ദുബൈ എക്സ്പോയുടെ ഹൃദയം കവർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsദുബൈ: എക്സ്പോയുടെ നടുത്തളം വെള്ളിയാഴ്ച ചെറിയൊരു ഓൾഡ് ട്രഫോഡായി മാറുകയായിരുന്നു. അൽവസ്ൽ ഡോമിൽ തിങ്ങിക്കൂടിയ ആയിരങ്ങൾക്ക് നടുവിലേക്ക് ആവേശത്തിന്‍റെ ബൈസൈക്ക്ൾ കിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തി.
ഓട്ടോഗ്രാഫ് ഒപ്പുവെച്ചും സെൽഫിയെടുത്തും അവർക്കൊപ്പം ചേർന്നതോടെ സാന്റിയാഗോ ബർണബ്യൂവിലെയും ഓൾഡ് ട്രാഫോഡിലെയും കാണികളെ പോലെ അവരും താളത്തിൽ ആർത്തുവിളച്ചു, ക്രിസ്റ്റ്യാനോ, ക്രിസ്റ്റ്യാനോ...
അൽവസ്ൽ ഡോമിന്‍റെ നടുത്തളത്തിലേക്കായിരുന്നു താരത്തിന്‍റെ മാസ് എൻട്രി. മൂന്ന് മണിക്ക് സി.ആർ സെവൻ എത്തുമെന്നറിഞ്ഞതോടെ ഉച്ച മുതൽ തന്നെ ഡോമിനുള്ളിൽ ആരാധകർ ഇടംപിടിച്ചിരുന്നു. 3.45ഓടെ ക്രിസ്റ്റ്യാനോ എത്തി.
ക്രിസ്റ്റ്യാനോ എന്ന ആർപ്പുവിളിയോടെയാണ് അവർ താരത്തെ എതിരേറ്റത്. 192 രാജ്യങ്ങളിലുള്ളവരാണ് നിങ്ങളെ കാണാൻ ഇവിടെയെത്തിയിരിക്കുന്നതെന്ന് അവതാരകൻ പറഞ്ഞപ്പോൾ അവരാണ് എന്‍റെ ശക്തിയും ഊർജവും എന്നായിരുന്നു താരത്തിന്‍റെ മറുപടി.
തന്‍റെ ഏറ്റവും ഇഷ്ട നഗരമാണ് ദുബൈ. എല്ലാ വർഷവും ഇവിടെ വരാറുണ്ട്. ദുബൈ ചെയ്യുന്നതെന്തും അതിശയകരവും ആകർഷകവുമാണ്. അതുകൊണ്ട് തന്നെ ദുബൈയുടെ നേട്ടങ്ങളിൽ എനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
15 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് ക്രിസ്റ്റ്യാനോ മടങ്ങിയത്. ദുബൈക്ക് പുറമെ ഒമാൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരും എത്തിയിരുന്നു. റൊണാൾഡോയുടെ പോർച്ചുഗലിലെയും മാഞ്ചസ്റ്റർ യുനൈറ്റഡിലെയും റയൽ മഡ്രിഡിലെയും ജഴ്സിയണിഞ്ഞാണ് ഭൂരിപക്ഷം പേരും എത്തിയത്. വേദിയിലേക്ക് കയറിവന്ന കുട്ടികൾക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടുനൽകുകയും അവർക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.
ദിവസങ്ങളായി ദുബൈയിലുള്ള ക്രിസ്റ്റ്യാനോ ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി ബുർജ് ഖലീഫയിലൂടെയാണ് ജീവിത പങ്കാളി ജോർജീന റോഡ്രിഗസിന് ജന്മദിനാശംസകൾ നേർന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരെയും സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.