സി.പി.എം വർഗീയതക്ക് കുടപിടിക്കുന്നു -കെ.കെ. രമ
text_fieldsദുബൈ: താൽക്കാലിക ലാഭത്തിനായി സി.പി.എം വർഗീയതക്ക് കുടപിടിക്കുകയാണെന്നും നയങ്ങളിൽനിന്ന് പൂർണമായും വ്യതിചലിക്കുകയാണെന്നും കെ.കെ. രമ എം.എൽ.എ. ഭരണസ്വാധീനം ഉപയോഗിച്ച് കോടതി വിധികൾ പോലും അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ടി.പി. ചന്ദ്രശേഖരൻ അനുസ്മരണത്തിനെത്തിയ രമ ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. എട്ടു വർഷങ്ങൾക്കുശേഷമാണ് രമ യു.എ.ഇയിൽ എത്തുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് വൈദികനാണ്. അരമന നിരങ്ങുന്നതായിരുന്നില്ല സി.പി.എമ്മിന്‍റെ മുൻകാല നയങ്ങൾ. കേരളത്തിലേത് സംഘി പൊലീസാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തടയിടാൻ അവർക്ക് കഴിയുന്നില്ല. ജനങ്ങളെ ശത്രുപക്ഷത്താണ് കാണുന്നത്.
കെ-റെയിൽ ഇതിന് ഉദാഹരണമാണ്. കേരളത്തിന് യോജിച്ച പദ്ധതിയല്ല ഇത്. ഇതിനുപിന്നിലെ വൻ കമീഷൻ ഇടപാട് വൈകാതെ പുറത്തുവരും. റെയിൽ ഇരട്ടിപ്പിക്കൽ പോലുള്ളവയാണ് കേരളത്തിൽ അടിയന്തരമായി നടപ്പാക്കേണ്ടത്. പത്തുവർഷം കഴിഞ്ഞിട്ടും ടി.പി ഉയർത്തിയ ആശയങ്ങൾ മരിക്കുന്നില്ല എന്നതിന്‍റെ തെളിവാണ് ഓരോ അനുസ്മരണങ്ങൾക്കും ഒഴുകിയെത്തുന്ന ആയിരങ്ങൾ. ടി.പിയുടെ കൊലപാതക ഗൂഢാലോചനയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പങ്കുണ്ട്. പത്തുവർഷം കഴിഞ്ഞിട്ടും ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സർക്കാർ അത് പുറത്തുകൊണ്ടുവരുമെന്നും കരുതുന്നില്ല. കോടതിയിൽ നീതികിട്ടുമോ എന്നു നോക്കണം. അതും അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ട്. അതിനാൽ, കോടതി വിധിയിലും വലിയ പ്രതീക്ഷയില്ല. ടി.പിയെ കൊലപ്പെടുത്തിയ സമയത്ത് ഭരിച്ചിരുന്ന യു.ഡി.എഫ് പ്രതികളെ പിടികൂടിയെങ്കിലും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഉന്നതരെ പിടികൂടിയില്ല. ഇതിനുപിന്നിൽ ഉന്നത സമ്മർദമുണ്ടായേക്കാം. സർക്കാറിന്‍റെ കൊള്ളരുതായ്മകൾ വേണ്ട രീതിയിൽ ജനങ്ങൾക്കിടയിലെത്തിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സക്കുപോയ ശേഷം യു.എ.ഇ വഴി നാട്ടിലെത്തുന്നതിനുപിന്നിലും കോർപറേറ്റ് താൽപര്യങ്ങളുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. സ്ഥാനാർഥി നിർണയം പോലും സാമുദായികമായി നിശ്ചയിച്ച് സമൂഹത്തിൽ അന്തശ്ഛിദ്രം സൃഷ്ടിച്ച് അവസരവാദ നയത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് സി.പി.എം. വികസനത്തിന്‍റെ പേരിൽ എന്തും ചെയ്യാം എന്നതാണ് അവരുടെ നയമെന്നും രമ പറഞ്ഞു. വാർത്തസമ്മേളനത്തിൽ രാജീവ് കുന്നംകുളം, എ.പി. പ്രജിത്, രാഗിഷ, സുജിൽ മണ്ടോടി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.