ബെൽബസെം പ്ലാന്റിൽ ക്രൂഡ് ഓയിൽ ഉൽപാദനം തുടങ്ങി
text_fieldsഅബൂദബി: എമിറേറ്റിലെ ബെൽബസെം പ്ലാന്റിൽ ക്രൂഡ് ഓയിൽ ഉൽപാദനം ആരംഭിച്ചു. അഡ്നോകും ചൈന നാഷനൽ പെട്രോളിയം കോർപറേഷനും ചേർന്നുള്ള സംയുക്ത സ്ഥാപനമായ അൽ യസാത് പെട്രോളിയം ആണ് ബെൽബസെം പ്ലാന്റിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. പ്രതിദിനം 45,000 ബാരൽ ക്രൂഡ് ഓയിലും 28 ദശലക്ഷം ക്യൂബിക് അടി വാതകവും ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണിതെന്ന് അഡ്നോക് പ്രസ്താവനയിൽ അറിയിച്ചു. അബൂദബി നഗരത്തില്‍നിന്ന് 120 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബെല്ബസെം ബ്ലോക്കില്‍ ബെല്ബസെം, ഉമ്മുല്‍ സല്‍സാല്‍, ഉമ്മുല്‍ ദോലോ എന്നീ മൂന്ന് കടൽത്തീര പ്ലാന്റുകളാണുള്ളത്.
പുതിയ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതിലൂടെ 2027ഓടെ ക്രൂഡ് ഓയിൽ ഉൽപാദനം പ്രതിദിനം 50 ലക്ഷം ക്യൂബിക് അടിയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം. യു.എ.ഇയുടെ ‘വാതക സ്വയംപര്യാപ്തത’ ലക്ഷ്യത്തിന് പദ്ധതി സഹായകമാവുമെന്നാണ് വിലയിരുത്തൽ. നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയാണ് പ്ലാന്റിന്റെ പ്രവർത്തനം. സംഭരണകേന്ദ്രത്തിലെ ഡേറ്റകൾ വിലയിരുത്തുന്നതിനും സുരക്ഷിത പ്രവർത്തനം ഉറപ്പുവരുത്തുന്നതിനും എ.ഐ സാങ്കേതിക വിദ്യകൾ സഹായകമാണ്.
പ്രാദേശികമായും അന്തർ ദേശീയമായും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഊര്‍ജ വിതരണം ഉറപ്പാക്കുന്നതിനും കാർബൺ ഉപഭോഗം കുറക്കാനുമാണ് ഇത്തരം പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഡ്നോക് അപ്സ്ട്രീം എക്സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുൽ മുനിം സെയ്ഫ് അല്‍ കിന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.