സൈബർ ആക്രമണം; ജാഗ്രത വേണമെന്ന് അധികൃതർ
text_fieldsദുബൈ: സൈബർ ആക്രമണങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ സൈബർ സുരക്ഷ കൗൺസിൽ പൊതു, സ്വകാര്യ മേഖലകളോട് ആവശ്യപ്പെട്ടു. ദേശീയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ആസ്തികളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ആക്രമണങ്ങളെ മുൻകൂട്ടികണ്ട് ഡേറ്റ പങ്കിടുന്നതിന് യോഗ്യതയുള്ള സംവിധാനങ്ങളുമായി സഹകരിച്ച് സൈബർ എമർജൻസി റെസ്പോൺസ് സിസ്റ്റം സജീവമാക്കാൻ പൊതു, സ്വകാര്യ സ്ഥാപനങ്ങളോട് കൗൺസിൽ ആവശ്യപ്പെട്ടു. വിവിധ രംഗങ്ങളിൽ സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
സൈബർ സംരക്ഷണ സംവിധാനങ്ങളും നയങ്ങളും നടപ്പിലാക്കുകയും സൈബർ സംവിധാനങ്ങൾക്ക് ഹാനികരമാകുന്ന സംശയാസ്പദമായ ഇലക്ട്രോണിക് പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യണമെന്നും കൗൺസിൽ പൊതു, സ്വകാര്യ മേഖലകളോട് അഭ്യർഥിച്ചു.
സുരക്ഷിത ഡിജിറ്റൽ സാഹചര്യം സൃഷ്ടിക്കുന്നതിനും സൈബർ മേഖലയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നിരവധി പദ്ധതികളും നയങ്ങളും യു.എ.ഇ സ്വീകരിച്ചുവരുന്നുണ്ട്. പ്രതിദിനം 50,000 സൈബർ ആക്രമണങ്ങൾ വരെ യു.എ.ഇ തടയുന്നുണ്ടെന്ന് യു.എ.ഇ സൈബർ സുരക്ഷ കൗൺസിൽ തലവൻ മുഹമ്മദ് ഹമദ് അൽ കുവൈത്തി വെളിപ്പെടുത്തി.
ബാങ്കിങ്, ധനകാര്യം, ആരോഗ്യം, പെട്രോളിയം, ഗ്യാസ് എന്നീ മേഖലകളാണ് ഏറ്റവും കൂടുതൽ സൈബർ ആക്രമണം ലക്ഷ്യമിടുന്നതെന്നും രാജ്യത്തിന്റെ ഡിജിറ്റൽ മേഖലയെ സംരക്ഷിക്കുന്നതിനായി മുൻകരുതൽ സ്വീകരിച്ച് കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയന്റെ ഗ്ലോബൽ സൈബർ സുരക്ഷ സൂചികയിൽ 193 രാജ്യങ്ങളിൽ ലോകത്ത് അഞ്ചാംസ്ഥാനത്താണ് യു.എ.ഇയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.