പടക്കം അപകടകരം; നിയമവിരുദ്ധ ഉപയോഗത്തിന് വൻ പിഴ
text_fieldsദുബൈ: പടക്കങ്ങളും കരിമരുന്ന് പ്രയോഗവും അതിഗുരുതര അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. വാർഷിക കാമ്പയിനിന്റെ ഭാഗമായാണ് നിയമവിരുദ്ധ പടക്കങ്ങളുടെ ഉപയോഗം സംബന്ധിച്ച് കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാധാരണക്കാർ പടക്കങ്ങൾ ഉപയോഗിക്കരുതെന്നും ആഘോഷങ്ങൾക്കും പ്രത്യേക പരിപാടികൾക്കും ആവശ്യമായി വരുമ്പോൾ പരിശീലനം ലഭിച്ച പ്രഫഷനലുകൾ മാത്രം കൈകാര്യം ചെയ്യണമെന്നും പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടു. പൊതു സുരക്ഷയെ കൂടി ബാധിക്കുന്ന വിഷയമായതിനാൽ വീഴ്ചസംഭവിച്ചാൽ വൻതുക പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളെ പടക്കങ്ങൾ ഉപയോഗിക്കുന്നതിന് ഒരു സാഹചര്യത്തിലും അനുവദിക്കരുത്. ശാസ്ത്രീയ പഠനങ്ങൾ പ്രകാരം പടക്ക അപകടങ്ങളിൽ കണ്ണുകൾക്ക് 15 ശതമാനവും മുഖത്തും ചെവിയിലും 16 ശതമാനവും നെഞ്ചിൽ 6 ശതമാനവും കൈത്തണ്ടയിൽ 10 ശതമാനവും പരിക്കുണ്ടാകുന്നുണ്ട്. കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യം വരെ ചിലപ്പോഴെങ്കിലും രൂപപ്പെടാറുമുണ്ട്. മാത്രമല്ല, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, സൈനിക ഉപകരണങ്ങൾ, അപകടകരമായ വസ്തുക്കൾ എന്നിവയെ സംബന്ധിച്ച ഫെഡറൽ നിയമത്തിൽ സ്ഫോടകവസ്തുക്കളുടെ നിർവചനത്തിൽ പടക്കങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
നിയമപ്രകാരം, മുൻകൂർ ലൈസൻസില്ലാതെ സ്ഫോടകവസ്തുക്കൾ കൈവശം വെക്കാനോ ഇറക്കുമതി ചെയ്യാനോ കയറ്റുമതി ചെയ്യാനോ പുനർ കയറ്റുമതി ചെയ്യാനോ കടത്തിവിടാനോ പാടില്ല. ലൈസൻസില്ലാതെ പടക്ക വ്യാപാരം നടത്തുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും അല്ലെങ്കിൽ ഇവയിലൊന്ന് ശിക്ഷയായി ലഭിക്കും. നിയമവിരുദ്ധമായി പടക്കങ്ങൾ വ്യാപാരം ചെയ്യുന്നതോ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവരെ ശ്രദ്ധയിൽപെട്ടാൽ ദുബൈ പൊലീസ് കോൾ സെന്റർ നമ്പറിൽ(901) വിവരമറിയിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.