ക്രിക്കറ്റ് മാനിയ
text_fieldsഒരാഴ്ച മുൻപാണ് ലോകത്തിെൻറ കണ്ണുകളൊന്നടങ്കം യു.എ.ഇയെ തേടിയെത്തിയത്. ഒരാഴ്ച കൂടി കഴിഞ്ഞാൽ ക്രിക്കറ്റ് ലോകവും ഇമാറാത്തിലേക്ക് ഒഴുകിയെത്തുകയാനൊരുങ്ങുകയാണ്. കുട്ടിക്രിക്കറ്റിെൻറ ആവേശപ്പോരിന്, ട്വൻറി 20 ലോകകപ്പിന് ഇനി എട്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. ഒക്ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലും ട്വൻറി 20 ലോകകപ്പ് അരങ്ങ് തകർക്കുേമ്പാൾ അത് മറ്റൊരു ചരിത്രമാകും. ആദ്യമായാണ് ഗൾഫ് രാജ്യങ്ങൾ ക്രിക്കറ്റ് ലോകകപ്പിന് പിച്ചൊരുക്കുന്നത്. ആരാധകരെ സ്റ്റേഡിയത്തിൽ കയറ്റുമെന്ന അറിയിപ്പ് ചെറുതല്ലാത്ത ആവേശമാണ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചത്.
24ന് നടക്കുന്ന ഇന്ത്യ പാക് ക്രിക്കറ്റിെൻറ ടിക്കറ്റുകൾ നിമിഷങ്ങൾക്കകം വിറ്റഴിഞ്ഞെന്ന വാർത്തകൾ വിരൽചൂണ്ടുന്നത് വരാനിരിക്കുന്ന ആവേശപ്പോരിലേക്കാണ്. ഐ.പി.എൽ കലാശപ്പോരിന് ശേഷം രണ്ട് ദിവസത്തെ ഇടവേള മാത്രമാണ് ലോകകപ്പിനുള്ളത്. ഒക്ടോബർ 15ന് ദുബൈയിൽ നടക്കുന്ന ഫൈനലിലാണ് ഐ.പി.എല്ലിലെ പുതിയ ചാമ്പ്യൻമാരുടെ പട്ടാഭിഷേകം. 17 മുതൽ ലോകകപ്പ് തുടങ്ങുമെങ്കിലും യഥാർഥ മത്സരങ്ങൾ 23 മുതലാണ്. അതുവരെ പ്രാഥമിക ഘട്ടമാണ് നടക്കുക. യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന പ്രാഥമിക ഘട്ടത്തിൽ ശ്രീലങ്ക, ബംഗ്ലാദേശ്, ഒമാൻ,
പപ്പുവ ന്യൂഗിനി, നെതർലൻഡ്, സ്കോട്ട്ലൻഡ്, അയർലൻഡ്, നമീബിയ ടീമുകളാണ് മത്സരിക്കുക. ഇവരിൽ നിന്ന് ജയിച്ചെത്തുന്ന നാല് ടീമുകളെ കാത്ത് ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താൻ, വെസ്റ്റിൻഡീസ്, ന്യൂസിലൻഡ് എന്നീ വമ്പൻമാർ സൂപ്പർ 12 റൗണ്ടിലുണ്ടാവും. 23 മുതലാണ് ഇവർ തമ്മിലെ പോരാട്ടം തുടങ്ങുന്നത്.
ഷാർജ കപ്പിെൻറ നൊസ്റ്റാൾജിയ അയവിറക്കുന്നവർക്കായി 24നാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ഇരു ടീമുകളുടെയും ആദ്യ മത്സരം കൂടിയാണിത്. ഇതുവരെ ലോകകപ്പിൽ പാകിസ്താനോട് തോറ്റിട്ടില്ലെന്ന ചരിത്രം നിലനിർത്താൻ ഇന്ത്യ ഇറങ്ങുേമ്പാൾ 'സ്വന്തം' മൈതാനത്ത് ചരിത്രം തിരുത്തിക്കുറിക്കാമെന്നതാണ് പാക് പ്രതീക്ഷകൾ. 31ന് ന്യുസിലൻഡിനെതിരായ ഇന്ത്യയുടെ മത്സരവും ആവേശപ്പോരാട്ടമാകും. കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇതുവരെ മറന്നിട്ടില്ല.
ഐ.പി.എൽ നടക്കുന്നതിനാൽ പ്രധാന താരങ്ങളെല്ലാം യു.എ.ഇയിലുണ്ട്. രാജ്യത്തെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരാൻ ഇത് സഹായിച്ചിട്ടുണ്ട്. തണുപ്പ് കാലം തുടങ്ങുന്നതിനാൽ വിദേശ താരങ്ങൾക്ക് യു.എ.ഇയിലെ കാലാവസ്ഥ വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല. മഴക്ക് സാധ്യതയുണ്ടെങ്കിലും കളിയെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. ടീമുകൾ യു.എ.ഇയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഐ.പി.എല്ലിനെ അപേക്ഷിച്ച് പകുതിയിലും താഴെയാണ് ടിക്കറ്റ് നിരക്ക്. ഷാർജയിൽ 30 ദിർഹം മുതൽ തുടങ്ങുന്നു ടിക്കറ്റ്. എന്നാൽ, പ്രധാന മത്സരങ്ങളിലെെയല്ലാം കുറഞ്ഞ ടിക്കറ്റുകൾ വിറ്റുതീർന്നു. 60, 100, 200 മുതലുള്ള ടിക്കറ്റുകളാണ് ഇപ്പോൾ ലഭ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.