കസ്റ്റംസ് ബാഗേജ് ഡിക്ലറേഷനിൽ ഭേദഗതി വേണം -ഷാർജ കെ.എം.സി.സി മങ്കട മണ്ഡലം
text_fieldsദുബൈ: പ്രവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ വ്യവസ്ഥയിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് ഷാർജ മങ്കട നിയോജക മണ്ഡലം കെ.എം.സി.സി കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
2016ൽ ഇറക്കിയ ബാഗേജ് ഡിക്ലറേഷൻ വ്യവസ്ഥ ഇപ്പോഴും അതേപടി തുടരുന്നതിനാൽ പ്രവാസികൾക്ക് തീരുവയില്ലാതെ സ്വർണാഭരണം കൊണ്ടുപോകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 2016ലെ വ്യവസ്ഥ അനുസരിച്ച് വിദേശത്ത് ഒരു വർഷം താമസിച്ച് മടങ്ങുന്ന പുരുഷന്മാർക്ക് 20 ഗ്രാം സ്വർണാഭരണവും സ്ത്രീക്ക് 40 ഗ്രാം സ്വർണാഭരണവും കൊണ്ടുപോകാൻ അനുമതിയുണ്ട്. എന്നാൽ, 20 ഗ്രാം സ്വർണാഭരണത്തിന് 50,000 രൂപയും 40 ഗ്രാം സ്വർണാഭരണത്തിന് ഒരു ലക്ഷം രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിട്ടുള്ളത്.
ഇതിൽ കൂടിയാൽ ഇറക്കുമതി തീരുവ അടക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, സ്വർണവില ദിനംപ്രതി വർധിക്കുകയും നിലവിൽ ഗ്രാമിന് 7500 രൂപയിലെത്തിയിരിക്കുകയാണ്.
ഇതോടെ 50,000 രൂപക്ക് എട്ട് ഗ്രാം പോലും ലഭിക്കാത്ത സാഹചര്യമാണ്. നിലവിലെ നിയമം അനുസരിച്ച് 20 ഗ്രാം തൂക്കമുള്ള ആഭരണവുമായി വിമാനത്താവളത്തിൽ എത്തുന്ന സാധാരണക്കാരായ പ്രവാസികൾ കസ്റ്റംസ് പരിശോധനയിൽ പിടിക്കപ്പെടുകയും കേസിൽ അകപ്പെടുകയുമാണ്.
വിലയുടെ അന്തരം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നതായി ഷാർജ കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് അഡ്വ. അഷ്റഫ് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാദിഖ് വലംപൂര് സ്വാഗതവും ട്രഷറർ സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.