ഒ.ടി.പി പോലും വരാതെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്; യു.എ.ഇയിൽ മലയാളിക്ക് നഷ്ടമായത് ഏഴ് ലക്ഷം
text_fieldsദുബൈ: ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ പ്രധാനമായും നൽകുന്ന നിർദേശമാണ് ഒ.ടി.പി പറഞ്ഞു കൊടുക്കരുതെന്നത്. എന്നാൽ, ഒ.ടി.പി പോലും നൽകാതെ പണം നഷ്ടമായതിന്‍റെ ഞെട്ടലിലാണ് ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എൻജിനീയർ. ഇദ്ദേഹം നാട്ടിലായിരുന്ന സമയത്ത് 35,394 ദിർഹമാണ് (ഏഴ് ലക്ഷം രൂപ) ഒറ്റയടിക്ക് തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡിൽ നിന്ന് വലിച്ചത്. താൻ പിൻവലിക്കാത്ത പണം തിരിച്ചടക്കേണ്ട അവസ്ഥയിലാണ് ഇദ്ദേഹം. ഫുജൈറ പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ മാസം 12ന് ഉച്ചയോടെ പത്ത് ദിർഹം ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് ഇത്തിസാലാത്തിന്‍റെ ക്യൂക്ക് പേയിലേക്ക് പിടിച്ചതായി മെസേജ് വന്നിരുന്നു. ഇത് കാര്യമാക്കിയില്ല. ഇതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞതോടെയാണ് 35,394 ദിർഹം അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. എന്നാൽ, പണം നഷ്ടമായതായി ഇ-മെയിലോ എസ്.എം.എസോ ലഭിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞ് ക്രെഡിറ്റ് കാർഡ് േബ്ലാക്കായപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്.
ഈ കാർഡ് ഉപയോഗിച്ച് ഓൺലൈൻ പർച്ചേസ് വെബ്സൈറ്റായ നൂൺ ഡോട്കോം വഴി ഐ ഫോൺ വാങ്ങിയതായി സ്റ്റേറ്റ്മെന്റിൽ കാണിക്കുന്നുണ്ട്. ബിസിനസ് ബേയിലാണ് ഫോൺ നൽകിയിരിക്കുന്നത്. എന്നാൽ, ആരാണ് ഫോൺ വാങ്ങിയിരിക്കുന്നത് എന്ന വിവരം ഇവർ വ്യക്തമാക്കുന്നില്ല. പൊലീസ് അന്വേഷണത്തിൽ ഇത് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ബാക്കി തുക ക്രിപ്റ്റോ കറൻസിയായി മാറ്റുകയായിരുന്നു. ബാങ്കിൽ പരാതി അറിയിച്ചെങ്കിലും അവിടെ നിന്ന് ഒ.ടി.പി അയച്ചുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഫോണിൽ ഒ.ടി.പി എത്തിയിട്ടുമില്ല. എന്നിട്ടും എങ്ങിനെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമല്ല.
ഇക്കാര്യം സൂക്ഷിക്കാം:
ക്രെഡിറ്റ് കാർഡ് അക്കൗണ്ടിന്‍റെ ലിമിറ്റ് പരമാവധി കുറക്കണമെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ ഇദ്ദേഹം പറയുന്നത്.
- ടിക്കറ്റ് എടുക്കാനും അത്യാവശ്യ കാര്യങ്ങൾക്കും മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.
- നാട്ടിൽ പോകുന്ന സമയത്ത് ക്രെഡിറ്റ് കാർഡ് താൽകാലികമായി േബ്ലാക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്, ഇത് ഉപയോഗപ്പെടുത്തുക.
- നാട്ടിലാണെങ്കിലും ഇടക്കിടെ നെറ്റ് ബാങ്കിങ് പരിശോധിക്കുക.
- പർച്ചേസുകൾക്ക് മാത്രമായി ക്രെഡിറ്റ് കാർഡ് ലിമിറ്റ് ചെയ്യാൻ കഴിയും.
- പരിചയമില്ലാത്ത സ്ഥലങ്ങളിലും വെബ്സൈറ്റുകളിലും ക്രെഡിറ്റ് കാർഡ് നൽകാതിരിക്കുക.
- ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പുറത്തു നൽകാതിരിക്കുക.
- ചെറിയ തുക പിൻവലിച്ചതായി മെസേജ് വന്നാൽ പോലും ഉടൻ ബാങ്കിനെ വിവരം അറിയിക്കുക.
- അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൻ ഉടൻ കാർഡ് േബ്ലാക്ക് ചെയ്യുക.
- നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന ഫോണിൽ അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.