ക്രൂ7 ബഹിരാകാശത്തേക്ക്; നിയാദി ചുമതലകൾ കൈമാറും
text_fieldsദുബൈ: ആറു മാസത്തെ ദൗത്യം പൂർത്തീകരിച്ച് ഭൂമിയിലേക്ക് മടങ്ങാൻ തയാറെടുക്കുന്ന സുൽത്താൻ അൽ നിയാദി ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികളുടെ ചുമതലകൾ ഏറ്റെടുക്കുന്നതിനായി ക്രൂ7 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടു. സ്പേസ് എക്സ് പേടകത്തിലായിരുന്നു നാലംഗ സംഘത്തിന്റെ യാത്ര. യു.എസ്, ഡെന്മാർക്, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ ഗവേഷകരാണ് ക്രൂ7ലെ അംഗങ്ങൾ.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ശനിയാഴ്ച ഫാൽക്കൺ 9 റോക്കറ്റിലേറിയാണ് സ്പേസ് എക്സ് പറന്നുയർന്നതെന്ന് നാസ് പ്രസ്താവനയിൽ അറിയിച്ചു. ഏതാണ്ട് 30 മണിക്കൂറാണ് യാത്രാസമയം. ജാസ്മിൻ മുഖ്ബെലി, ആൻഡ്രിയാസ് മോഗൻസൻ, സതോഷി ഫുറുകാവ, കൊസ്താന്റിൻ ബോറിസോവ് എന്നിവരാണ് ക്രൂ7ലെ സഞ്ചാരികൾ. ബഹിരാകാശ നിലയത്തിലെത്തുന്ന സംഘം 69, 70 പര്യവേക്ഷണങ്ങളുടെ ഭാഗമായി ആറു മാസത്തെ ശാസ്ത്രീയമായ അന്വേഷണവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികളും ഏറ്റെടുക്കും.
ബഹിരാകാശ പേടകത്തിന്റെ നിയന്ത്രണങ്ങളുടെയും ജീവൻരക്ഷ സംവിധാനങ്ങളുടെയും പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂടുതൽ സമയം എടുത്തതിനാൽ സംഘത്തിന്റെ യാത്രാദിവസം വൈകിയിരുന്നു. ഭ്രമണപഥത്തിൽ ലാൻഡ് ചെയ്ത ഏതാനും ദിവസങ്ങൾക്കു ശേഷമായിരിക്കും ചുമതലകൾ കൈമാറുക. മാർച്ച് മൂന്നിനാണ് സുൽത്താൻ അൽ നിയാദി ഉൾപ്പെടുന്ന മൂന്നംഗ സംഘം ഐ.എസ്.എസിൽ എത്തിയത്. ആറു മാസത്തെ ദൗത്യം പൂർത്തിയായതിനാൽ സെപ്റ്റംബർ ഒന്നിനാണ് ഭൂമിയിലേക്കുള്ള ഇവരുടെ തിരികെ യാത്ര നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.