫ്രണ്ട് ലൈൻ ഹീറോസ് ഓഫീസ് ഡയറക്ടർ ജനറൽ ഡോ. മഹാ ബറാക്കത്ത് വ്യക്തമാക്കി. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിെൻറ ആരോഗ്യം, ഭവന ആവശ്യങ്ങൾ എന്നിവ രാജ്യത്തിെൻറ ഉത്തരവാദിത്തമായി കാണും.
മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകളിൽ തന്നെ 14 മുൻനിര നായകന്മാരെ നഷ്ടപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ സ്ഥാപിതമായ ഫ്രണ്ട്ലൈൻ ഹീറോസ് ഓഫീസ്, കോവിഡ് പോരാട്ടത്തിനിടെ വീണുപോയ പ്രിയപ്പെട്ടവരുടെ പരിചരണം ഉറപ്പാക്കാനുദ്ദേശിച്ചുള്ളതാണ്. പകർച്ചവ്യാധി സമയത്ത് കോവിഡ് -19 കൈകാര്യം ചെയ്യുന്നതിന് സംഭാവന നൽകിയ ഏതൊരാളും ഫ്രണ്ട് ലൈൻ വർക്കർ ആണ്. എമിറേറ്റുകളിലുടനീളം ലക്ഷത്തോളം പ്രധാന ജീവനക്കാരുടെ ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരിൽ ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ സ്റ്റാഫുകളും ലൈസൻസുള്ള ആരോഗ്യ പരിരക്ഷാ സന്നദ്ധപ്രവർത്തകരും ഉണ്ട്. കൂടാതെ മഹാമാരി സമയത്ത് എമർജൻസി, ക്രൈസിസ് മാനേജ്മെൻറ് ഏകോപനത്തിൽ വാപൃതരായ ആളുകളും ഉണ്ട്, ഇവരുടെയെല്ലാം ക്ഷേമം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും -ഡോ. മഹ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, മാനസികാരോഗ്യ പരിപാടികൾ, പരിശീലനം എന്നിവയിലൂടെ യുഎഇയിലെ മുൻനിര തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഓഫീസ് പിന്തുണക്കും. രാജ്യത്തെ വിവിധ പബ്ലിക് സ്കൂളുകളിലായി 4,000 ത്തിലധികം കുട്ടികളെ ഓഫീസ് നിലവിൽ സ്പോൺസർ ചെയ്യുന്നുണ്ട്. 2020 നവംബറിലെ രക്തസാക്ഷി ദിനത്തിൽ, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ്, കോവിഡ് -19 യുദ്ധത്തിന്റെ മുൻനിരയിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ വീണുപോയ വീരന്മാരുടെ കുടുംബങ്ങളെ വ്യക്തിപരമായി ഫോണിൽ വിളിച്ച് സംസാരിക്കുകയും രാജ്യത്തിനുള്ള കടപ്പാട് വൈകാരികമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കോവിഡ് മഹാമാരി ലോകത്തെ വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ, പകർച്ചവ്യാധിക്കെതിരെ മുൻനിരയിൽ നിന്ന് പോരാടുന്നവർക്ക് ആഗോളതലത്തിൽ, എല്ലാ രാജ്യങ്ങളും മതിയായ പിന്തുണ നൽകണമെന്നും ഡോ. മഹാ ബറാക്കത്ത് ആവശ്യപ്പെട്ടു. മുൻനിര പോരാളികളെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ അത് രാജ്യത്തെ ദുർബലപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് യു.എ.ഇയുടെ കൈത്താങ്ങ്
ദുബൈ: പകർച്ചവ്യാധിയെ നേരിടാൻ പാടുപെടുന്നവർക്ക് വാക്സിനുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും നൽകി ലോകത്തിന് കരുതലിെൻറ കരവലയം തീർത്ത് യുഎഇ. മഹാമാരി മൂലം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നിർലോഭ പിന്തുണയും സഹായവുമാണ് യു.എ.ഇ തുടരുന്നത്. ഇതുവരെ, 135 ലധികം രാജ്യങ്ങൾക്ക് 1,944 ടണ്ണിലധികം വൈദ്യസഹായം നൽകി. ഏകദേശം 1.9 ദശലക്ഷം ഡോക്ടർമാർക്ക് ഇതിെൻറ പ്രയോജനം ലഭിച്ചു. വികസ്വര രാജ്യങ്ങളിലേക്ക് കോവിഡ് -19 വാക്സിൻ വിതരണം സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും നിർണായക പങ്കാണ് വഹിക്കുന്നത്. ലോജിസ്റ്റിക് നെറ്റ്വർക്കുകൾ, സംഭരണ ശേഷി, കേന്ദ്ര ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവ ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് കോവിഡ് -19 നെതിരായ വാക്സിനുകളും സഹായങ്ങളും എത്തിക്കുന്നതിൽ യു.എ.ഇ വിശ്രമമില്ലാത്ത പ്രവർത്തനം തുടരുകയാണ്.
റാസൽഖൈമയിലെ ജുൽഫാറിൽ ഇപ്പോൾ പ്രതിമാസം 2 ദശലക്ഷം ഡോസ് ഹയാത്ത്-വാക്സ് വാക്സിൻ ഉൽപാദിപ്പിക്കുന്നുണ്ട്, പ്രതിവർഷം 200 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കിസാദിൽ ഒരു വാക്സിൻ നിർമാണ പ്ലാൻറ് വികസിപ്പിക്കാനും പദ്ധതിയുണ്ട് . യു.എ.ഇയിൽ ഇതുവരെ 10 ദശലക്ഷത്തിലധികം വാക്സിനുകൾ പൗരന്മാർക്കും താമസക്കാർക്കുമായി നൽകിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.