കോവിഡും തോറ്റു, കാരുണ്യവർഷത്തിന് മുന്നിൽ
text_fieldsകണക്കില്ലാത്ത കാരുണ്യംചൊരിയുന്ന പരിശുദ്ധമാസമാണ് വിശ്വാസിസമൂഹത്തിന് റമദാൻ. ശരീരവും മനസ്സും ശുദ്ധമാകുന്നതുപോലെ, കളങ്കമില്ലാത്ത സ്നേഹവും സൗഹൃദവും പൂത്തുലയുന്ന നാളുകൾകൂടിയാണിത്. ഗൾഫ് രാജ്യങ്ങളിലാണെങ്കിൽ ഇതു പരകോടിയിലെത്തും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹത്തിലും സൽക്കാരത്തിലും നിറയുന്നതാണ് ആ 30 രാപ്പകലുകൾ.
എന്നാൽ, നാളിതുവരെ കേട്ടുകേൾവിപോലുമില്ലാത്ത റമദാനായിരുന്നു കഴിഞ്ഞവർഷം വിശ്വാസികളെ തേടിയെത്തിയത്. എല്ലാം കൊട്ടിയടച്ചും എങ്ങും വിലക്കുകൽപിച്ചും വീടുകളിലൊതുങ്ങിപ്പോയ നോമ്പുകാലമായിരുന്നു അത്. ബന്ധുക്കളെയും സുഹൃത്തുക്കളുടെയും കൂടിച്ചേരലുകളില്ലാതെ അവരുടെ സാമീപ്യംപോലും ഇല്ലാതായിപ്പോയ നാളുകൾ. പരിചയം പുതുക്കി ഒന്നു ഹസ്തദാനം നടത്താനോ സൗഹൃദ ശീതളിമയിൽ ഒന്ന് ആലിംഗനം ചെയ്യാനോ അനുമതിയില്ലാത്ത നോമ്പുകാലമായിരുന്നു കഴിഞ്ഞുപോയത്.
എന്നാൽ, പ്രതിസന്ധിയിലാണ്ടുപോയ സഹജീവികൾക്ക് സ്നേഹവും കരുതലുമൊരുക്കുന്നതിനെ ഒരു മഹാമാരിക്കും തടയാനാവില്ലെന്ന് തെളിയിക്കുന്ന കാരുണ്യവർഷത്തിനും കഴിഞ്ഞ റമദാൻ സാക്ഷിയായി എന്നത് ശ്രദ്ധേയമാണ്. എല്ലാത്തിനും സഡൻ ബ്രേക്കിട്ട് ജീവിതം വീടുകളിലും ബാച്ചിലർ മുറികളും ഒതുങ്ങിപ്പോയപ്പോൾ, ഓരോ വിളിക്കും ഉത്തരം നൽകി അന്നവും മരുന്നും കരുതലുമായി കുതിച്ചുപാഞ്ഞ സാമൂഹികപ്രവർത്തകരുടെ ഇച്ഛാശക്തിക്കു മുന്നിൽ കൊറോണ വൈറസ് പോലും ഒരുവേള പതറിപ്പോയിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഒരു മഹാമാരിക്കും കാരുണ്യത്തെയും കരുതലിനെയും ലോക്ഡൗണിലിടാനാവില്ലെന്ന് ഉറക്കെ വിളിച്ചുപറയുന്നതായിരുന്നു, വിജനമായ റോഡുകളിലൂടെ സഹജീവികൾക്ക് ആശ്വാസംപകരാൻ കുതിച്ചുപാഞ്ഞ ഭക്ഷണവണ്ടികൾ. അന്നമായും അഭയമായും ആശ്വാസമായും പ്രവാസികുടുംബങ്ങളെ ചേർത്തുനിർത്തിയ ദുബൈയിലെ സന്നദ്ധപ്രവർത്തകർക്കൊപ്പം ഒരുമാസക്കാലത്തോളം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ റമദാൻ എനിക്ക് കനിഞ്ഞുനൽകിയ സന്തോഷങ്ങളിലൊന്ന്.
കുടുംബങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കെ.എം.സി.സി വനിത വിങ് നടത്തിയ ശ്രമങ്ങളിൽ മുഴുവൻ സമയം പങ്കെടുക്കാനും ആശ്വസിപ്പിക്കാനും കഴിഞ്ഞുവെന്നത് റമദാൻ പകർന്നു നൽകിയ കാരുണ്യംതന്നെയാണ്. അസൂയ തോന്നിപ്പിക്കുന്ന തരത്തിൽ ജീവിച്ചവർപോലും ഭക്ഷണക്കിറ്റ് കിട്ടുമോ എന്ന് അന്വേഷിക്കുന്നതരത്തിൽ മഹാമാരിതീർത്ത പ്രതിസന്ധി എല്ലാവർക്കും വലിയ വലിയ പാഠങ്ങൾതന്നെയാണ് പകർന്നു നൽകിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.