അൽ ഖൂസിലെ കൊലപാതകം: നാലുപേർക്ക് അഞ്ചുവർഷം തടവ്
text_fieldsദുബൈ: നവംബറിൽ അൽഖൂസിൽ ഒരാൾ കൊല്ലപ്പെടാനിടയാക്കിയ സംഭവത്തിൽ നാലു പ്രതികൾക്ക് ദുബൈ ക്രിമിനൽ കോടതി അഞ്ചുവർഷം വീതം തടവുശിക്ഷ വിധിച്ചു. രണ്ടു സംഘങ്ങൾ കത്തിയും വാളുമായി പരസ്പരം ഏറ്റുമുട്ടിയ സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടതിന് പുറമെ മറ്റൊരാൾക്ക് ഗുരുതര പരിക്കുമേറ്റിരുന്നു. പ്രതികളിൽ മൂന്നുപേർ ആഫ്രിക്കൻ വംശജരും ഒരാൾ ഏഷ്യക്കാരനുമാണ്. തടവ് കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. അൽ ഖൂസിലെ ഒരു റസ്റ്റാറന്റ് മാനേജറാണ് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ സംബന്ധിച്ച് പൊലീസിനെ അറിയിച്ചത്.
ഇരു സംഘത്തിൽപെട്ടവരും ആയുധം ഉപയോഗിച്ച് മുറിവേൽപിക്കുന്നത് കണ്ടതായാണ് സാക്ഷിയായ ഇയാൾ റിപ്പോർട്ട് നൽകിയത്. തുടർന്ന് സി.ഐ.ഡി സംഘം നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടുകയായിരുന്നു. ഇരു സംഘങ്ങളും അനധികൃതമായി മദ്യവ്യാപാരം നടത്തിയിരുന്നതായി കോടതിയിൽ സമ്മതിച്ചു. അതേസമയം, കൊലപാതകം മനഃപൂർവമായിരുന്നില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും പ്രതികൾ കോടതിയെ ബോധിപ്പിച്ചു. കേസിലെ നാലാം പ്രതിയാണ് ആയുധങ്ങൾ നൽകിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.