കെ.എം.സി.സി യോഗങ്ങളിൽ ലീഗ് നേതൃത്വത്തിനെതിരെ വിമർശനം
text_fieldsദുബൈ: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ കെ.എം.സി.സി യോഗങ്ങളിൽ രൂക്ഷ വിമർശം. വ്യക്തി താൽപര്യവും ഗ്രൂപ്പ് കളിയും സജീവമാണെന്നാണ് യോഗങ്ങളിൽ പ്രധാനമായും ആരോപണമുയർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സംഘടനാ തലത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും നയപരിപാടികളെ കുറിച്ചും നിർദ്ദേശങ്ങൾ സമർപ്പിക്കാൻ യൂത്ത് ലീഗ്, എം.എസ്.എഫ് , കെ.എം.സി.സി തുടങ്ങിയ പോഷക സംഘടനകളോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ ഭാഗമായി യു.എ.ഇ കെ.എം.സി.സി കീഴ്ഘടകങ്ങൾക്കയച്ച സർക്കുലർ പ്രകാരം ചേർന്ന യോഗങ്ങളിലാണ് വിമർശനമുയർന്നത്. അതേസമയം, ലീഗ് നേതൃത്വത്തെ അനുകൂലിച്ചും ഒരുപക്ഷം മുന്നോട്ടുവന്നു.
ലീഗിൽ വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഗ്രൂപ്പിസം പ്രോത്സാഹിപ്പിക്കുകയാണെന്നും ഓരോ പക്ഷത്തും ഉന്നത നേതാക്കളാണ് കക്ഷി ചേർന്നിട്ടുള്ളതെന്നും ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കുന്ദമംഗലം സീറ്റുകളിൽ സ്വതന്ത്ര വേഷം കെട്ടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതായി. ഇതിെൻറ പ്രതിഫലനം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും ഉണ്ടായി. കൊടുവള്ളിയിൽ എം.കെ. മുനീർ അല്ലായിരുന്നെങ്കിൽ ആ സീറ്റും കൈവിട്ടു പോയി ജില്ലയിൽ പാർട്ടി സംപൂജ്യമാകുമായിരുന്നു എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങൾ നഷ്ടമായത് പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കാരണമാണെന്നും ആരോപണമുയർന്നു.
വെള്ളിയാഴ്ച ചേർന്ന ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുയർന്നത്. ദുബൈ കെ.എം.സി.സി നേതൃത്വത്തിനെതിരെയും വിമർശനം ഉയർന്നു. പ്രശ്നങ്ങൾ മൂന്ന് വർഷത്തിലേറെയായി പരിഹരിക്കാതെ കിടക്കുകയാണ്. പാർട്ടി മുഖപത്രമായ ചന്ദ്രിക യു.എ.ഇയിൽ പ്രസിദ്ധീകരണം മുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും തുറക്കാൻ നടപടിയുണ്ടായിട്ടില്ല. അഞ്ചിലേറെ തവണ നിയമസഭയിൽ അംഗങ്ങളായിരുന്നവർ കഴിഞ്ഞ തെരഞ്ഞെടുപ്പിലും അധികാരമോഹത്താൽ മത്സരത്തിനിറങ്ങിയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കാര്യങ്ങൾ ഏകോപിപ്പിക്കാനും നേതൃത്വം കൊടുക്കാനും ആളില്ലാതായത് പരാജയത്തിെൻറ ആക്കം വർദ്ധിപ്പിച്ചെന്നും യോഗം അഭിപ്രായപ്പെട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചതിനെയും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിവാക്കി കെ.പി.എ മജീദ് തിരൂരങ്ങാടിയിൽ മത്സരിച്ചതിനെയും വിമർശിച്ച് ചിലർ സംസാരിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഒ.കെ ഇബ്രാഹിം, സംസ്ഥാന സെക്രട്ടറി ഹസൻ ചാലിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഘടനാ ചർച്ചയും വിമർശനങ്ങളും നടന്നത്.
അതേസമയം, ലീഗിനെ മുന്നിൽ നിന്ന് നയിക്കാൻ പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള നയചാതുരി മറ്റുള്ള നേതാക്കൾക്കില്ലെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. കുഞ്ഞാലിക്കുട്ടി രാജി വെച്ച ലോക്സഭാ സീറ്റിൽ യുവ നേതാക്കളെ ആയിരുന്നു പരിഗണിക്കേണ്ടിയിരുന്നതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.