മര്‍ജാന്‍ ഐലന്‍റില്‍ കോടികളുടെ നിക്ഷേപ പദ്ധതി: ഒരുങ്ങുക വമ്പന്‍ സംയോജിത റിസോര്‍ട്ട്
text_fieldsറാസല്‍ഖൈമ: മനുഷ്യ നിര്‍മിത ദ്വീപായ റാക് അല്‍ മര്‍ജാനില്‍ കോടിക്കണക്കിന് ഡോളര്‍ ചെലവില്‍ സംയോജിത റിസോര്‍ട്ട് പദ്ധതി നടപ്പാക്കുന്നു. 2026ല്‍ പണി പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ ധാരണ പത്രത്തില്‍ അന്താരാഷ്ട്ര രംഗത്തെ പ്രശസ്തരായ വൈന്‍ റിസോര്‍ട്ട് (Wynn Resort) സി.ഇ.ഒ ക്രാല്‍ഗ് ബില്ലിങ്ങ്സും മര്‍ജാന്‍ സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലിയും ഒപ്പുവെച്ചതായി അധികൃതര്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റ് ആൻഡ് നോര്‍ത്ത് ആഫ്രിക്ക (മിന) റീജ്യനിലെ വൈന്‍ റിസോര്‍ട്ടിന്റെ ആദ്യ സംരംഭമാണ് റാസല്‍ഖൈമ മര്‍ജാന്‍ ഐലന്‍റ് കേന്ദ്രീകരിച്ച് പ്രഖ്യാപിച്ചിരിക്കുന്ന വമ്പന്‍ പദ്ധതി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം വിനോദ സ്ഥലങ്ങള്‍, പത്തിലേറെ റസ്റ്റാറന്‍റുകള്‍, കണ്‍വെന്‍ഷന്‍ സെന്‍റര്‍, സ്പാ സെന്‍റര്‍, ഷോപ്പിങ് മാള്‍, ആയിരത്തിലേറെ മുറികളുള്ള ആഡംബര ഹോട്ടല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ആഗോളതലത്തില്‍ വൈന്‍ റിസോര്‍ട്ടിന്റെ പ്രഥമ ബീച്ച് റിസോർട്ടാണ് റാസല്‍ഖൈമയില്‍ ഒരുങ്ങുക. റാസല്‍ഖൈമയിലെ വന്‍ വികസന പദ്ധതിയെന്ന നിലയില്‍ സര്‍വ മേഖലയിലും ഉണര്‍വ് നല്‍കുമെന്ന് മര്‍ജാന്‍ സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി അഭിപ്രായപ്പെട്ടു. വിനോദ മേഖലക്ക് ഊര്‍ജം നല്‍കുന്നതിനൊപ്പം തൊഴില്‍ വിപണി സൃഷ്ടിക്കുകയും ചെയ്യും. പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ് നല്‍കുന്ന പദ്ധതി വ്യത്യസ്ത മേഖലകളുടെ വളര്‍ച്ചക്ക് സഹായിക്കും. ലോകോത്തര സംയോജിത റിസോര്‍ട്ട് കമ്പനികളിലൊന്നായ വൈന്‍ റിസോര്‍ട്ടുമായി പങ്കാളികളാകുന്നതില്‍ അഭിമാനമുണ്ടെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് കരുത്ത് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിക്ഷേപകരും സഞ്ചാരികളും ഒരു പോലെ ഇഷ്ടപ്പെടുന്നയിടമാണ് റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ഐലന്‍റ്. നാലര കിലോമീറ്ററോളം കടല്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പവിഴദ്വീപുകള്‍. പൂര്‍ണമായും മനുഷ്യ നിര്‍മിതമായ പവിഴദ്വീപുകള്‍ക്ക് ബ്രീസ്, ട്രഷര്‍, ഡ്രീം, വ്യൂ എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്. 2.8 ലക്ഷം ചതുരശ്ര വിസ്തൃതിയുള്ള പ്രദേശം റാസല്‍ഖൈമയുടെ റവന്യൂ നേട്ടത്തിന്റെ മുഖ്യ സ്രോതസ്സാണ്. പരിസ്ഥിതി സൗഹൃദമാണ് റാക് ടൂറിസം വികസന വകുപ്പിന്‍റെ മേല്‍ നോട്ടത്തില്‍ അല്‍ മര്‍ജമാന്‍ ഐലന്‍റിലെ നിര്‍മാണ പ്രവൃത്തികള്‍. മെട്രോ പൊളിറ്റന്‍ ടൗണ്‍ഷിപ്പായ ദ്വീപ് പ്രദേശം ലോക സഞ്ചാരികള്‍ക്കൊപ്പം തദ്ദേശീയരുടെയും ഇഷ്ട കേന്ദ്രമാണ്.
രാജ്യത്തിന്റെ തുറന്ന സാമ്പത്തിക നയമാണ് ഈ മേഖലയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായ വികസന പദ്ധതികളാണ് അല്‍ മര്‍ജാന്‍ ഐലന്‍റ് കേന്ദ്രീകരിച്ച് നടക്കുന്നത്. റാക് വിനോദ വികസന വകുപ്പിന്‍റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നിലവില്‍ മര്‍ജാനില്‍ ആഡംബര ഹോട്ടല്‍ മുറികള്‍ 1600ലേറെ വരും. രണ്ടായിരത്തിലേറെ റസിഡന്‍ഷ്യല്‍ യൂനിറ്റുകളുണ്ട്. പര്‍വത നിരകളും മരുഭൂമിയും കടല്‍ തീരവും നിരപ്പായ സമതലവുമുള്‍ക്കൊള്ളുന്ന അതുല്യ ഭൂപ്രകൃതിയുള്ള റാസല്‍ഖൈമയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ആഡംബര സൗകര്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതും മുഖ്യ ഘടകമാണ്.
വിനോദമേഖലയിൽ പുതുവഴി തുറക്കാന്‍ റാക് ടി.ഡി.എ
റാസല്‍ഖൈമ: നവീനപദ്ധതികള്‍ ആവിഷ്കരിച്ച് വിനോദ മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ ഡിവിഷന്‍ പ്രഖ്യാപിച്ച് റാക് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റി (റാക് ടി.ഡി.എ).
സംയോജിത റിസോര്‍ട്ടുകളുടെ നിയന്ത്രണം, പ്രാദേശികവും ലോകോത്തരവുമായ കായിക-വിനോദങ്ങളുടെ പ്രയോഗവത്കരണം തുടങ്ങിയവയായിരിക്കും പ്രധാനമായും ഉപ വകുപ്പിന്‍റെ പ്രവര്‍ത്തനമേഖലയെന്ന് റാക് ടി.ഡി.എ സി.ഇ.ഒ റാക്കി ഫിലിപ്സ് പറഞ്ഞു. ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, റസ്റ്റാറന്‍റുകള്‍, സ്പാ, റീട്ടെയില്‍ ആൻഡ് ഗെയിം തുടങ്ങിയവ സംയോജിത റിസോര്‍ട്ടുകളുടെ പരിധിയില്‍പെടും.
റാസല്‍ഖൈമയുടെ സാമൂഹികവും സാംസ്കാരികവും പാരിസ്ഥിതികവുമായ ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികളായിരിക്കും ലൈസന്‍സിങ്, നികുതി പ്രവര്‍ത്തന നടപടിക്രമങ്ങളില്‍ സ്വീകരിക്കുക.
എല്ലാ തലങ്ങളിലും ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്തിയുള്ള ഗെയിമിങ് ഉറപ്പാക്കുന്നതിനായിരിക്കും പുതിയ ഡിവിഷന്‍റെ മുന്‍ഗണനയെന്നും റാക് ടി.ഡി.എ വൃത്തങ്ങള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.