സ്വകാര്യ സ്കൂളുകളുടെ ഫീസ് വർധനക്ക് കടിഞ്ഞാൺ
text_fieldsഅബൂദബി: സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് വർധനക്ക് പരിധി നിശ്ചയിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്. അസാധാരണ സാഹചര്യങ്ങളില്‍ പോലും 15 ശതമാനത്തില്‍ കൂടുതല്‍ ട്യൂഷന് ഫീസ് വര്‍ധിപ്പിക്കാൻ പാടില്ലെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) വ്യക്തമാക്കി. അത്യപൂർവ സാഹചര്യങ്ങളിൽ ഫീസ് വർധനക്ക് അനുമതി ലഭിക്കാൻ നിരവധി നിബന്ധനകൾ പാലിക്കേണ്ടിവരും.
വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കിയാവും ഫീസ് വര്‍ധന അംഗീകരിക്കുക. കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സാമ്പത്തിക നഷ്ടമുണ്ടായതായി സ്കൂളുകള്‍ ബോധ്യപ്പെടുത്തുകയും ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം. മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാവണം സ്കൂള്‍, സാധുവായ ലൈസന്‍സ്, 80 ശതമാനമെങ്കിലും ഹാജർ എന്നീ വ്യവസ്ഥകളും പാലിക്കണം. ഫീസ് വര്‍ധന അനുമതി ലഭിച്ചാലും അക്കാദമിക് വര്‍ഷത്തില്‍ ഒരു തവണ മാത്രമേ വര്‍ധിപ്പിക്കാനാകു.
മൂന്ന് തവണകളായോ വർഷത്തിൽ 10 തവണകളായോ ഫീസ് ഈടാക്കാം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് ഒരുമാസം മുമ്പ് രജിസ്ട്രേഷൻ ഫീസിന്റെ ആദ്യ ഘഡു വാങ്ങാവുന്നതാണ്. ട്യൂഷന് ഫീസിന്റെ അഞ്ചുശതമാനം വരെയേ രജിസ്ട്രേഷന് ഫീസായി വാങ്ങാവൂ. അധ്യയന വര്‍ഷം തുടങ്ങുന്നതിന് നാലു മാസം മുമ്പ് വരെ രജിസ്ട്രേഷൻ ഫീസ് വാങ്ങാം. ഈ തുക അവസാന ട്യൂഷന് ഫീസിൽ നിന്ന് കുറക്കണം.
ഫീസിനു പകരമായി രക്ഷിതാക്കളിൽനിന്ന് സാമ്പത്തികമായ മറ്റ് ഈടുകൾ ആവശ്യപ്പെടരുത്. വിദ്യാര്‍ഥിക്ക് സ്കൂളില്‍ അഡ്മിഷന് എടുക്കുന്നതിനു മുന്നോടിയായി രക്ഷിതാക്കളിൽ നിന്ന് മുന്‍കൂര്‍ പണം വാങ്ങാനോ ആദ്യ തവണത്തെ രജിസ്ട്രേഷന് ഫീസ് അടക്കാനോ ആവശ്യപ്പെടരുത്.
ജീവനക്കാരുടെ മക്കളെ സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് പ്രത്യേക ഫീസ് ഇളവ് നല്കുന്നുണ്ടെങ്കില് ഇക്കാര്യം തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ആറ് വിഭാഗങ്ങളായാണ് ട്യൂഷൻ ഫീസ് തരം തിരിച്ചിരിക്കുന്നത്. ട്യൂഷന് ഫീസ്, എജുക്കേഷനല്‍ റിസോഴ്സ് ഫീസ്, യൂനിഫോം ഫീസ്, ട്രാന്പോര്ട്ടേഷന് ഫീസ്, എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി ഫീസ്, മറ്റു ഫീസുകള്‍ എന്നിവയാണ് ഇവ. ബോര്‍ഡ് പരീക്ഷകൾക്കായി അഡ്മിനിസ്ട്രേറ്റിവ് ഫീസ് ഈടാക്കാന്‍ പുതിയ നയം അനുമതി നല്‍കുന്നുണ്ട്.
രേഖകളുടെ പൂര്‍ത്തീകരണം, മേല്‍നോട്ടം, മെയിലിങ് തുടങ്ങിയ ചെലവുകള്‍ക്ക് തുല്യമായിരിക്കണം ഈ തുക. എംബസി അഫിലിയേറ്റഡ് സ്കൂളുകള്‍ എംബസിയില്‍ അഫിലിയേഷന് ഉള്ള സ്വകാര്യ സ്കൂളുകള്‍ക്ക് അസാധാരണമായ ഫീസ് വര്‍ധനക്ക് അനുമതി നല്‍കുന്നുണ്ട്. കൂടാതെ സ്കൂളുകള്‍ ഫീസ് ഷെഡ്യൂള്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം.
സ്കൂൾ റേറ്റിങ് പരിശോധനകളെ അടിസ്ഥാനമാക്കിയാണ് സാധാരണ സാഹചര്യങ്ങളിൽ ഫീസ് വര്‍ധന നടത്തേണ്ടത്. ഔട്ട്സ്റ്റാന്‍ഡിങ് റേറ്റിങ്ങിന് ട്യൂഷന് ഫീസിന്റെ 3.94 ശതമാനം വരെയും വെരിഗുഡ് റേറ്റിങ്ങിന് 3.3.8 ശതമാനവും ഗുഡ് റേറ്റിങ്ങിന് 2.81 ശതമാനവും അക്സപ്റ്റബ്ള്, വീക്ക്, വെരിവീക്ക് റേറ്റിങ് ലഭിച്ച സ്കൂളുകള്‍ക്ക് പരമാവധി 2.25 ശതമാനവും ഫീസ് വര്‍ധന നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.